കണ്ണൂർ കോർപറേഷൻ; ഒറ്റയാൾ ബലത്തിലെ ഭരണമാറ്റം
text_fieldsകണ്ണൂർ: അവിശ്വാസ പ്രമേയങ്ങളുടെ പെരുമഴയില്‍ മൂന്നു മേയര്‍മാരും രണ്ടു ഡെപ്യൂട്ടി മേയര്‍മാരും ഒറ്റ വോട്ടിെൻറ പിന്‍ബലത്തില്‍ വാണ കണ്ണൂർ കോർപറേഷെൻറ ഭരണ മാറ്റം രാഷ്ട്രീയ നാടകങ്ങൾ നിറഞ്ഞതായിരുന്നു.
ആദ്യം ഇടത് ചാരി പിന്നീട് വലത്തോട്ട് വെട്ടിയായിരുന്നു കോർപറേഷെൻറ അഞ്ചുവർഷത്തെ ഭരണ മാറ്റം. ഇടതും വലതും മാറി മാറി ഭരിച്ചപ്പോഴും ഭരണ കാലയളവിൽ ഏഴു സ്ഥിരംസമിതികളും യു.ഡി.എഫിേൻറതായിരുന്നു. ഒരു യു.ഡി.എഫ് അംഗത്തിെൻറ വോട്ട് അസാധുവായതിനെ തുടര്‍ന്ന് ക്ഷേമകാര്യ സ്ഥിരംസമിതി എല്‍.ഡി.എഫിനു ലഭിച്ചു. കോർപറേഷെൻറ പ്രഥമ തെരഞ്ഞെടുപ്പില്‍ 27 എന്ന തുല്യ അംഗബലത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും എത്തിയപ്പോള്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച പി.കെ. രാഗേഷിെൻറ ഒരു വോട്ട് അധികാര രഷ്ട്രീയത്തിൽ നിർണായക ശക്തിയാവുകയായിരുന്നു. വിമതെൻറ കൂറുമാറ്റത്തെ തുടർന്ന് ഇരുമുന്നണികളുടെയും ഭരണമാറ്റത്തിന് കണ്ണൂർ കോർപറേഷൻ സാക്ഷ്യം വഹിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം 2015മുതല്‍ 2019വരെ ആദ്യഘട്ടത്തിൽ എൽ.ഡി.എഫിനായിരുന്നു മേയര്‍ സ്ഥാനം. തെരഞ്ഞെടുപ്പിൽ ഇരുമുന്നണിയും തുല്യശക്തികളായതോടെ കോണ്‍ഗ്രസ് വിമതന് പി.കെ. രാഗേഷിെൻറ നിലപാട് ഭരണവിധി നിര്‍ണയിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ രാഗേഷ് ഇടതുമുന്നണിയെ പിന്തുണച്ചതിനെ തുടര്‍ന്ന് 2015 നവംബര്‍ 18നു മേയര്‍ സ്ഥാനത്തേക്കു സി.പി.എമ്മിലെ ഇ.പി. ലത തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ രാഗേഷ് വിട്ടുനിന്നതോടെ ഇരുമുന്നണി സ്ഥാനാര്‍ഥികളും തുല്യവോട്ട് നേടി. നറുക്കെടുപ്പില്‍ മുസ്ലിം ലീഗിലെ സി. സമീര്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നു നടന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനെ പിന്തുണച്ച രാഗേഷിെൻറ നിലപാടിനെ തുടര്‍ന്ന് ഏഴു സ്ഥിരംസമിതികള്‍ അവര്‍ നേടി.
സ്ഥിരംസമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇടതുമുന്നണിയുമായി അടുത്ത പി.കെ. രാഗേഷിെൻറ പിന്തുണയോടെ അവര്‍ പിന്നീട് ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസംകൊണ്ടുവന്നു. അവിശ്വാസ പ്രമേയത്തിന് തൊട്ടുമുമ്പ് 2016 ജൂണ്‍ 13ന് സി. സമീര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിെവച്ചു. തുടര്‍ന്ന് ജൂണ്‍ 30ന് നടന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ രാഗേഷ് ഇടതുപിന്തുണയില്‍ ഡെപ്യൂട്ടി മേയറായി.
