മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ മഹാവിപത്തെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പഠന റിപ്പോർട്ട്
text_fieldsകണ്ണൂർ: മൈക്രോ പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പഠന റിപ്പോർട്ടിൽ അർബുദം അടക്കമുള്ള മാരക അസുഖങ്ങൾക്ക് ഇടയാക്കുന്ന മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ മണ്ണിലും ജലത്തിലും വായുവിലും കൂടി വരുന്നതായി കണ്ടെത്തൽ.
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം.കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിനു വേണ്ടി പഠനം നടത്തിയത്. അഴീക്കോട് ചാൽ ബീച്ച് മുതൽ അഴീക്കൽ വരെയുള്ള പ്രദേശത്തെ കുടിവെള്ളവും കടൽ വെള്ളവും പ്രധാനമായും പഠന വിധേയമാക്കിയത്.
ഒരു ലിറ്റർ കടൽ വെള്ളത്തിൽ 2640 മൈക്രോപ്ലാസ്റ്റിക് കണങ്ങൾ വരെ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെക്കാൾ വളരെ കൂടുതലാണ്. നൈലോൺ പോളിസ്റ്റൈറിങ് തുടങ്ങിയവയുടെ നാരുകളാണ് കൂടുതലായും കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ജലത്തിൽ പ്ലാസ്റ്റിക് പെയിന്റുകളുടെ അംശം കൂടുതലായും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പ്ലാസ്റ്റിക് കണങ്ങളുടെ ഓക്സീകരണം കൂടുതലായതിനാൽ ശ്വാസകോശങ്ങളുടെ വായു അറകളെ നശിപ്പിക്കുകയും കരളിലെത്തുന്ന മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ എൻസൈമുകളുടെ ഉൽപാദന പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. ഭ്രൂണ വളർച്ചയിലെ വ്യത്യാസം, ഗർഭാശയ സംബന്ധമായ അസുഖങ്ങൾ, ഉദര സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അർബുദം തുടങ്ങിയവക്ക് മൈക്രോപ്ലാസ്റ്റിക്ക് കാരണമാകുന്നതായി റിപ്പോർട്ടിൽ വിലയിരുത്തലുണ്ട്.
മൈക്രോപ്ലാസ്റ്റിക്കുകൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതിന് നിരവധിയായ കാരണങ്ങൾ പുതിയ ജീവിത ക്രമത്തിലുണ്ടെന്ന് പഠനം പറയുന്നു. കിണർ കപ്പിയിലുപയോഗിക്കുന്ന നൈലോൺ കയറുകൾ, കിണറിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വലകൾ, അടുക്കളയിൽ ഉപയോഗിക്കുന്ന കട്ടിങ് ബോർഡുകൾ, പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബർ, സ്ത്രീകൾ ഉപയോഗിക്കുന്ന ലിപ്സ്റ്റിക് തുടങ്ങിയ നിരവധിയായ കാരണങ്ങളിലൂടെ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ കാരണമാകുന്നതായി റിപ്പോർട്ട് പറയുന്നു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഹരിതകർമ സേനാംഗങ്ങളുടേയും പരിസ്ഥിതി പ്രവർത്തകരുടേയും, ശാസ്ത്ര പ്രവർത്തകരുടേയും സാന്നിധ്യത്തിൽ റിപ്പോർട്ട് പുറത്തിറക്കുന്നു. മൈക്രോപ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട് ഇത്തരമൊരു പഠനവും റിപ്പോർട്ടും കേരളത്താലാദ്യമായാണ് ഒരു തദ്ദേശ സ്ഥാപനത്തിന്റെ മുൻകൈയിൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.