കൺമുന്നിൽ ദമ്പതിമാർ കത്തിയമരുമ്പോൾ നിസ്സഹായതയിൽ അലമുറയിട്ട് നാട്ടുകാർ
text_fieldsകണ്ണൂർ: പ്രസവവേദന കൊണ്ടായിരിക്കണം എമർജൻസി ലൈറ്റിട്ടാണ് ആ കാർ എത്തിയത്. ജില്ല ആശുപത്രിയെത്തുന്നതിന് മീറ്ററുകൾക്ക് മുമ്പ് കാറിൽനിന്ന് പുകയും തൊട്ടുപിന്നാലെ തീയും പടർന്നു. കൂട്ടനിലവിളികൾക്കിടയിൽ അന്ധാളിച്ചുപോയ നാട്ടുകാർ കാറിനടുത്തേക്ക് പാഞ്ഞടുത്തു. ആളിപ്പടരുന്ന തീ കണ്ട് നിസ്സഹായരായി കണ്ടുനിന്നവരും നിലവിളിച്ചു.
അതിനിടെ, ഏറെ പണിപ്പെട്ട് പ്രജിത്ത് തന്നെ കാറിന്റെ പിൻവാതിൽ തുറന്ന് നാലുപേരെ പുറത്തിറക്കി. മുൻസീറ്റ് ഡോർ പൊടുന്നനെ ലോക്കായതിനാൽ എത്ര ശ്രമിച്ചിട്ടും തുറക്കാനായില്ല. വലിച്ച് തുറക്കാൻ ശ്രമിക്കുമ്പോഴേക്കും കാറിന്റെ മുൻവശത്തുനിന്ന് വന്ന തീനാളങ്ങൾ റീഷയെയും ഭർത്താവ് പ്രജിത്തിനെയും വിഴുങ്ങിയിരുന്നു... വ്യാഴാഴ്ച രാവിലെ 10.40നാണ് ഹൃദയം കൊത്തിനുറുക്കിയ ഈ കാഴ്ചകൾ.
അച്ഛനും അമ്മയും കത്തിത്തീരുന്നത് അലമുറയിട്ട് കാണാനായിരുന്നു ഏഴുവയസ്സുകാരി ശ്രീപാർവതിയുടെ വിധി. മകളും മരുമകനും അഗ്നിയാവുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് പോലും അറിയാതെ മരവിച്ചുപോയിരുന്നു റീഷയുടെ അച്ഛനമ്മമാർ. നിമിഷങ്ങൾക്കകം എല്ലാം കത്തിയമർന്നപ്പോൾ കണ്ടുനിന്നവരും ഓടിക്കൂടിയവരും വിങ്ങിപ്പൊട്ടി.
വീട്ടിൽ പുതുതായി വരുന്ന കുഞ്ഞുവാവയെ കാണുക കൂടി ലക്ഷ്യമിട്ടാവണം റീഷ-പ്രജിത്ത് ദമ്പതികളുടെ മകളും കാറിൽ കയറിയത്. പൂർണ ഗർഭിണിയായ റീഷയെ മുൻ സീറ്റിലിരുത്തി കരുതലോടെ തന്നെയാണ് പ്രജിത്ത് വാഹനം ഓടിച്ചത്. റീഷയെ സമാധാനിപ്പിക്കാൻ അച്ഛനും അമ്മയും ഇളയമ്മയും പൊന്നുമോളും പിൻസീറ്റിലുണ്ട്.
എല്ലാവരും ഒപ്പമുണ്ടെന്ന ആശ്വാസത്തിലാണ് ആ യാത്ര. ജില്ല ആശുപത്രിയിലേക്ക് എത്താൻ നൂറുമീറ്ററിന്റെ ദൂരമേ കാണൂ. അതിനിടെ എപ്പോഴാണ് കാറിനകത്ത് തീപ്പൊരിയുണ്ടായതെന്ന് ആർക്കുമറിയില്ല. രണ്ടുവർഷത്തെ മാത്രം പഴക്കമുള്ള കാറായതിനാൽ അത്തരമൊരു സംശയം പോലും ആർക്കുമുണ്ടായിരുന്നില്ല.
