കണ്ണൂര്‍ വിമാനത്താവളം: യാത്രികരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം കോവിഡ് കാലഘട്ടത്തില്‍ മറ്റൊരു ചരിത്രമായി. നവംബര്‍ 20ന് കണ്ണൂരില്‍നിന്നു ദോഹയിലേക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ രാത്രി 11.31ന് യാത്ര ചെയ്ത ഖത്തര്‍ ആര്‍മിയിലെ വളപട്ടണം സ്വദേശിയായ എ. ജരീഷ് എന്ന യാത്രികനിലൂടെ രണ്ടു മില്യണ്‍ യാത്രക്കാര്‍ എന്ന നേട്ടമാണ് വിമാനത്താവളം കൈവരിച്ചത്. ജരീഷിനൊപ്പം ഭാര്യ അഷ്ജാന്‍ അന്‍വര്‍, മക്കളായ അയാന്‍ ജരീഷ്, സീവ ജരീഷ് എന്നിവരുമുണ്ടായിരുന്നു.
ഉദ്ഘാടനംചെയ്ത് കേവലം 23 മാസം കൊണ്ടാണ് 20 ലക്ഷം യാത്രക്കാര്‍ എന്നനേട്ടം കണ്ണൂര്‍ വിമാനത്താവളം കൈവരിച്ചത്. 2018 ഡിസംബര്‍ ഒമ്പതിന് പ്രവര്‍ത്തനമാരംഭിച്ച് അടുത്തവര്‍ഷം സെപ്റ്റംബര്‍ 10ന് 10 ലക്ഷം യാത്രികര്‍ എന്ന നേട്ടം വിമാനത്താവളം കൈവരിച്ചിരുന്നു.
ഷെഡ്യൂള്‍ഡ് രാജ്യാന്തര വിമാനങ്ങള്‍ ഇല്ലാത്ത സമയത്തും ആഭ്യന്തര സര്‍വിസുകള്‍ 70 ശതമാനമായി ചുരുങ്ങിയ സമയത്തുമാണ് ഈ നേട്ടം കൈവരിച്ചത്. കോവിഡ് കാലഘട്ടത്തില്‍ ഒരുലക്ഷത്തില്‍പരം പ്രവാസികള്‍ കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ഒമ്പത് വിദേശ വിമാന കമ്പനികളുടെ വിമാനങ്ങളും ഇതിനുവേണ്ടി കണ്ണൂരില്‍ വന്നുപോയി. കോവിഡിനുമുമ്പ് ഇവിടെ 9,13,087 ആഭ്യന്തര യാത്രികരും 8,95,074 അന്താരാഷ്ട്ര യാത്രികരും എത്തിച്ചേര്‍ന്നിരുന്നു.
കോവിഡിനുശേഷം 72,468 ആഭ്യന്തര യാത്രക്കാരും 1,19,371 അന്താരാഷ്ട്ര യാത്രക്കാരുമാണ് എത്തിയത്. ലോക്ഡൗണ്‍ കാലയളവില്‍ വിമാനങ്ങള്‍ ഇല്ലാതായെങ്കിലും ലോക്ഡൗണ്‍ ഇളവിനുശേഷം വന്ദേഭാരത് മിഷനും ആഭ്യന്തര സര്‍വിസിനും അനുമതി ലഭിച്ചതോടെ വിമാനത്താവള പ്രവര്‍ത്തനം പഴയ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട പല നഗരങ്ങളിലേക്കും ആഭ്യന്തര സര്‍വിസുകള്‍ പുനരാരംഭിച്ചു.
ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, ഗോവ, ഹുബ്ലി, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഇപ്പോള്‍ ആഭ്യന്തര സര്‍വിസ് നടക്കുന്നുണ്ട്. വന്ദേഭാരത് മിഷന്‍ സര്‍വിസുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.