കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാവീഴ്ച; ഞെട്ടിച്ച് ജയിൽചാട്ടം
text_fieldsകണ്ണൂർ: അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മയക്കുമരുന്നുകേസ് പ്രതി രക്ഷപ്പെട്ടത് വൻ സുരക്ഷാവീഴ്ച. കണ്ണവം പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ 10 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുന്ന കോയ്യോട് സ്വദേശി ഹർഷാദാണ് ഞായറാഴ്ച രാവിലെ 6.45 ഓടെ ആസൂത്രിതമായി രക്ഷപ്പെട്ടത്. പത്രക്കെട്ടുകൾ എടുക്കാനായി പോയ പ്രതി ജയിലിലെ ഗാന്ധിപ്രതിമക്ക് തൊട്ടുമുന്നിലൂടെ നടന്ന് ഗേറ്റ് തുറന്ന് പുറത്തിറങ്ങി റോഡിൽ ബൈക്കിൽ കാത്തിരിക്കുന്ന ഹെൽമറ്റ് ധരിച്ചയാൾക്കൊപ്പം രക്ഷപ്പെടുകയായിരുന്നു.
ജയിലിനകത്ത് കൃത്യമായ ആസൂത്രണം നടത്തിയാണ് ഇയാൾ രക്ഷപ്പെട്ടതെന്നാണ് ജയിൽ വകുപ്പിന്റെ കണ്ടെത്തൽ. 2023 സെപ്റ്റംബർ മുതൽ ഹർഷാദ് തടവുശിക്ഷ അനുഭവിച്ചുവരികയാണ്. വെൽഫെയർ ഓഫിസിലെ ജോലിയുടെ ഭാഗമായി എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹർഷാദായിരുന്നു. ഞായറാഴ്ച രാവിലെ 6.45നാണ് പതിവുപോലെ ഇയാൾ റോഡിന് സമീപത്തേക്ക് പോയത്. എന്നാൽ പത്രം കുനിഞ്ഞെടുത്ത ശേഷം വേഗത്തിൽ റോഡ് ലക്ഷ്യമാക്കി ഓടുകയായിരുന്നു.
നടപ്പാതയിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി കണ്ണൂർ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ജയിലിന്റെ നിയന്ത്രണത്തിലുള്ള പെട്രോൾ പമ്പിൽ ഇയാൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
തെക്കീ ബസാറിലും ബൈക്കിൽ ഇരുവരും പോകുന്ന ദൃശ്യങ്ങളുണ്ട്. ഇവ പരിശോധിച്ച് വണ്ടിയുടെ നമ്പറും ഓടിച്ച ആളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ജയിൽചാട്ടം സംബന്ധിച്ച് ഹർഷാദ് വിശദമായ പദ്ധതി തയാറാക്കിയതാണ് വിവരം.
ഇത് കൂടുതൽപേർക്ക് അറിയാമായിരുന്നോ എന്ന കാര്യവും പരിശോധിക്കും. ബൈക്കുമായി എത്തിയ ആളുമായടക്കം നിരവധി തവണ ഫോണിൽ സംസാരിച്ചതായും വിവരമുണ്ട്. തടവുകാരുടെ ഫോൺവിളികൾ കണ്ടെത്താനാവാത്തത് വീഴ്ചയായാണ് കരുതുന്നത്. നേരത്തേയും സെൻട്രൽ ജയിലിൽനിന്ന് തടവുകാർ രക്ഷപ്പെട്ടിരുന്നു. ജയിലിനുള്ളിൽ പരിശോധന നടത്തി മൊബൈൽ ഫോണുകൾ പിടികൂടാറുണ്ടെങ്കിലും പേരിന് മാത്രമാണ്. ജയിലിനുള്ളിൽ തടവുകാർ മൊബൈൽഫോണും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ ജയിൽവകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. കണ്ണൂർ പൊലീസ് ജയിലിലെത്തി പരിശോധന നടത്തി. അതിർത്തിയിലും റെയിൽവേ സ്റ്റേഷനുകളിലും പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കാവലിന് ആവശ്യത്തിന് ജീവനക്കാരില്ല
അഞ്ചേക്കറോളം വ്യാപിച്ചുകിടക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരത്തിലധികം തടവുകാരുണ്ട്. ഭൂരിഭാഗവും ശിക്ഷ തടവുകാർ. എന്നാൽ, കാവലിന് ജീവനക്കാരുടെ എണ്ണം 10 ശതമാനം മാത്രം. വർഷങ്ങൾക്ക് മുമ്പുള്ള സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും തുടരുന്നത്. നിലവിൽ സെൻട്രൽ ജയിലിൽ 30 ലേറെ അസി. പ്രിസൺ ഓഫിസർമാരുടെ ഒഴിവുണ്ട്. നേരത്തെ കരാർ അടിസ്ഥാനത്തിൽ 38 അസിസ്റ്റൻറ് പ്രിസൺ ഓഫിസർമാരെ നിയമിച്ചെങ്കിലും നാലുപേരെ കണ്ണൂർ സബ്ജയിലിലേക്കും കൂത്തുപറമ്പ് സ്പെഷൽ സബ്ജയിലിലേക്കും മാറ്റിയിരുന്നു. അസുഖബാധിതരായ തടവുകാരെ ആശുപത്രിയിൽ കൊണ്ടുപോകാൻ അകമ്പടിക്കുപോലും പൊലീസുകാരെ ലഭിക്കാനില്ല. പൊലീസ് വകുപ്പിലെ ജോലിഭാരമാണ് കാരണം.
ജീവനക്കാരുടെ കുറവുകാരണം തടവുകാരെ വേണ്ടത്ര ശ്രദ്ധിക്കാൻ പലപ്പോഴും കഴിയാറില്ല. കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്നതും പതിവാണ്. ഒരാഴ്ച മുമ്പ് ജയിലിലെ പതിനൊന്നാം ബ്ലോക്കിനടുത്ത് തടവുകാർ തമ്മിൽ തല്ലി മോഷണക്കേസ് പ്രതിക്ക് പരിക്കേറ്റിരുന്നു. ജയിൽ ജീവനക്കാരുടെ കുറവുമൂലം പുറം ജോലികള്‍ക്ക് ഉള്‍പ്പെടെ തടവുകാരെ നിയോഗിക്കാറുണ്ട്. ഇതിനിടെയിലാണ് ജയില്‍ ചാട്ടങ്ങള്‍ നടക്കുന്നത്.
ജയിലില്‍ ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഏകീകൃത വ്യവസ്ഥയില്ലെന്നും ആരോപണമുണ്ട്. തടവുകാരുടെ ഫോൺ വിളികൾ നിരീക്ഷിക്കപ്പെടുന്നില്ല. തടവുകാർ ഫോണ്‍ ചെയ്യുമ്പോള്‍ ജയിൽ ജീവനക്കാരുടെ കാവൽ ഉണ്ടാകണമെന്നാണ് ചട്ടം. ജീവനക്കാരുടെ ക്ഷാമം കാരണം ഇത് പ്രാവർത്തികമാകാറില്ല. ഞായറാഴ്ച ജയിൽ ചാടിയ ഹർഷാദ് ഫോണിലൂടെ പദ്ധതി ആസൂത്രണം ചെയ്തതായാണ് വിവരം. ജയിലിനകത്ത് പച്ചക്കറി കൊണ്ടുവരുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയതിന് ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സുരക്ഷാവീഴ്ചയിൽ ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.