കാറിനടുത്തേക്ക് പാഞ്ഞടുത്ത് കത്തിയുയരുന്ന തീ കണ്ട് തലയിൽ കൈവെച്ച് നിസ്സഹായരായി ഓടുകയായിരുന്നു ചിലർ. കണ്ടുനിന്ന സ്ത്രീ ആർത്ത് നിലവിളിച്ചു. ധരിച്ച ജാക്കറ്റുമായി രക്ഷപ്പെടുത്താനായി മറ്റൊരു യുവാവ് ശ്രമിച്ചു. മരണത്തിന്റെ ഭീകരത അന്തരീക്ഷത്തിൽ അലയടിച്ച നിമിഷങ്ങൾ ഏറെ നീണ്ടില്ല. വെന്തുകരിഞ്ഞ മണവും കൂടിയെത്തിയതോടെ എല്ലാം അവസാനിച്ചിരുന്നു.
കത്താതെ നോക്കണം...
കണ്ണൂർ: ഓടുന്ന കാറിനുള്ളിൽ ദമ്പതികൾ കത്തിയമർന്ന ഞെട്ടലിലാണ് കണ്ണൂർ. വാതിൽ തുറന്ന് പുറത്തിറങ്ങാൻ പോലും സമയം നൽകാതെ തീനാളങ്ങൾ ജീവൻ വിഴുങ്ങി. കാർ അടക്കമുള്ള വാഹനങ്ങൾ ഓട്ടത്തിനിടയിലും നിർത്തിയിട്ട നിലയിലും കത്തിയമരുന്ന സംഭവങ്ങൾ വർധിക്കുകയാണ്.
വാഹനം വാങ്ങിയ ശേഷം അധിക ഉപകരണങ്ങൾ അശാസ്ത്രീയമായി ഘടിപ്പിക്കുന്നത് വഴിയുണ്ടാകുന്ന ഷോർട്ട് സർക്യൂട്ടാണ് മിക്ക അഗ്നിബാധക്കും കാരണം. ജില്ല ആശുപത്രിക്ക് സമീപം കത്തിയമർന്ന 2020 മോഡൽ കാറിൽ കാമറയും സ്ക്രീനും സ്റ്റീരിയോ ബോക്സും അധികമായി ഘടിപ്പിച്ചിരുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. ഫ്യൂസ് പോകാതെ വാഹനം കത്തിയമർന്നത് ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് വിലയിരുത്തൽ.
വയറുകളിൽനിന്ന് അധിക കണക്ഷൻ എടുക്കുമ്പോൾ കൃത്യമായി ഇൻസുലേഷൻ നടത്താത്തത് തീപടരാൻ ഇടയാക്കും. കമ്പനി ഷോറൂമുകളിലോ വിദഗ്ധരായ ടെക്നീഷ്യൻമാരുടെ മേൽനോട്ടത്തിലോ മാത്രമേ ആക്സസറീസ് ഘടിപ്പിക്കാൻ പാടുള്ളൂ. തമ്മിൽ ഉരയുന്ന ലോഹഭാഗങ്ങൾ, ഇന്ധനചോർച്ച, ബാറ്ററി തുടങ്ങിയവയും തീ പിടിക്കാനുള്ള സാധ്യതകളാണ്.
