കലക്ടറേ, എങ്ങനെയാണ് ഐ.എ.എസ് നേടുക?
text_fieldsകണ്ണൂർ: ഐ.എ.എസ് നേടാനുള്ള തയാറെടുപ്പുകള്‍ എന്തെല്ലാമെന്ന കുട്ടികളുടെ ചോദ്യത്തിന് ലക്ഷ്യബോധവും കഠിനാധ്വാനവുമുണ്ടെങ്കില്‍ വളരെയെളുപ്പം സിവില്‍ സർവിസ് നേടാമെന്നായിരുന്നു ജില്ല കലക്ടറുടെ മറുപടി. ജനങ്ങളെ സേവിക്കാനുള്ള അവസരമായിട്ടാണ് കലക്ടര്‍ പദവിയെ കാണുന്നതെന്നും അധ്യാപകരുടെയും സുഹൃത്തുകളുടെയും മാതാപിതാക്കളുടെയും പിന്തുണകൂടി തെൻറ ഈ ലക്ഷ്യത്തിനു പിറകില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 24 എന്‍.എസ്.എസ് വളൻറിയര്‍മാര്‍ ശിശുദിന ബാലാവകാശ സംരക്ഷണ വാരാചരണത്തിെൻറ ഭാഗമായി ചൈല്‍ഡ് ലൈന്‍ ഒരുക്കിയ 'ഇത്തിരി നേരം ഒത്തിരി കാര്യം' പരിപാടിയുടെ ഭാഗമായി ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖറുമായി സംവദിച്ചു. രക്ഷിതാക്കളോടും സുഹൃത്തുക്കളോടും അധ്യാപകരോടും തുറന്ന ആശയവിനിമയത്തിന് കുട്ടികള്‍ തയാറാവണം. എങ്കില്‍ മാത്രമേ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും കലക്ടർ പറഞ്ഞു.
കുട്ടികളുടെ അവകാശങ്ങള്‍ മുതല്‍, കരിയര്‍ കെട്ടിപ്പടുക്കുന്നത്, ലഹരി മരുന്ന് വ്യാപനം, മാലിന്യ സംസ്കരണം, നടപ്പാതയിലെ വാഹന പാര്‍ക്കിങ് തുടങ്ങി ഒരുപിടി ചോദ്യങ്ങളുമായി കിട്ടിയ അവസരം കുട്ടികളും പാഴാക്കിയില്ല. കുട്ടികള്‍ അണിയിച്ച ചൈല്‍ഡ് ലൈന്‍ സേ ദോസ്തി ബാന്‍ഡ് സ്വീകരിച്ചാണ് കലക്ടര്‍ കുട്ടികളുമായി സംവദിച്ചത്. സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോ, ജില്ല ജഡ്ജി ആര്.എല്‍. ബൈജു എന്നിവരുമായും കുട്ടികള്‍ സംവദിച്ചു. ചൈല്‍ഡ് ലൈന്‍ ജില്ല കോഓഡിനേറ്റര്‍ അമല്‍ജിത്ത് തോമസിെൻറ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ സന്ദര്‍ശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.