വിവാഹ ചട്ടം നടപ്പാക്കാനൊരുങ്ങി കണ്ണൂർ ജില്ല പഞ്ചായത്ത്
text_fieldsകണ്ണൂർ: ഓരോ വ്യക്തിയുടെയും ജീവിതത്തിലെ പ്രധാന ചടങ്ങാണ് വിവാഹം. അത്തരം ചടങ്ങിൽ ബോംബെറിയുന്നതുവരെ എത്തിയ സാഹചര്യത്തിൽ 'ആഘോഷമാവാം; അതിരു കടക്കരുത് -നന്മയിലൂടെ നാടിനെ കാക്കാം' കാമ്പയിനുമായി ജില്ല പഞ്ചായത്ത്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ ആഘോഷ പരിപാടികളിലും മറ്റും അനിയന്ത്രിതമായ രീതിയിൽ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നുണ്ട്. വിവാഹങ്ങളിലും ആഘോഷ വേളകളിലും അതിരുകടക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ്. ഈ സാഹചര്യത്തിൽ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിൽ വിവാഹ ചട്ടം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പൗരപ്രമുഖരെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും യുവജന, മഹിള സംഘടന നേതാക്കളെയും വായനശാല, കുടുംബശ്രീ പ്രവർത്തകരെയും പങ്കെടുപ്പിച്ച് ജാഗ്രത സഭകൾ സംഘടിപ്പിക്കും. തുടർന്ന് വാർഡ് അടിസ്ഥാനത്തിൽ 10 പേർ അംഗങ്ങളായ നിരീക്ഷണ സമിതി പ്രവർത്തിക്കും.
ആഘോഷ വേളകളിൽ ഗ്യാങ്ങുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വർധിച്ചുവരുന്നുണ്ട്. മദ്യം കൂടാതെ ന്യൂജനറേഷൻ ലഹരി ഉപയോഗം കുട്ടികളിലും യുവാക്കളിലും വ്യാപകമായിട്ടുണ്ട്. ഇത്തരക്കാരെ പ്രാദേശികമായി നിരീക്ഷിച്ച് നിയമ സംവിധാനത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.
ആഘോഷ വീടുകളിലെ പരസ്യ മദ്യപാനത്തിനും മദ്യവിതരണത്തിനുമെതിരെ കുടുംബശ്രീയുടെ സഹായത്തോടെ സ്ത്രീകളെ സജ്ജരാക്കുമെന്നും വിവാഹ വീടുകളിൽ മൈക്ക് ഉപയോഗിക്കുന്നതിന് പൊലീസിന്റെ അനുമതി വാങ്ങേണ്ടിവരുമെന്നും പ്രസിഡന്റ് അറിയിച്ചു.
ജില്ല പഞ്ചായത്ത് ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന കാമ്പയിന്റെ ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ നടന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ അഡ്വ. കെ.കെ. രത്നകുമാരി, അംഗം സി.പി. ഷിജു, സെക്രട്ടറി വി. ചന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
ബോധവത്കരണത്തിന് കോർപറേഷനും
വിവാഹ ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന ആഭാസങ്ങൾക്കെതിരെയും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിയെും പൊതുജന പിന്തുണയോടെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ കണ്ണൂർ കോർപറേഷൻ സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഓരോ ഡിവിഷൻ തലത്തിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ എല്ലാവിഭാഗം ആൾക്കാരെയും ഉൾക്കൊള്ളിച്ചു നിരീക്ഷണ സമിതികൾ രൂപവത്കരിക്കുന്നതിനും തീരുമാനിച്ചു.
ഇതുസംബന്ധിച്ച് വിശദമായി ആലോചിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾ, യുവജന -മഹിള സംഘടനകൾ, റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, പൊലീസ് -റവന്യൂ അധികൃതർ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കോർപറേഷൻ കൗൺസിൽ ഹാളിൽ വിളിക്കുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. എം.പി. രാജേഷ്, സുരേഷ് ബാബു എളയാവൂർ, പി. ഷമീമ, അഡ്വ. പി. ഇന്ദിര, മുസ്ലിഹ് മഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.