കണ്ണൂര്‍ സിറ്റി റോഡ് നവീകരണം: ഭൂമി ഏറ്റെടുക്കല്‍ നടപടിയാകാമെന്ന് ഹൈകോടതി
text_fieldsകണ്ണൂര്‍: കണ്ണൂര്‍ സിറ്റി റോഡ് നവീകരണ പദ്ധതിയുടെ സർവേയും ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹൈകോടതി.
ഭൂമി ഏറ്റെടുക്കലിന് സര്‍ക്കാര്‍ ഇറക്കിയ 2019 മാർച്ച് 14ലെ ഉത്തരവും തുടര്‍ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാലാട് കുഞ്ഞിപ്പള്ളി റോഡിന്റെ സമീപം താമസിക്കുന്ന കെ. പ്രജിത് നല്കിയ ഹരജിയിലാണ് സർവേ നടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹൈകോടതി ഉത്തരവിട്ടത്.
സർവേ നടത്തുന്നതിന് വീട് അതിക്രമിച്ച് കടക്കുന്നുവെന്നും മറ്റുമുള്ള ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്നും നിയമപ്രകാരം മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. സര്‍ക്കാറിനുവേണ്ടി സീനിയര്‍ ഗവ. പ്ലീഡര്‍ കെ.വി. മനോജ്കുമാര്‍ ഹാജരായി. കണ്ണൂരിന്റെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്, മൂന്നു പദ്ധതികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
ഇതിൽ പ്രധാനമാണ് നഗരപാത റോഡ് വികസന പദ്ധതി (സിറ്റി റോഡ് നവീകരണം). കൂടാതെ മേലെചൊവ്വ അടിപ്പാത, തെക്കീ ബസാർ ഫ്ലൈ ഓവർ എന്നിവയും നടപ്പാക്കാനുള്ള നടപടികൾ ഏറെ മുന്നേറിയിട്ടുണ്ട്. ചിലയിടങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്. കണ്ണൂർ നഗരപാത വികസന പദ്ധതിയുടെ ആദ്യഘട്ടം ടെൻഡർ നടപടികളിലേക്ക് കടന്നു. ഒരാഴ്ചക്കകം ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.