കോർപറേഷൻ പരിധിയിൽ മാലിന്യം തള്ളിയാൽ പിടിവീഴും
text_fieldsകണ്ണൂർ: കോർപറേഷൻ പരിധിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ കാമറകൾ മിഴിതുറന്നു. കോർപറേഷന് ധനകാര്യ കമീഷന് ഗ്രാന്റ് ഉപയോഗിച്ചാണ് രണ്ട് കോടി രൂപ ചെലവില്‍ കാമറകൾ ഒരുക്കിയത്. 80 ഇടങ്ങളിലായി 90 കാമറകളാണ് സ്ഥാപിച്ചത്.
സോളാര്‍ എനര്‍ജി ഉപയോഗിച്ചാണ് കാമറകള്‍ പ്രവര്‍ത്തിക്കുക. വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ കാമറകളും ഇതിലുണ്ട്. ഡോ. പി. സൂരജിന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ എൻജിനീയറിങ് കോളജിലെ സംഘമാണ് ഇതിന്റെ വിശദമായ പദ്ധതി രേഖ തയാറാക്കിയത്.
നിക്ഷാന്‍ ഇലക്ട്രോണിക്സാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തത്. ആറുമാസം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്. കാമറ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി കോർപറേഷന് ഓഫിസില്‍ രണ്ടു മോണിറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം ഇതിനായി സ്ഥാപിച്ച സെര്‍വര്‍ റൂമിലും കൃത്യമായ നിരീക്ഷണം നടക്കും. മാലിന്യ നിക്ഷേപകരെ കണ്ടുപിടിക്കുന്നതിന് പുറമേ പൊലീസിന് ക്രമസമാധാന പാലനത്തിന് കൂടി കാമറകള്‍ സഹായകമാകും. പ്രതികളെ കണ്ടെത്താനും അപകടമുണ്ടാക്കുന്ന വാഹനങ്ങൾ തിരിച്ചറിയാനും സാധിക്കും.
മാലിന്യ സംസ്കരണത്തിനായി ബോധവത്കരണവും ഹരിതകർമ സേനയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിയിട്ടും തോടുകളിലും പുഴകളിലും റോഡുകളിലും മാലിന്യംതള്ളൽ തുടരുന്ന സാഹചര്യത്തിലാണ് കോർപറേഷനിലെ മുഴുവൻ സ്ഥലങ്ങളും ബന്ധപ്പെടുത്തി കാമറകൾ സ്ഥാപിച്ചത്. നിലവിൽ മാലിന്യം തള്ളൽ രൂക്ഷമായ എല്ലാ ഡിവിഷനുകളിലെയും പ്രധാന കേന്ദ്രങ്ങൾ ഇതോടെ കാമറ നിരീക്ഷണത്തിലായി. ശൃംഖല ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.
കാമറ ശൃംഖലക്ക് ഐ 24 എന്ന നാമകരണവും എം.പി നിർവഹിച്ചു. കോര്പറേഷന്റേത് മാലിന്യമുക്ത സമൂഹത്തിലേക്കുള്ള വലിയ ചുവടുവെപ്പാണെന്നും വിജയിച്ചാല്‍ രാജ്യത്തിന് തന്നെ മാതൃകയാകുന്ന പദ്ധതിയായി ഇതിനെ മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യമുക്ത സമൂഹത്തിനായി ജനങ്ങള്‍ മുന്നോട്ട് വരണം. ഇതിനായി ഓരോ വ്യക്തിയും തീരുമാനം എടുക്കണം.
പദ്ധതി നടപ്പിലാക്കുക മാത്രമല്ല അത് നിലനിര്‍ത്തിപ്പോകുക എന്നതും വെല്ലുവിളിയാണ്. അതുകൂടി കണ്ടുകൊണ്ടാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മേയര്‍ ടി.ഒ. മോഹനന് അധ്യക്ഷത വഹിച്ചു. കോർപറേഷന് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഷമീമ, എം.പി. രാജേഷ്, പി. ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, ടി. രവീന്ദ്രൻ, സൂപ്രണ്ടിങ് എൻജിനീയര്‍ ടി. മണികണ്ഠകുമാര്‍, എക്സിക്യൂട്ടിവ് എൻജിനീയര്‍ പി.പി. വല്സന്, പ്രഫ. ഡോ.പി. സൂരജ്, അബ്ദുൽ കരീം ചേലേരി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.