ആർദ്ര കേരളം; കണ്ണൂരിന് തിങ്കൾപ്രഭ
text_fieldsകണ്ണൂർ: ജില്ല പഞ്ചായത്തിനെ 2022-23ലെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തിന് അർഹമാക്കിയത് ആരോഗ്യ മേഖലയിൽ നടപ്പാക്കിയ വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ.
ആരോഗ്യമേഖലയിൽ വിവിധ പ്രവർത്തനങ്ങൾക്കായി നടത്തിയ ഫണ്ട് വിനിയോഗം, സാന്ത്വന പരിചരണ പരിപാടികൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, നൂതനാശയങ്ങൾ നടപ്പാക്കൽ, ശുചിത്വ-മാലിന്യ നിർമാർജന മേഖലയിലെ ഇടപെടലുകൾ എന്നിവ മുൻനിർത്തിയാണ് അവാർഡ് ലഭിച്ചത്.
ജില്ല പഞ്ചായത്തിനു കീഴിലെ ജില്ല ആശുപത്രി, ജില്ല ആയുർവേദ ആശുപത്രി, ജില്ല ഹോമിയോ ആശുപത്രി എന്നിവയുടെ മികച്ച പ്രവർത്തനം അവാർഡ് ലഭിക്കുന്നതിന് സഹായകമായി. ആശുപത്രികൾക്ക് മരുന്ന് വാങ്ങുന്നതിനായി മാത്രം വിനിയോഗിച്ച മൂന്നു കോടി രൂപ ഉൾപ്പെടെ ഒമ്പത് കോടിയോളം രൂപ 2022-23ൽ ജില്ല പഞ്ചായത്ത് ചെലവഴിച്ചിട്ടുണ്ട്.
ജില്ല ആശുപത്രിയിലെ കൃത്രിമ അവയവനിർമാണവും വിതരണവും ട്രോമാകെയർ, ഹൃദയ-വൃക്ക തുടങ്ങിയ സ്പെഷാലിറ്റി ക്ലിനിക്കുകൾ, കാത്ത് ലാബ്, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക വാർഡ് എന്നിവ മൾട്ടി സ്പെഷാലിറ്റി സ്വകാര്യ ആശുപത്രികളുമായി കിടപിടിക്കുന്നതാണ്.
ജില്ല ഹോമിയോ ആശുപത്രിയിലെ ജനനി, സീതാലയം, സദ്ഗമയ തുടങ്ങിയ സ്പെഷാലിറ്റി ക്ലിനിക്കുകളും ജില്ല ആയുർവേദ ആശുപത്രിയിലെ പക്ഷാഘാതരോഗികളുടെയും വയോജനങ്ങളുടെയും ചികിത്സക്കും സ്ത്രീകളുടെയും ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തിനും മാനസികാരോഗ്യ സംബന്ധമായ ചികിത്സകൾക്കുമുൾപ്പെടെയുള്ള പ്രത്യേക ക്ലിനിക്കുകളും മികവുറ്റതാണ്.
ജില്ല പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും ആധുനിക രീതിയിലുള്ള മോഡുലാർ ടോയ്ലറ്റ്, ടേക്ക് എ ബ്രേക്ക്, ആധുനിക ശ്മശാനങ്ങൾ എന്നിവക്ക് ഉൾപ്പെടെ ശുചിത്വ സംവിധാനങ്ങൾക്കായി 6.2 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.
ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളെയെല്ലാം കൂട്ടിച്ചേർത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ നേതൃത്വത്തിൽ ശുചിത്വ, മാലിന്യ സംസ്കരണ മേഖലയിലൊന്നാകെ നടത്തിയ പ്രവർത്തനങ്ങളും അവാർഡ് നിർണയത്തിന് പരിഗണിക്കപ്പെട്ടു. ജില്ല പഞ്ചായത്തിന് ലഭിക്കുന്ന നാലാമത്തെ സംസ്ഥാന പുരസ്കാരമാണിത്.
കായകൽപ്പ് അവാർഡിലും തിളങ്ങി ജില്ല
കണ്ണൂർ: 2023-24 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡിൽ അഭിമാന നേട്ടം കരസ്ഥമാക്കി കണ്ണൂർ ജില്ല. ജില്ലയിലെ എട്ട് സർക്കാർ ആശുപത്രികളാണ് പുരസ്കാരം നേടിയത്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്കരിച്ചതാണ് ഈ പുരസ്കാരം. ജില്ലതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 13 ആശുപത്രികളുടെ വിഭാഗത്തിൽ 74.09 ശതമാനം മാർക്ക് നേടിയ കണ്ണൂർ മാങ്ങാട്ട്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു ലക്ഷം രൂപയാണ് അവാർഡ് തുക. അതോടൊപ്പം ഉപജില്ലതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 10 ആശുപത്രികളിൽ കണ്ണൂരിൽനിന്ന് പഴയങ്ങാടി താലൂക്ക് ആശുപത്രി 76.59 ശതമാനം മാർക്കോടെ തിരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പൊറോറക്ക് (89.82) 50,000 രൂപ അവാർഡ് തുക ലഭിക്കും.
പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ ജില്ലയിൽനിന്ന് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച എഫ്.എച്ച്.സി കതിരൂരിന് (97.5) രണ്ട് ലക്ഷം രൂപയും ജില്ലയിൽനിന്ന് 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച എഫ്.എച്ച്.സി പറശ്ശിനിക്കടവ് (97.1), എഫ്.എച്ച്.സി വളപട്ടണം (96.2) എന്നീ സ്ഥാപനങ്ങൾക്ക് 50,000 രൂപ വീതവും ലഭിക്കും. ജില്ലതലത്തിൽ 70 ശതമാനത്തിലധികം മാർക്ക് നേടിയ എച്ച്.ഡബ്ല്യു.സി മുള്ളൂൽ 72.5 ശതമാനം (അവാർഡ് തുക ഒരു ലക്ഷം), എച്ച്.ഡബ്ല്യു.സി വേങ്ങാട് 71.2 (അവാർഡ് തുക 50,000 രൂപ) എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങളും അവാർഡിനർഹമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.