സനാഥമാവുമോ മെഡിക്കൽ കോളജ് മാനസികാരോഗ്യ വിഭാഗം?
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മാനസികാരോഗ്യ വിഭാഗത്തിൽ കൂടുതൽ സൈക്കോളജിസ്റ്റുമാരെ നിയമിക്കുമെന്ന് അധികൃതർ. കൂടുതൽ സൈക്കോളജിസ്റ്റുമാരില്ലാത്തതു സംബന്ധിച്ച് എം.വി. ശിൽപരാജ് നൽകിയ വിവരാവകാശ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അധികൃതർ നയം വ്യക്തമാക്കിയത്.
ഈ മാസം 14ന് വാക്ക് ഇൻ ഇന്റർവ്യൂ വഴി നിയമനം നടത്താനാണ് തീരുമാനം. കൂടാതെ അധികമായി രണ്ട് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിക്കുന്നതിന് സർക്കാറിനോട് ആവശ്യപ്പെടാനും തീരുമാനിച്ചതായി അധികൃതർ പറയുന്നു. എന്നാൽ ആവശ്യപ്പെട്ടിട്ടും സൈക്കോളജിസ്റ്റുകളെ ലഭിക്കാത്ത സാഹചര്യമുണ്ട്. കോഴിക്കോട് പ്രഫഷനൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നും നാല് ഉദ്യോഗാർഥികളുടെ പേരുവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് കഴിഞ്ഞ ജൂണിൽ ലഭിക്കുകയും ഒക്ടോബർ 26 ന് ഇന്റർവ്യൂ നടത്തുവാൻ നിശ്ചയിക്കുകയും ചെയ്തതാണ്. എന്നാൽ, ഇന്റർവ്യൂവിന് ആരും എത്തിയിരുന്നില്ല.
നിലവിൽ സൈക്യാട്രി വിഭാഗത്തിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ തസ്തിക മാത്രമാണുള്ളത്. ഒ.പിയിലെത്തുന്ന മിക്ക രോഗികളിലും മനോനില നിർണയിക്കാനുള്ള സൈക്കോളജിക്കൽ അസസ്സ്മെന്റും തെറപ്പിയും നിരവധി മണിക്കൂറുകൾ ആവശ്യമായതും പല സെഷനുകളിലായി ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമാണ്.
സൈക്കോളജിസ്റ്റിന് ദിനംപ്രതിയുള്ള ഈ ജോലിക്ക് പുറമേ പലപ്പോഴും കോടതികളിൽ തെളിവുനൽകാനായി ഹാജരാകേണ്ടിവരാറുണ്ട്.
ഇതിനു പുറമെ ആശുപത്രിയിലെ മെഡിക്കൽ ബോർഡിൽ വരുന്ന കേസുകൾ പരിശോധിച്ച് റിപ്പോർട്ട് കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം ജോലികൾക്ക് പുറമെ, അപ്രതീക്ഷിതമായി വരുന്ന പോക്സോ തുടങ്ങിയ കേസുകളിൽ അടിയന്തര റിപ്പോർട്ട് നൽകേണ്ടതായും വരാറുണ്ട്. അതുകൊണ്ടു തന്നെ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ചികിത്സ ലഭിക്കാൻ കാലതാമസം വരുന്നതായി പരാതി ഉയരുന്നത് പതിവാണ്.
അതുകൊണ്ട് കൂടുതൽ സൈക്കോളജിസ്റ്റുമാരെ നിയമിക്കാൻ അടിയന്തര നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.
ഇതിനു മുമ്പും നിരവധി തവണ സൈക്കോളജിസ്റ്റുമാരെ നിയമിക്കാനുള്ള നടപടിയെടുത്തുവെങ്കിലും കൂടിക്കാഴ്ചക്ക് ആരും എത്തിയില്ലെന്നാണ് അധികൃതർ പറയുന്നത്.
അതുകൊണ്ടുതന്നെ താൽക്കാലിക നിയമനത്തെ മാത്രം ആശ്രയിക്കാതെ പി.എസ്.സി മുഖേനയോ മറ്റ് മെഡിക്കൽ കോളജുകളിൽ നിന്ന് സ്ഥലം മാറ്റത്തിലൂടെയോ നിയമനം ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.