കണ്ണൂർ കോട്ട വീണ്ടും പ്രകാശം പരത്തും; ലൈറ്റ് ആൻഡ് സൗണ്ട് ഷോ ട്രയൽ ഒമ്പതിന്
text_fieldsകണ്ണൂർ: കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പുനരാരംഭിക്കുന്നു. ജനുവരി ഒമ്പതിന് ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ട്രയൽ നടക്കുമെന്ന് ഡി.ടി.പി.സി അധികൃതർ അറിയിച്ചു.
ട്രയൽ വിജയകരമായാൽ ഒരുമാസത്തിനകം ഷോ പൂർണതോതിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അഴിമതിയുടെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്നതിനിടെയാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ പുനരാരംഭിക്കാനുള്ള നീക്കവുമായി ഡി.ടി.പി.സി രംഗത്തെത്തിയത്.
ബംഗളൂരു ആസ്ഥാനമായുള്ള ക്രാഫ്റ്റ് ലൈറ്റ് എന്ന സ്വകാര്യ കമ്പനിയാണ് ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ നിർദേശത്തിന് പിന്നാലെയാണ്, പ്രവൃത്തി ഏകദേശം പൂർത്തിയായതായും ഒമ്പതിന് ട്രയൽറൺ നടത്തുമെന്നും ഡി.ടി.പി.സി അറിയിച്ചത്.
2016 ഫെബ്രുവരി 29ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അന്ന് പ്രദർശനം ഒറ്റ ദിവസത്തിൽ ഒതുങ്ങി.
ഗോൽക്കൊണ്ട കോട്ട, പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ, രാജസ്ഥാനിലെ ഉദയപുർ കൊട്ടാരം, മധ്യപ്രദേശിലെ ഗ്വാളിയർ കോട്ട എന്നിവിടങ്ങളിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ചുവടുപിടിച്ചായിരുന്നു, ടൂറിസം വകുപ്പിന്റെ 3.88 കോടി രൂപ ചെലവിൽ കണ്ണൂരിലും പദ്ധതി നടപ്പാക്കിയത്. കോട്ടയിലെ പ്രവേശന കവാടത്തിൽനിന്ന് തുടങ്ങുന്ന നടപ്പാതയിൽ തുറസ്സായ സ്ഥലത്തിനോടുചേർന്നുള്ള ചുമരിൽ ഇംഗ്ലീഷിലും മലയാളത്തിലും കോട്ടയുടെയും കണ്ണൂരിന്റെയും ചരിത്രം വിവരിക്കുന്നതുൾപ്പെടെയായിരുന്നു പദ്ധതി. ഒരേസമയം 250 പേർക്ക് ഇരുന്നുകാണാവുന്ന സംവിധാനവും ആസൂത്രണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.