കണ്ണൂർ സൈക്ലിങ് ക്ലബ് @ അരലക്ഷം കിലോമീറ്റർ
text_fieldsകണ്ണൂർ: കണ്ണൂരിനെ അരലക്ഷം കിലോമീറ്റർ സൈക്കിളോടിപ്പിച്ച് കണ്ണൂർ സൈക്ലിങ് ക്ലബ് (കെ.സി.സി). വെറും 40 ദിവസത്തിനുള്ളിലാണ് ക്ലബ് അംഗങ്ങൾ ഈ നേട്ടം കൈവരിച്ചത്.
സൈക്ലിങ് ശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കെ.സി.സി ആവിഷ്കരിച്ച സമ്മർ-2020 '40 ഡേയ്സ് ചലഞ്ച്' വഴിയാണ് ലക്ഷ്യം കൈവരിച്ചത്. വ്യായാമത്തിനായി സൈക്കിളുകൾ വാങ്ങി കുറച്ച് ദിവസങ്ങൾ മാത്രമുപയോഗിച്ച് വെറുതെയിടുന്ന പ്രവണത സർവസാധാരണമാണ്. എന്നാൽ, തുടർച്ചയായ പ്രോത്സാഹനം വഴി സൈക്ലിങ്ങിെൻറ വ്യക്തിപരമായ ഗുണങ്ങൾ അനുഭവവേദ്യമാക്കി അതൊരു ശീലമായി നിലനിർത്താനാണ് ക്ലബ് നൂതനാശയവുമായി രംഗത്തു വന്നത്.
ഈ ചലഞ്ച് പ്രകാരം ഒരാൾ 40 ദിവസത്തിനുള്ളിൽ 1000, 750, അല്ലെങ്കിൽ 500 കിലോമിറ്റർ ദൂരം സൈക്കിൾ ചവിട്ടണം. ലോകത്തെവിടെ വെച്ചും എതു സമയത്തും എങ്ങനെ വേണമെങ്കിലും സൗകര്യമനുസരിച്ച് സൈക്കിൾ ചവിട്ടാം.
സ്ട്രാവ ആപ്പുപയോഗിച്ച് ക്ലബിെൻറ സാങ്കേതിക വിഭാഗം വ്യക്തിഗത റൈഡുകൾ നിരീക്ഷിച്ച് ദൂരം റെക്കോർഡ് ചെയ്യും. ഈ വിവരമാണ് മത്സരാർഥിയുടെ പുരോഗതി നിർണയിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ബംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിൽനിന്നുമായി 85ഓളം റൈഡർമാർ സമ്മർ-2020 '40 ഡേയ്സ് ചലഞ്ചി'ൽ പങ്കെടുത്തു.
തുടക്കത്തിൽ ശ്രമകരമാണെന്നു തോന്നിയ ചലഞ്ച് പിന്നീട് ദൂരം കൂടിയ ചലഞ്ചുകൾ സ്വീകരിക്കുന്ന അവസ്ഥയിലേക്ക് മെച്ചപ്പെട്ടതായി റൈഡർമാർ പറയുന്നു. കഴിഞ്ഞ മാർച്ച് ഒന്നിനാണ് സമ്മർ 2020 ചലഞ്ച് കണ്ണൂരിൽ ക്ലബ് പ്രസിഡൻറ് കെ.വി. രതീശൻ ഫ്ലാഗ്ഒാഫ് ചെയ്തത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മാർച്ച് 20ന് നിർത്തിവെക്കേണ്ടി വന്നു. പിന്നീട് ഇളവുകൾ പ്രഖ്യാപിച്ചതിൽ സൈക്ലിങ്ങിന് അനുവാദം ലഭിച്ചതോടെ ഒക്ടോബർ 10ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചലഞ്ച് പുനരാരംഭിക്കുകയായിരുന്നു. 1000 കിലോമീറ്റർ പിന്നിട്ടവർക്ക് സ്വർണമെഡലാണ് സമ്മാനം. 750ന് വെള്ളിയും 500ന് വെങ്കലവും ജേതാക്കൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. ക്ലബ് വൈസ് പ്രസിഡൻറ് മുരളി പ്രഗത് എറ്റവുമാദ്യം ചലഞ്ച് തീർക്കുന്ന റൈഡറിന് ഫസ്റ്റ് ഫിനിഷർ, ഏറ്റവും ചുരുങ്ങിയ റൈഡുകളിൽ ചലഞ്ച് തീർക്കുന്നയാൾക്ക് ഫാസ്റ്റ് ഫിനിഷർ എന്നിങ്ങനെ വ്യക്തിഗത സമ്മാനങ്ങൾ പ്രഖ്യാപിച്ചിരുന്നു.
കണ്ണൂരിലെ റൈഡറായ റായ് റഹ്മാനാണ് ഫസ്റ്റ് ഫിനിഷർ. എറണാകുളത്തെ റൈഡറായ നിതിൻ ഫാസ്റ്റ് ഫിനിഷർ അവാർഡിനും അർഹനായി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു ലഭിക്കുന്നമുറക്ക് കണ്ണൂരിൽവെച്ച് സമ്മാനദാനം നിർവഹിക്കും. ഇത്തരത്തിലുള്ള ചലഞ്ചുകൾ സൈക്ലിങ്ങിനെ വ്യായാമ ഉപാധിയെന്നതിലുപരി ചെറുയാത്രാമാർഗമായി കാണാൻ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും അത് സമൂഹത്തിന് നാനാവിധത്തിലുള്ള ഗുണങ്ങൾ പ്രദാനം ചെയ്യുമെന്നും ചലഞ്ച് പൂർത്തിയാക്കിയ കണ്ണൂരിലെ ഡയബറ്റോളജിസ്റ്റ് ഡോ. ഷബീർ അഭിപ്രായപ്പെട്ടു.
നഗരത്തിലെ മറ്റു പ്രമുഖ ഡോക്ടർമാരും ചലഞ്ച് പൂർത്തിയാക്കിയവരിലുണ്ട്. പരിപാടിയുടെ സമ്പൂർണ വിജയത്തിെൻറ ഊർജമുൾക്കൊണ്ട് ഡിസംബറിൽ കൂടുതൽ ബൃഹത്തായ രീതിയിൽ അടുത്ത ചലഞ്ചുമായി വീണ്ടുമെത്തുമെന്ന് കെ.സി.സി സെക്രട്ടറിയും ജില്ലയിലെ ആദ്യത്തെ അയൺമാനുമായ നിസാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.