കണ്ണൂർ വിമാനത്താവളം മുഖ്യ അജണ്ടയാവണം
text_fieldsകണ്ണൂരിനെ സംബന്ധിച്ച് ഏറ്റവും പ്രധാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ്. കേന്ദ്ര സർക്കാറിന്റെ പോയന്റ് ഓഫ് കോൾ പദവി ലഭിക്കാത്തതിനാൽ വിദേശവിമാന കമ്പനികൾക്ക് കണ്ണൂരിൽനിന്ന് സർവിസ് നടത്താൻ കഴിയുന്നില്ല. രണ്ടേരണ്ട് വിമാനക്കമ്പനികളാണ് ഇപ്പോൾ കണ്ണൂരിൽനിന്ന് ഗൾഫ് മേഖലയിലേക്ക് സർവിസ് നടത്തുന്നത്. വടക്കെ മലബാറിനെ ആശ്രയിക്കുന്ന ആയിരങ്ങളാണ് വിദേശത്ത്, പ്രത്യേകിച്ച് ഗൾഫ് നാടുകളിലുള്ളത്.
സൗകര്യങ്ങളിൽ സംസ്ഥാനത്തെ മുൻനിര വിമാനത്താവളങ്ങളോട് കിടപിടിക്കുന്നതാണ് കണ്ണൂർ വിമാനത്താവളം. എന്നിട്ടും ഇത്തരമൊരു ദുരവസ്ഥയുണ്ടായത് നിർഭാഗ്യകരമാണ്. ഇതിന് പരിഹാരം ഉണ്ടാവണം. അത് നേടിയെടുക്കാനുള്ള സമ്മർദശക്തിയാവട്ടെ നമ്മുടെ ജനപ്രതിനിധികൾ.
പാർലമെന്റിൽ മുഴങ്ങേണ്ടത്...
നമ്മുടെ നാടിന്റെ ആവശ്യം കൃത്യമായി അറിയുകയും അത് പാർലമെന്റിൽ ഭംഗിയായി അവതരിപ്പിക്കാൻ കഴിയുന്നയാളും ആയിരിക്കണം തെരഞ്ഞെടുക്കപ്പെടേണ്ടത്. വികസനത്തിൽ നമ്മുടെ നാടിന് ഇനിയുമേറെ കുതിക്കാനുണ്ട്. അത്തരം ആവശ്യങ്ങൾ നേടിയെടുക്കാൻ പ്രാപ്തനായിരിക്കണം എം.പി. കഴിവും സാമർഥ്യവുമുള്ള ജനപ്രതിനിധി തെരഞ്ഞെടുക്കപ്പെടുന്നതിലൂടെ വലിയൊരു കുറവാണ് പരിഹരിക്കപ്പെടുക.
കൂടുതൽ ട്രെയിനുകളും കണ്ണൂരിലേക്ക് എത്തേണ്ടതുണ്ട്. റെയിൽവേ സ്റ്റേഷനുകൾ ആധുനികവത്കരിക്കേണ്ടതുണ്ട്. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ആവശ്യങ്ങളായി പാർലമെന്റിൽ മുഴങ്ങണം.
വികസനത്തിനാവട്ടെ വോട്ട്
ജനാധിപത്യ പ്രക്രിയയിൽ പൗരന്റെ ഏറ്റവും പ്രധാനമായ സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കാൻ നമുക്ക് കഴിയണം. നാടിന്റെ വികസനം തന്നെയാണ് പ്രധാനം. വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിൽ രാജ്യത്ത് മുൻനിരയിലുള്ള കേരളത്തിന് ഇനിയുമേറെ മുന്നോട്ടുപോവാനുണ്ട്.
എയിംസ് പോലുള്ള രാജ്യത്തെ മുൻനിര ആശുപത്രികൾ നമുക്ക് ഉണ്ടാവേണ്ടതുണ്ട്. ഇതെല്ലാം നേടിയെടുക്കാനും പാർലമെന്റിൽ നമ്മുടെ ആവശ്യങ്ങൾ ഒരു വിട്ടുവീഴ്ചയുമില്ലാതെ ചോദിച്ച് വാങ്ങാനും നേടിയെടുക്കാനും നമ്മുടെ ജനപ്രതിനിധികൾക്ക് കഴിയണം. ഇതിനെല്ലാം ആവട്ടെ നമ്മുടെ വിലപ്പെട്ട വോട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.