നഗരത്തെ കണ്ണൂരിന്റെ കണ്ണാക്കി മാറ്റും -മേയർ
text_fieldsകണ്ണൂര്‍: കോര്‍പറേഷനില്‍ ടൂറിസം വികസനത്തിനും സൗന്ദര്യവത്കരണത്തിനും ഊന്നല്‍ നല്‍കുമെന്ന് മേയര്‍ മുസ്ലിഹ് മഠത്തില്‍. കണ്ണൂര്‍ പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസൗന്ദര്യവത്കരണവും വിനോദ സഞ്ചാര വികസനവുമാണ് വരുംകാലങ്ങളില്‍ നടപ്പിലാക്കുക. ടൂറിസത്തിന് പ്രാധാന്യം നല്കി പൈതൃക നഗരമെന്ന നിലക്കുള്ള പദ്ധതിയാണ് നടപ്പിലാക്കുക. കോഴിക്കോട് സാഹിത്യ നഗരമായി മാറിയതുപോലെ കണ്ണൂരിനെ പൈതൃക നഗരമാക്കി മാറ്റും. യുനസ്കോ പട്ടികയിൽ സ്ഥാനം പിടിക്കാനുള്ള ശ്രമവും നടത്തും. നഗരത്തെ കണ്ണൂരിന്റെ കണ്ണായി മാറ്റുന്ന പദ്ധതികളാണ് തയാറാവുന്നത്.
നല്ല നഗര കാഴ്ചകൾ നൽകും
കണ്ണൂരിലെത്തുന്നവര്‍ക്ക് നല്ല നഗര കാഴ്ചകൾ സമ്മാനിക്കും. പ്ലാസ മുതൽ പ്രഭാത് ജങ്ഷൻ വരെ സൗന്ദര്യവത്കരണത്തിനുള്ള പദ്ധതി തയാറാവുകയാണ്. നഗരത്തിൽ വാച്ച് ടവർ സ്ഥാപിക്കുന്നതിനടക്കമുള്ള വിശദ പദ്ധതി രേഖ തയാറായി വരികയാണ്. പയ്യാമ്പലം പോലെയുളള ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ണൂരിലുണ്ട്. പയ്യാമ്പലത്ത് എത്തുന്നവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ടേക് എ ബ്രേക്ക് വിശ്രമകേന്ദ്രം നിർമിക്കുന്നുണ്ട്. അടുത്തയാഴ്ച് ടെന്‍ഡര്‍ വിളിച്ചു പദ്ധതി നിര്‍മാണം തുടങ്ങും.
വാരം കടവിൽ വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കും. അതിന് സ്വകാര്യ വ്യക്തിയില്‍ നിന്ന് സ്ഥലമേറ്റെടുക്കേണ്ടതുണ്ട്. കക്കാട് പുഴ ശുചീകരണവും ടൂറിസം പദ്ധതിയും പൂര്‍ത്തിയാക്കും. കാനമ്പുഴയിൽ കയാക്കിങ് അടക്കമുള്ളവ ആരംഭിക്കും.
കന്നുകാലികളെ പിടിച്ചുകെട്ടും
നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാൻ നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക റാമ്പുള്ള വാഹനങ്ങൾ സജ്ജമാക്കുന്നുണ്ട്. പിടികൂടുന്നവയെ പിഴ ഈടാക്കി വിട്ടുകൊടുക്കാനാണ് തീരുമാനം. ഒരാഴ്ച കഴിഞ്ഞിട്ടും ഉടമസ്ഥർ എത്തിയില്ലെങ്കിൽ ലേലം ചെയ്തുവിൽക്കും. കന്നുകാലികളെ പിടികൂടാൻ ആളുകളെ കിട്ടാത്തത് മാത്രമാണ് പ്രശ്നം. കണ്ണൂര്‍ കോര്പറേഷന് സ്റ്റേഡിയം സ്റ്റേഡിയത്തിലെ കെട്ടിടങ്ങളുടെ നവീകരണത്തിന് എം.പിയുടെ ഫണ്ടില്‍ നിന്നുളള പ്രത്യേക പദ്ധതിയുണ്ട്. അവിടെ കളി നടക്കുകയെന്നതാണ് പ്രധാനം. കാലപ്പഴക്കം കൊണ്ടുളള പ്രശ്നങ്ങള്‍ സ്റ്റേഡിയം കോംപ്ലക്സിനുണ്ടെന്നും മേയര്‍ പറഞ്ഞു.
പ്രതിപക്ഷ ഭേദമില്ലാതെ വികസനം
കഴിഞ്ഞ ഭരണസമിതിയുടെ തുടര്‍ച്ചയാണ് ഈ ഭരണസമിതി. വികസന പ്രവര്‍ത്തനങ്ങള്‍ ഭരണ, പ്രതിപക്ഷ ഭേദമെന്നില്ലാതെ നടപ്പിലാക്കും. ദേശീയതലത്തിൽ തന്നെ മികച്ച പ്രവര്‍ത്തനം നടത്തുന്ന കോര്‍പറേഷനെന്ന അംഗീകാരം കണ്ണൂരിന് ലഭിച്ചിട്ടുണ്ട്. നെല്ലിക്ക ആപ്പിലൂടെ ഹരിതകര്‍മസേന നടത്തുന്ന അജൈവമാലിന്യ ശേഖരണത്തിനാണ് അംഗീകാരം ലഭിച്ചത്. സ്മാര്‍ട്ട് സിറ്റിയല്ലാത്ത നഗരമായ കണ്ണൂരിനെ അര്‍ബൻ ഡാറ്റ പട്ടികയിൽ ഉള്‍പ്പെടുത്താന്‍ സാധിച്ചുവെന്നും മേയര്‍ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വിജേഷ് സ്വാഗതവും ഗണേഷ് മോഹന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.