കണ്ണൂർ ജില്ല ആശുപത്രി മലിനജല പ്ലാന്റ് പൂർത്തിയായാൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് തുറക്കും -മന്ത്രി
text_fieldsകണ്ണൂർ: മലിനജല സംസ്കരണ പ്ലാന്റ് നിർമാണം പൂർത്തിയായി ഫയർ എൻ.ഒ.സിയും ലഭിച്ചാൽ ജില്ല ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് പൂർണമായും തുറക്കുമെന്ന് മന്ത്രി വീണ ജോർജ്. ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആശുപത്രി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ. മൂന്നുമാസംകൊണ്ട് പ്ലാന്റ് പൂർത്തിയാക്കാനാണ് നിർദേശം. നിലവിൽ പുരുഷന്മാരുടെ മെഡിക്കൽ വാർഡ്, സർജിക്കൽ വാർഡ് എന്നിവ പുതിയ ബ്ലോക്കിൽ പ്രവർത്തിക്കുന്നുണ്ട്.
ഡയാലിസിസ് കേന്ദ്രത്തിലുള്ള സജ്ജീകരണങ്ങളും തയാറായിട്ടുണ്ട്. അത് പ്രവർത്തന സജ്ജമാകുന്നതോടെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. പുതിയ ബ്ലോക്ക് പൂർണമായും പ്രവർത്തന സജ്ജമാകുമ്പോൾ ആവശ്യമായി വരുന്ന അധിക തസ്തികകളും പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. മെഡിക്കൽ കോളജിന് സമാനമായ ഒരു ജില്ല ആശുപത്രി ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സ്ഥിരം സമിതി അധ്യക്ഷ കെ.കെ. രത്നകുമാരി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന, അഡീ. ഡയറക്ടർ ഡോ. വിദ്യ, ഡി.എം.ഒ ഡോ. എം.പി. ജീജ, ഡി.പി.എം ഡോ. അനിൽകുമാർ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എം. പ്രീത, ആർ.എം.ഒ ഡോ. സുമിൻ, ബി.എസ്.എൻ.എൽ എക്സിക്യൂട്ടിവ് എൻജിനീയർ ശ്രീരാമകൃഷ്ണൻ, ഇലക്ട്രിക്കൽ എക്സിക്യൂട്ടിവ് എൻജിനീയർ ദാമോദര നായിക്, പി.ആൻഡ്.സി. പ്രോജക്ട് മാനേജർ ദ്വാരക് ലാൽ എന്നിവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.