കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്ക് ഒടുവിൽ പച്ചക്കൊടി
text_fieldsകണ്ണൂർ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്ക് ഒടുവിൽ പച്ചക്കൊടി. പദ്ധതിയുടെ ആദ്യഘട്ടത്തിന് 16.15 കോടി രൂപയുടെ ഭരണാനുമതി നല്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവായി. ഒന്നാം ഘട്ടത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചത്. ഇതോടെ ഇന്നര്‍ റിങ് റോഡ്, പട്ടാളം റോഡ്, ജയില്‍ റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കാനാകും. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിർമാണ ചുമതല.
വർഷങ്ങളായി വിവിധ കാരണങ്ങളായി നീണ്ടുപോയ പദ്ധതിയാണ് ഒടുവിൽ ട്രാക്കിലാകുന്നത്. കണ്ണൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നഗരത്തിലൂടെ കടന്നുപോകുന്ന 11 റോഡുകള്‍ വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്കായി 738 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. നിയമക്കുരുക്കടക്കമുള്ള വിവിധ കാരണങ്ങളാലാണ് പദ്ധതി അനന്തമായി നീണ്ടത്.
പദ്ധതി വേഗത്തിലാക്കാന്‍ എ.ഡി.എം, ജനപ്രതിനിധികള്‍, ഹൈകോടതി പ്ലീഡര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. പദ്ധതിക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ എ.ജിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം ചേര്‍ന്നത്. വികസനവുമായി ബന്ധപ്പെട്ട് കേസിൽപെട്ട റോഡുകളില്‍ ഒരാഴ്ചക്കകം എതിര് സത്യവാങ്മൂലം നല്‍കാനും കാര്യ വിവരപട്ടിക ഹൈകോടതിയില്‍ സമര്‍പ്പിക്കാനും തീരുമാനിച്ചിരുന്നു.
ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ സ്ഥലം ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത ഒന്നാംഘട്ട പ്രവൃത്തി ആരംഭിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. രണ്ടാംഘട്ടത്തില്‍ മന്ന ജങ്ഷന് പുതിയ എന്‍.എച്ച് ബൈപ്പാസ്, പൊടിക്കുണ്ട്-കൊറ്റാളി റോഡ്, തയ്യില്‍ -തെഴുക്കില പീടിക റോഡ്, കുഞ്ഞിപ്പള്ളി-പുല്ലൂപ്പി റോഡ് എന്നിവയും മൂന്നാംഘട്ടത്തില്‍ ചാലാട്-കുഞ്ഞിപ്പള്ളി റോഡ്, മിനി ബൈപാസ് റോഡ്, കക്കാട് -മുണ്ടയാട് റോഡ്, പ്ലാസ ജങ്ഷന് - ജെടി എസ് റോഡ് എന്നിവയും നവീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.