ജലസ്രോതസ്സുകളിൽ അറവു മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പാക്കണം
text_fieldsകണ്ണൂർ: ജലസ്രോതസ്സുകളിൽ കോഴി, അറവ് മാലിന്യം ഉൾപ്പെടെ തള്ളുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകൾ നടത്തണമെന്ന് ജില്ല ആസൂത്രണ സമിതി യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കോഴിമാലിന്യം റെൻഡറിങ് പ്ലാൻറുകൾക്ക് നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ നിർദേശിച്ചു. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിൽ വന്ധ്യംകരണത്തെ പോലെ പ്രധാനമാണ് പൊതുയിടങ്ങളിലെ കോഴി, അറവ് മാലിന്യം തള്ളാതിരിക്കുന്നതും.
ഡിസ്പോസ്ബിൾ ഗ്ലാസ്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് എന്നിവ ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് അഭികാമ്യം. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുള്ള കല്യാണങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി പ്രോത്സാഹിപ്പിക്കുന്നത് പഞ്ചായത്തുകൾ തുടരണമെന്നും കലക്ടർ പറഞ്ഞു. മാലിന്യ നിർമാർജനത്തിനും എ.ബി.സി പദ്ധതിക്കും എല്ലാ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി വെക്കണമെന്ന് ഡി.പി.സി ചെയർപേഴ്സനായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.
എ.ബി.സി പദ്ധതിക്ക് പണം വെക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക റിവിഷൻ അനുവദിക്കും. എ.ബി.സി പദ്ധതി പ്രകാരം നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിനായി ഒരു മാസത്തെ ഷെഡ്യൂൾ തയാറാക്കാൻ യോഗം തീരുമാനിച്ചു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും എ.ബി.സി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാദേശിക സമിതി രൂപവത്കരിക്കണമെന്ന് തെരുവുനായ് ശല്യം സംബന്ധിച്ച കർമപദ്ധതി അവതരിപ്പിച്ച തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ ടി.ജെ. അരുൺ അറിയിച്ചു. ഓരോ പ്രദേശത്തെയും അപകടകാരികളായ നായ്ക്കളെ പിടികൂടി പാർപ്പിക്കുന്നതിനായി താൽക്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കണം. എ.ബി.സി പദ്ധതി സംബന്ധിച്ച് ബോധവത്കരണം നടത്തണം.
ജില്ല പഞ്ചായത്തിന്റെയും ചെറുതാഴം പഞ്ചായത്തിന്റെയും സ്പിൽ ഓവർ പ്രോജക്ടുകൾ ഉൾപ്പെടുത്തി പരിഷ്കരിച്ച 2023-24 വാർഷിക പദ്ധതിക്ക് യോഗം അംഗീകാരം നൽകി. ഇതോടെ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതി ഭേദഗതികൾക്ക് അംഗീകാരമായി.
അമൃത്-ഒന്ന് പദ്ധതി പ്രകാരമുള്ള കണ്ണൂർ കോർപറേഷന്റെ ജി.ഐ.എസ് അധിഷ്ഠിത കരട് മാസ്റ്റർ പ്ലാൻ ഡി.പി.സിയുടെ അംഗീകാരത്തിനായി യോഗത്തിൽ സമർപ്പിച്ചു. ഇത് പരിശോധിച്ച് അംഗീകാരം നൽകുന്നതിനായി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറിന്റെ നേതൃത്വത്തിലുള്ള ഒരു സമിതി രൂപവത്കരിച്ചു.
ഡി.പി.സി അംഗങ്ങളായ ടി.ഒ. മോഹനൻ, ടി. സരള, ഇ. വിജയൻ, ലിസി ജോസഫ്, കെ. ഗോവിന്ദൻ, കെ. താഹിറ, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ ടി. രാജേഷ് എന്നിവർ പങ്കെടുത്തു.
