കണ്ണൂർ കോർപറേഷൻ; ആസ്ഥാന മന്ദിരം യാഥാർഥ്യമാകുന്നു
text_fieldsകണ്ണൂർ: കണ്ണൂർ കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം യാഥാർഥ്യമാകുന്നു. മന്ദിരത്തിന്റെ നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 3.30ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുമെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ അറിയിച്ചു. പഴയ ടൗൺ ഹാൾനിന്നിരുന്ന സ്ഥലത്ത് ആകെ അഞ്ചുനിലകളുള്ള കെട്ടിടമാണ് ആസ്ഥാന മന്ദിരമായി പണിയുന്നത്. ഇതിൽ രണ്ടുനിലകൾ പൂർണമായും പാർക്കിങ്ങിനായി മാറ്റിവെക്കും. ഭാവിയിൽ മൂന്ന് നിലകൾ കൂടി നിർമിക്കാൻ പറ്റുന്ന രീതിയിലാണ് ഫൗണ്ടേഷൻ ഒരുക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 250ഓളം വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. ആധുനിക രീതിയിലുള്ള കൗൺസിൽ ഹാളിൽ 100 കൗൺസിലർമാരെ ഉൾക്കൊള്ളാവുന്ന രീതിയിലുള്ള കൗൺസിൽ ഹാൾ, മിനി കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർകോൺസ് എന്ന ഡിസൈൻ സ്ഥാപനമാണ് കെട്ടിടത്തിന്റെ വിശദമായ രൂപരേഖയും പദ്ധതിരേഖയും തയാറാക്കിയത്.
25.6 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് മന്ദിരം പണിയുന്നത്. ഉരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. ഒന്നര വർഷംകൊണ്ട് കെട്ടിട നിർമാണം പൂർത്തീകരിക്കാമെന്നാണ് പ്രതീക്ഷയെന്ന് മേയർ അറിയിച്ചു. ഹരിത ചട്ടങ്ങൾ പാലിച്ച് പരിസ്ഥിതിക്കിണങ്ങുന്ന രീതിയിലായിരിക്കും നിർമാണം. കേരളത്തിലെ ഏറ്റവും പഴക്കമുള്ള നഗരസഭകളിലൊന്നായിരുന്ന കണ്ണൂരിനോട് പള്ളിക്കുന്ന്, പുഴാതി, ചേലോറ, എളയാവൂർ, എടക്കാട് എന്നീ ഗ്രാമ പഞ്ചായത്തുകൾ കൂട്ടിച്ചേർത്തുകൊണ്ട് കേരളത്തിലെ ആറാമത് കോർപറേഷനായി കണ്ണൂർ രൂപവത്കരിച്ചത് 2015 നവംബർ ഒന്നിനായിരുന്നു. കോർപറേഷൻ രൂപവത്കരിച്ച് ഏഴു വർഷത്തിനു ശേഷമാണ് ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവൃത്തിക്ക് തുടക്കമാകുന്നത്.
ഉദ്ഘാടന ചടങ്ങിൽ മേയർ ടി.ഒ. മോഹനൻ അധ്യക്ഷതവഹിക്കും. കെ. സുധാകരൻ എം.പി, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ്, കലക്ടർ എസ്. ചന്ദ്രശേഖർ എന്നിവർ മുഖ്യാതിഥികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.