മൊഞ്ചായി കണ്ണൂർ നഗരം
text_fieldsകണ്ണൂര്‍: മുനിസിപ്പല്‍ കോര്പറേഷന് നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി താണ, പ്ലാസ എന്നിവിടങ്ങളില്‍ സ്ഥാപിച്ച 58 തെരുവു വിളക്കുകളുടെ സ്വിച്ച് ഓണ്‍ കർമം മേയര്‍ ടി.ഒ. മോഹനന് നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അധ്യക്ഷത വഹിച്ചു.
താണയില്‍ സാധു കല്ല്യാണ മണ്ഡപം മുതല്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ വരെ 20 തൂണുകളിലായി 75 വാട്സ് വീതമുള്ള 40 മനോഹരമായ എൽ.ഇ.ഡി വിളക്കുകളാണ് സ്ഥാപിച്ചത്. എട്ടു മീറ്റര്‍ അകലത്തിലാണ് തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള രാത്രി യാത്ര സുഗമമാക്കുന്നതിനായി പ്ലാസ ജങ്ഷന് മുതല്‍ പുതിയ ബസ് സ്റ്റാൻഡ് ഐ.ഒ.സി വരെ 18 പോസ്റ്റുകളിലായി 200 വാട്സിന്റെ ഓരോ പുതിയ ലൈറ്റ് വീതമാണ് സ്ഥാപിച്ചിട്ടുള്ളത്. ലൈറ്റ് സ്ഥാപിക്കുന്നതിനും, പരിപാലിക്കുന്നതിനും, വൈദ്യുതി ചാർജ് അടക്കുന്നതും ഉൾപ്പെടെയുള്ള ചെലവുകൾ സ്പോണ്‍സര്‍ഷിപ് വഴിയാണ് കണ്ടെത്തുന്നത്. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നേരത്തെ രണ്ടു ഘട്ടങ്ങളിലായി ഗാന്ധി സര്‍ക്കിള്‍ മുതല്‍ ചേംബര്‍ ഹാള്‍ വരെയും, പയ്യാമ്പലത്തും ഇത്തരത്തില്‍ തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.പി. രാജേഷ്, പി. ഇന്ദിര, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, കുക്കിരി രാജേഷ്, കെ. സുരേഷ് കുമാർ, കെ.പി. അബ്ദുൽ റസാഖ്, ഇ.ടി. സാവിത്രി എ്ന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.