എല്ലാവർക്കും സൗജന്യ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ കണ്ണൂർ കോർപറേഷൻ
text_fieldsകണ്ണൂർ: എല്ലാവര്ക്കും സൗജന്യ കുടിവെള്ള കണക്ഷന് ലഭ്യമാക്കാൻ കണ്ണൂർ കോർപറേഷൻ. അമൃത് 2.0 പദ്ധതിയില്‍ 100 കോടി രൂപയുടെ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ബുധനാഴ്ച നടക്കും. അമൃത് ഒന്നാം ഘട്ട പദ്ധതിയില്‍ 118 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
അമൃത് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായാണ് 26.25 കോടി രൂപയുടെ ഫ്ലോട്ടിങ് ഫണ്ടുള്‍പ്പെടെ 96.24 കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതി കേരള ജല അതോറിറ്റി വഴി നടപ്പാക്കുന്നത്. ഇതിനായി കോർപറേഷൻ പരിധിയില്‍ 164 കി.മീ. ദൂരത്തില്‍ പൈപ്പിടുന്ന ജോലികള്‍ക്കായി ടെൻഡര്‍ അംഗീകരിച്ച് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.
ഇതില്‍ കൂടുതലും സോണല്‍ ഏരിയകളിലാണ്. പഴയ മുനിസിപ്പല്‍ പ്രദേശത്ത് 20 കി.മീ., ചേലോറ സോണലിന്റെ 46, എളയാവൂര് സോണലിന്റെ 19, എടക്കാട് സോണലിന്റെ 49, പുഴാതി സോണലിന്റെ 18, പള്ളിക്കുന്ന് സോണലിന്റെ 12 കിലോമീറ്റർ എന്നിങ്ങനെയാണ് പൈപ്പിടല്‍ പ്രവൃത്തി നടത്തുക.
പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കോർപറേഷൻ പരിധിയില്‍ നിലവിലുള്ള 31,601 വീടുകള്‍ക്കുള്ള കണക്ഷന് പുറമെ പുതുതായി 24,000 കുടുംബങ്ങള്‍ക്ക് കൂടി സൗജന്യ കുടിവെള്ള കണക്ഷന് നല്‍കാനാകും. കൂടാതെ, നിലവില്‍ പൈപ്പ് ലൈന്‍ വലിക്കാത്ത മുഴുവന്‍ പ്രദേശങ്ങളിലേക്കും പൈപ്പ് ലൈന്‍ വലിക്കും. പൈപ്പ് ലൈന്‍ വലിക്കാത്ത സ്ഥലങ്ങളിലുള്ളവര്‍ കോർപറേഷനില്‍ ആവശ്യപ്പെട്ടാല്‍ പുതുതായി ലൈന്‍ വലിച്ചു നല്‍കും.
നിലവില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ എം.എല്‍.എ ഫണ്ടിലോ മറ്റേതെങ്കിലും ഫണ്ടിലോ കുടിവെള്ള പൈപ്പ്ലൈന് വലിച്ച സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാമുള്ള മുഴുവന്‍ വീട്ടുകാര്‍ക്കും അപേക്ഷിച്ചാല്‍ വീടുകളിലേക്ക് സൗജന്യമായി കണക്ഷന് നല്‍കും.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ കോർപറേഷൻ പരിധിക്കകത്തെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ള കണക്ഷൻ ലഭിക്കും. അപേക്ഷ ഫോറങ്ങള്‍ കോർപറേഷൻ ഓഫിസ്, സോണല്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍നിന്നും സൗജന്യമായി ലഭിക്കും.
അമൃത് പദ്ധതികള്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ അമൃത് നഗരങ്ങളില്‍ കണ്ണൂര്‍ കോർപറേഷൻ സംസ്ഥാനത്ത് ഒന്നാമതാണെന്ന് മേയർ ടി.ഒ. മോഹനൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അമൃത് ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെട്ട മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം പൂര്‍ത്തിയായി. ട്രയല്‍ റണ്‍ ഉടനെ നടത്തും. ഈ പദ്ധതിയില്‍ 51, 52 ഡിവിഷനുകളിലെ വീടുകളില്‍ സൗജന്യ കണക്ഷന് നല്‍കുന്നതിന് മൂന്നു കോടി രൂപയുടെ പദ്ധതികള്‍ തയാറായി.
രണ്ട് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് നിർമാണവും ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ നടപടികള്‍ മൂലമാണ് അവസാനഘട്ട പ്രവൃത്തികൾ വൈകുന്നത്. അത് വൈകാതെ പൂര്‍ത്തിയാക്കാനാകും. പയ്യാമ്പലം പുലിമുട്ട്, ചേലോറ പാര്‍ക്ക്, മറ്റ് പാര്‍ക്കുകള്‍, തോട് നവീകരണം തുടങ്ങി നിരവധി പദ്ധതികള്‍ക്കായി 200 കോടിയോളം രൂപ ചെലവഴിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മേയർ പറഞ്ഞു.
അമൃത് 2.0 പദ്ധതിയില്‍ 100 കോടി രൂപയുടെ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് നാലിന് ചാല അമ്പലത്തിന് മുന്‍വശം മേയര്‍ ടി.ഒ. മോഹനന് നിർവഹിക്കും. വാർത്തസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, സ്ഥിരംസമിതി അധ്യക്ഷരായ എം.പി. രാജേഷ്, പി. ഇന്ദിര, ഷാഹിന മൊയ്തീന്, സുരേഷ് ബാബു എളയാവൂര്, സിയാദ് തങ്ങൾ, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയര്‍ കെ. സുദീപ്, അസി. എക്സിക്യുട്ടിവ് എൻജിനീയര്‍ ഷര്‍ണ രാഘവന് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.