ഇടതിനോടകന്ന് വിമതൻ; ഭരണം വലത്തോേട്ടക്ക്
എൽ.ഡി.എഫുമായി അകന്നുതുടങ്ങിയ രാഗേഷിെൻറ പിന്തുണ ഉറപ്പിച്ച യു.ഡി.എഫ് 2019 ആഗസ്റ്റ് 17ന് മേയര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. 26നെതിരെ 28 വോട്ടിന് അവിശ്വാസപ്രമേയം പാസായതോടെ ഭരണം വലത്തോേട്ടക്ക് മാറി. രാഗേഷ് യു.ഡി.എഫിന് വോട്ട് ചെയ്തു. ഇതിനിടെ എടക്കാട്നിന്നുള്ള സി.പി.എം അംഗം ടി.എം. കുട്ടിക്കൃഷ്ണന് മരിച്ചു.
ഇടതു മേയര്‍ക്കെതിരായ അവിശ്വാസം വിജയച്ചതിനെ തുടര്‍ന്നുണ്ടായ മേയര്‍ തെരഞ്ഞെടുപ്പിൽ രാഗേഷിെൻറ പിന്തുണയില്‍ 2019 സെപ്റ്റംബര്‍ നാലിന് സുമ ബാലകൃഷ്ണന് കോര്‍പറേഷെൻറ പ്രഥമ കോണ്‍ഗ്രസ് മേയറായി. സുമ ബാലകൃഷ്ണന് 28 വോട്ടും എതിര്‍സ്ഥാനാര്‍ഥി ഇ.പി. ലതക്ക് 25വോട്ടും ലഭിച്ചു. ഒരു ഇടതു കൗണ്‍സിലറുടെ വോട്ട് അസാധുവാകുകയും ഒരാള്‍ മരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് എല്‍.ഡി.എഫ് 25ല്‍ ഒതുങ്ങിയത്. രാഷ്ട്രീയ ധാരണയെ തുടർന്ന് മുസ്ലിം ലീഗിന് മേയര്‍ സ്ഥാനം പങ്കുവെക്കാമെന്ന ധാരണയില്‍ 2020 ജൂണ്‍ മൂന്നിന് സുമ മേയര്‍ സ്ഥാനം രാജിെവച്ചു.
വീണ്ടും അവിശ്വാസം
ജൂണ്‍ 12ന് ഇടതുമുന്നണി രാഗേഷിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം കക്കാട് നിന്നുള്ള മുസ്ലിം ലീഗ് അംഗം കെ.പി.എ. സലീമിെൻറ പിന്തുണയില്‍ വിജയിക്കുന്ന രാഷ്ട്രീയ നാടകവും കോര്പറേഷന് കണ്ടു. സലീം ഇടതുപാളയത്തിലെത്തി വോട്ട് ചെയ്തതോടെയാണ് അവിശ്വാസം പാസായത്. തുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യു.ഡി.എഫില്‍ തിരിച്ചെത്തിയ സലീമിെൻറ കൂടി പിന്തുണയില്‍ രാഗേഷ് ഡെപ്യൂട്ടി മേയറായി. സുമ ബാലകൃഷ്ണന് രാജിെവച്ച ഒഴിവിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ജൂലൈ എട്ടിനു മൂന്നാമത്തെ മേയറായി മുസ്ലിം ലീഗിലെ സി. സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു.
നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, ഏഴു സ്ഥിരംസമിതി സ്ഥാനങ്ങള്‍ എന്നിവ യു.ഡി.എഫിനും ഒരുസ്ഥിരംസമിതി എല്‍.ഡി.എഫിനുമാണ്. വീണ്ടും തദ്ദേശ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുേമ്പാൾ ഇരുമുന്നണിയും കോർപറേഷൻ കീഴടക്കാൻ കച്ചകെട്ടിയിറങ്ങുകയാണ്. കോർപറേഷൻ രൂപവത്കരിച്ചുണ്ടായ നേട്ടം ഇരു മുന്നണികൾക്കും അവകാശപ്പെട്ടതിനാൽ ഇവ മുൻനിർത്തിയായിരിക്കും സ്ഥാനാർഥികൾ വോട്ട് ചോദിക്കുക. അഞ്ചുവർഷത്തെ രാഷ്ട്രീയ നാടകത്തിനു ശേഷം ഇത്തവണ കോർപറേഷൻ ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.