14 ഡെങ്കിപ്പനി ഹോട്സ്പോട്ടുകൾ
ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എം.പി. ജീജ ജില്ല ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ഡെങ്കിപ്പനി കേസുകൾ ഇതുവരെ കുറവാണ് കാണുന്നത്. എങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മലയോര ഭാഗങ്ങളിലും കോർപറേഷനിലും നഗരസഭ പ്രദേശങ്ങളിലുമാണ് ഡെങ്കിപ്പനി കേസുകൾ കുടുതൽ. 14 തദ്ദേശ സ്ഥാപനങ്ങൾ ഡെങ്കിപ്പനിയുടെ ഹോട്സ്പോട്ടുകളായി തിരിച്ചറിഞ്ഞിട്ടുണ്ട്. റബർ പ്ലാന്റേഷനുകൾ ഉള്ള സ്ഥലങ്ങളിലാണ് കൂടുതൽ കേസുകൾ. റബർ പ്ലാന്റേഷനുകളിൽ ഉപയോഗിക്കാത്ത ചിരട്ടകൾ കമിഴ്ത്തി വെക്കാൻ ശ്രദ്ധിക്കുക. കൊതുകു നശീകരണത്തിന് കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരകമായ സാംക്രമിക രോഗങ്ങൾക്കും ജലജന്യ രോഗങ്ങൾക്കും എതിരെ ജാഗ്രത പാലിക്കണം. തുടർച്ചയായ പനി വരുമ്പോൾ സ്വയംചികിത്സ നടത്താതെ കൃത്യമായ വൈദ്യസഹായം തേടുകയും പരിശോധനകൾ നടത്തുകയും ചെയ്യണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ജലജന്യ രോഗങ്ങളായ ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ് എന്നിവ പകരാതിരിക്കാൻ ജലസ്രോതസ്സുകൾ മലിനമാവുന്നത് തടയണം. കോവിഡ് കേസുകൾ വളരെ കുറഞ്ഞുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ രോഗബാധയുടെയും ഈ വർഷത്തെ കേസുകളുടെയും അടിസ്ഥാനത്തിലാണിത്.
എലിപ്പനി വരാതിരിക്കാനുള്ള വലിയൊരു മുൻകരുതൽ യഥാവിധിയുള്ള മാലിന്യ സംസ്കരണമാണ്. എലിയുടെയും കന്നുകാലിയുടെയും നായ്,പൂച്ച എന്നിവയുടെ മൂത്രം കലർന്ന വെള്ളം അല്ലെങ്കിൽ മണ്ണുമായി സമ്പർക്കം വരുമ്പോഴാണ് എലിപ്പനി വരുന്നത്.
ഇത്തരം സമ്പർക്കമുള്ള ജോലി ചെയ്യുന്ന കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ ആഴ്ചയിൽ ഒരിക്കൽ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കുക. ഇത് ആരോഗ്യ വകുപ്പ് ആശ പ്രവർത്തകർ മുഖേന വിതരണം ചെയ്യുന്നുണ്ട്. ജോലി ചെയ്യുമ്പോൾ കാലിൽ ഗം ബൂട്ടുകൾ, കൈയുറകൾ എന്നിവ ഉപയോഗിക്കുന്നതിലൂടെ മലിനമായ ജലം, മണ്ണ് എന്നിവയുമായി സമ്പർക്കം ഒഴിവാക്കാം. കെട്ടിനിൽക്കുന്ന വെള്ളത്തിലും അഴുക്കുവെള്ളത്തിലും കുളിക്കുക, വാഹനം കഴുകുക, കൈയും കാലും കഴുകുക തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കണം.