സീറ്റുകളിലേക്ക് എളുപ്പത്തിൽ തീ പടരും. കണ്ണോത്തുംചാലിൽ കല്യാൺ സിൽക്സിന് മുന്നിൽ നിർത്തിയിട്ട കാറിന് തീപിടിച്ചത് കഴിഞ്ഞമാസമാണ്. കാറിലെത്തിയ ചെറുപുഴയിലെ കുടുംബം വസ്ത്രങ്ങൾ എടുക്കാൻ കയറിയ ശേഷമാണ് ബോണറ്റിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ വസ്ത്രാലയത്തിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടർന്ന് കാർ പൂർണമായി കത്തിനശിച്ചു. തൊട്ടടുത്തുള്ള ബസ് ഷെൽട്ടറിലേക്ക് തീ പടർന്ന് നാശമുണ്ടായി. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതും ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ആളുകൾ ഇല്ലാത്തതിനാലും വൻഅപകടമാണ് ഒഴിവായത്.
ചക്കരക്കല്ല് പൊലീസ് സ്റ്റേഷന് പരിധിയിലെ മതുക്കോത്ത് നിയന്ത്രണം വിട്ട് ബസിനു പിന്നിലിടിച്ച ബൈക്ക് കത്തിയമര്‍ന്നത് രണ്ടാഴ്ച മുമ്പാണ്. റോഡിലേക്ക് മറിഞ്ഞുവീണ ബൈക്കില്‍നിന്ന് തെറിച്ചുവീണ യാത്രക്കാരന് തീയും പുകയും ഉയരുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
വളപട്ടണം ദേശീയപാതയിൽ ടോൾ ബൂത്തിനു സമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. ബോണറ്റിൽനിന്ന് പുക ഉയർന്നു പൊടുന്നനെ തീ വ്യാപിക്കുകയായിരുന്നു. മാനന്തവാടിയിൽ നിർത്തിയിട്ട കാർ കത്തി കേളകത്തെ ടെക്സ്റ്റൈല്‍സ് ഉടമ മരിച്ചത് കഴിഞ്ഞവർഷമാണ്.
പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കാര്‍ കത്തിചാമ്പലായിരുന്നു. ബൈക്ക് യാത്രികനായ ചിക്കമംഗളൂരു സ്വദേശിയായ യുവാവിനാണ് അന്ന് ജീവൻ നഷ്ടമായത്.
തലശ്ശേരിയിൽനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന കാർ കുറ്റ്യാടി ചുരം പാതയിൽ കത്തിനശിച്ചത് ഒന്നരവർഷം മുമ്പാണ്. നാലുവർഷം മുമ്പ് ധർമടം മൊയ്തുപാലത്തിൽ ലോറിയുമായി കൂട്ടിയിടിച്ച കാർ തീപിടിച്ച് കത്തിനശിച്ചിരുന്നു. നിറയെ വാഹനങ്ങളുള്ള പാതയിൽ വലിയ അപകടമാണ് ഒഴിവായത്. ചക്കരക്കല്ലിലും അഞ്ചരക്കണ്ടിയിലും ബൈക്കുകൾ കത്തിനശിച്ച സംഭവങ്ങളും ഈയിടെയുണ്ടായി.
പരിഭ്രാന്തരാകരുത്..
ഓടുന്ന കാറിന് തീ പിടിച്ചാൽ പരിഭ്രാന്തി പാടില്ല. വേഗത്തിൽ വാഹനം സിഗ്നൽ നൽകി ഒതുക്കിനിർത്തി എൻജിൻ ഓഫാക്കി പുറത്തിറങ്ങാൻ ശ്രമിക്കണം. ഡോറുകൾ അൺലോക്ക് ചെയ്തെന്ന് ഉറപ്പിക്കണം. പ്രായമായവരെയും കുട്ടികളെയും ആദ്യം രക്ഷപ്പെടുത്തണം.
തീ പടിരാൻ സാധ്യതയുള്ള പെട്രോൾ പമ്പിന്റെയും മറ്റും സമീപത്ത് നിർത്താതെ നോക്കണം. ഉടൻ പൊലീസിലോ അഗ്നിരക്ഷസേനയിലോ വിവരമറിയിക്കണം. വാഹനത്തിൽനിന്ന് അഗ്നിനാളങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ സുരക്ഷിതമായി ദൂരേക്ക് മാറിനിൽക്കാനും ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.