കണ്ണൂർ കോട്ട; തെളിയാതെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ
text_fieldsകണ്ണൂര്‍: ലക്ഷങ്ങൾ ചെലവഴിച്ച് സജ്ജീകരിച്ച കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഇനിയും 'വെളിച്ചം' കണ്ടില്ല. നവീകരണ പ്രവൃത്തി പൂർത്തിയായി ഫെബ്രുവരി ഒമ്പതിന് ഷോ ട്രയല്‍ റണ്‍ നടത്തുമെന്ന് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ അറിയിച്ചെങ്കിലും നടപടി എങ്ങുമെത്തിയില്ല. ട്രയൽ റൺ തീയതി പ്രഖ്യാപിച്ചിട്ട് ഒന്നര മാസം കഴിഞ്ഞു. എന്നാൽ, ഷോ സാങ്കേതിക പ്രവൃത്തികൾ പൂര്‍ത്തിയായില്ല. സജ്ജീകരണങ്ങൾ സാങ്കേതിക സര്‍വിസിനായി ഹൈദരാബാദിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവ ഇനിയും നന്നാക്കി ലഭിച്ചിട്ടില്ല.
2016 ഫെബ്രുവരി 29ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍, അന്ന് ഒറ്റ ദിവസം മാത്രം പ്രദർശനം നടത്തി നിന്നുപോകുകയായിരുന്നു.
ഗൊല്‍ക്കൊണ്ട കോട്ട, പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍, രാജസ്ഥാനിലെ ഉദയ്പുര്‍ കൊട്ടാരം, മധ്യപ്രദേശിലെ ഗ്വാളിയാര്‍ കോട്ട എന്നിവിടങ്ങളിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ചുവടു പിടിച്ചായിരുന്നു കണ്ണൂരിലും പദ്ധതി നടപ്പാക്കിയത്. ടൂറിസം വകുപ്പിന്റെ 3.88 കോടി ചെലവിലായിരുന്നു ഷോ നടപ്പാക്കിയത്. കോട്ടയിലെ പ്രവേശന കവാടത്തില്‍നിന്ന് തുടങ്ങുന്ന നടപ്പാതയില്‍ തുറസ്സായ സ്ഥലത്തിനോടു ചേര്‍ന്നുള്ള കോട്ടയുടെ ചുവരില്‍ വെളിച്ച,ശബ്ദ സംവിധാനത്തിലൂടെ ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ കോട്ടയുടെയും കണ്ണൂരിന്റെയും ചരിത്രം വിവരിക്കുന്നതായിരുന്നു പദ്ധതി.
ഒരേസമയം 250 പേര്‍ക്ക് ഇരുന്നു കാണാവുന്ന സംവിധാനവും ആസൂത്രണം ചെയ്തിരുന്നു. കണ്ണൂരിന്റെ പൈതൃകം കവരാനെത്തിയവരോട് പോര്‍ച്ചുഗീസുകാര്‍ കണ്ണൂരിലെത്തുന്നതു മുതലുള്ള ചരിത്രം പ്രതിപാദിക്കുന്നതിനൊപ്പം അറയ്ക്കല്‍, ചിറക്കല്‍, കണ്ണൂരിന്റെ പാരമ്പര്യം, കോലത്തിരി നാടിന്റെ പെരുമ, ബ്രിട്ടീഷുകാരുടെ വരവ്, പഴശി പോരാട്ടം, സ്വാതന്ത്ര്യ സമര പോരാട്ടം എന്നിവയെല്ലാം പങ്കുവെക്കുന്ന രീതിയിലാണ് ഷോ. ഒടുവില്‍ കോട്ടയുടെ പൈതൃകം കവരാനെത്തിയവര്‍ മാനസാന്തരപ്പെട്ടു സ്വയം കോട്ടയുടെ കാവലാളുകളായി മാറുന്ന രീതിയിലുള്ളതാണ് പ്രദര്‍ശനം. ആധുനിക സജ്ജീകരണങ്ങളായ മള്‍ട്ടി മീഡിയ സ്കാനിങ്, ലേസര്‍ പ്രോജക്ടുകള്‍ എന്നിവ സമര്‍ഥമായി വിനിയോഗിച്ചായിരുന്നു അവതരണം. 56 മിനിറ്റ് നീളുന്ന പരിപാടിക്കു ശബ്ദം നല്‍കിയത് നടന് മമ്മൂട്ടിയും നടി കാവ്യമാധവനുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.