എലിപ്പനി; കഴിഞ്ഞവർഷം എട്ടുമരണം
എലിപ്പനി ബാധിച്ച് കഴിഞ്ഞ വർഷം എട്ട് മരണം റിപ്പോർട്ട് ചെയ്തു. മരുന്ന് കഴിക്കുന്നതിലൂടെ എലിപ്പനിയെ ഫലപ്രദമായി പ്രതിരോധിക്കാം. എലിപ്പനി ബാധിച്ച് നാലഞ്ച് ദിവസം കഴിയുമ്പോൾ വൃക്കകളേയും കരളിനെയും ബാധിച്ച് രോഗം സങ്കീർണമാവാൻ സാധ്യതയുണ്ട്. ശക്തമായ മേലുവേദയുള്ള പനി എലിപ്പനിയോ ഡെങ്കിപ്പനിയോ ആവാം. ഇതിന് വേദനസംഹാരികളും മറ്റും ഉപയോഗിച്ചുള്ള സ്വയം ചികിത്സ ചെയ്യരുത്. ഇത് എലിപ്പനി ബാധിച്ചവരിൽ വൃക്കകളുടെ പ്രവർത്തനം കൂടുതൽ തകരാറിലാക്കും.
ചിക്കൻ പോക്സിൽ വലിയ വർധന ഈ വർഷം ഉണ്ടായി. ആൻറി വൈറൽ മരുന്ന് തുടക്കത്തിൽ തന്നെ കൊടുത്താൽ ന്യൂമോണിയ പോലെ സങ്കീർണമായ അവസ്ഥയുണ്ടായി പ്രായമുള്ളവരിലും മറ്റ് രോഗമുള്ളവരിലും മരണം ഉണ്ടാവാനുള്ള സാധ്യത ഒഴിവാക്കാം. വന്നുകഴിഞ്ഞാൽ ഉടൻ തന്നെ ചികിത്സ തേടുകയാണ് വേണ്ടത്.
ചെള്ളുപനി കേസുകളിൽ തലച്ചോറിനെ ബാധിച്ച് അപൂർവമായെങ്കിലും മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ന്യൂമോണിയ ഉണ്ടാവാം. തുടർച്ചയായി പനി വരുമ്പോൾ ചികിത്സ തേടുക.
ഭക്ഷ്യവിഷബാധ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആരാധനാലയങ്ങളിലെ അന്നദാനം, വീടുകളിലെ വിവാഹം എന്നിവ ബന്ധപ്പെട്ടാണ് ഈ കേസുകൾ. തിളപ്പിച്ചാറ്റിയ വെള്ളത്തിനൊപ്പം മലിനമായ ജലം ചേർക്കുന്നതാണ് ഒരു കാരണം. ഭക്ഷണം നേരത്തെ തയാറാക്കി കൊടുക്കുന്നതും കാരണമാണ്. കല്യാണങ്ങളിൽ വെൽകം ഡ്രിങ്കിൽ ചേർക്കുന്നത് പലപ്പോഴും ഭക്ഷ്യയോഗ്യമായ ഐസ് ആയിരിക്കില്ല. ഇതും ഭക്ഷ്യവിഷബാധക്ക് കാരണമാവുന്നു.
ഹെപ്പറ്റൈറ്റിസ് കൂടുതൽ ഉണ്ടായത് ചപ്പാരപ്പടവ് പഞ്ചായത്തിലാണ്. പഞ്ചായത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. നിലവിൽ നിയന്ത്രണ വിധേയമാണ്. ഇത് പകരുന്നത് വെള്ളത്തിലൂടെയും ഭക്ഷണത്തിലുടെയുമാണ്.
സിറവും വാക്സിനും ലഭ്യമാണ്
പേപ്പട്ടി കടിച്ചാൽ കുത്തിവെക്കേണ്ട സിറം നിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും ജില്ല ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും ലഭ്യമാണെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എം.പി. ജീജ ജില്ല ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു. പേവിഷ വാക്സിനുകൾ സി.എച്ച്.സി തലം മുതൽ മേലോട്ടുള്ള ആശുപത്രികളിലും മേജർ ആശുപത്രികളിലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.