കണ്ണൂര്‍ പുഷ്പോത്സവത്തിന് തുടക്കം
text_fieldsകണ്ണൂർ: പൂക്കൾ മനുഷ്യനെ ചിരിക്കാൻ പഠിപ്പിക്കുകയാണെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ജില്ല അഗ്രി ഹോര്‍ട്ടികൾചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പൊലീസ് മൈതാനിയിൽ ആരംഭിച്ച ‘കണ്ണൂര്‍ പുഷ്പോത്സവം-23’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പല പൂച്ചെടികളും വളരുന്നത് ചെളിയിലും വെള്ളത്തിലുമാണ്. എന്നാൽ, അവ നമുക്ക് സമ്മാനിക്കുന്നത് സുഗന്ധവും അതി സുന്ദരമായ കാഴ്ചയുമാണ്. മനുഷ്യനെ ചിരിക്കാൻ പഠിപ്പിക്കുന്ന പൂക്കൾ കാറ്റിൽ ഇളകിയാടുമ്പോൾ അത് നൃത്തച്ചുവടുകളാകുന്നു. അതേകുന്ന ആനന്ദവും ഊർജവും ചെറുതല്ല. വിദ്യയും സമ്പത്തും കൂടുമ്പോൾ മനുഷ്യന്റെ വിനയവും കൂടണമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി ആറുവരെയാണ് പുഷ്പോത്സവം. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും നഴ്സറികളുടെ വൈവിധ്യമാര്‍ന്ന സ്റ്റാളുകളാണ് മേളയിലുള്ളത്. ചെടികള്‍, ഫലവൃക്ഷത്തൈകള്‍, മറ്റു നടീല്‍ വസ്തുക്കള്‍, ഔഷധ സസ്യങ്ങള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ ലഭിക്കും.
വിവിധയിനം തൈകള്‍, ജൈവവളം, ജൈവകീടനാശിനികള്‍, പൂച്ചട്ടികള്‍, മണ്‍പാത്രങ്ങള്‍, ഉപഭോക്തൃ ഉല്പന്നങ്ങള് എന്നിവയുടെ സ്റ്റാളുകളും സജീവമാണ്. ആറളം ഫാം, കരിമ്പം ഫാം, കൃഷിവകുപ്പ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ്, ബി.എസ്.എന്‍എല്‍, അനര്‍ട്ട്, കേരള ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് പ്രൊഡക്ട് ലിമിറ്റഡ്, റെയ്ഡ്കോ എന്നിവയുടെ പവലിയനുകളും ഫുഡ് കോര്‍ട്ടും മേളയിലുണ്ട്.
കേരളം, പൂണെ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമെത്തിച്ച ചെടികളും പുല്‍ത്തകിടികളും ഉപയോഗിച്ച് പതിനായിരത്തിലേറെ ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തയാറാക്കിയ ഉദ്യാനം പുഷ്പോത്സവ നഗരിയിലെ മുഖ്യ ആകര്‍ഷണമാണ്.
ജലധാര, മുളകൊണ്ടുള്ള പാലം, ആദിവാസി കലാകാരന്മാര് നിര്‍മിച്ച ആദിവാസി കുടില്‍, ഫോട്ടോ ബൂത്ത്, ബോണ്‍സായി ശേഖരം തുടങ്ങിയവയും ഇവിടെ കാഴ്ചക്കാരെ കാത്തിരിക്കുന്നു. വിവിധ ദിവസങ്ങളിലായി പുഷ്പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിങ്, പാചകം, സലാഡ് അറേഞ്ച്മെന്റ്, മൈലാഞ്ചിയിടല്‍, കൊട്ട-ഓല മെടയല്‍, പുഷ്പരാജ-റാണി, പുഞ്ചിരി, കാര്‍ഷിക ഫോട്ടോഗ്രാഫി, മൊബൈല്‍ ഫോട്ടോഗ്രാഫി, കാരിക്കേച്ചര്‍ തുടങ്ങിയ മത്സരങ്ങള്‍ നടക്കും.
ചടങ്ങില്‍ പ്രിൻസിപ്പൽ കൃഷി ഓഫിസർ പി.വി. ശൈലജ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. ടി.ഒ. മോഹനന് മുഖ്യാതിഥിയായി. വി.പി. കിരണ്‍, ഡോ. കെ.സി. വത്സല, ഗായകൻ അതുൽ നറുകര എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് അതുല്‍ നറുകരയും സംഘവും അവതരിപ്പിച്ച ഗാനമേള അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.