മെഡിക്കൽ കോളജ്; സൊസൈറ്റിക്കെതിരായ ആരോപണങ്ങൾ വസ്തുതവിരുദ്ധമെന്ന്
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എംപ്ലോയീസ് സൊസൈറ്റിക്കെതിരെ പ്രചരിച്ച വാർത്തകൾ തികച്ചും അടിസ്ഥാനരഹിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മെഡിക്കൽ കോളജിൽ കഴിഞ്ഞ 23 വർഷമായി പ്രവർത്തിച്ചുവരുന്ന ജീവനക്കാരുടെ സഹകരണ സംഘമാണ് പാംകോസ് എന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചേരുന്ന രോഗികൾ കൂട്ടിരിപ്പുകാർ ജീവനക്കാർ വിദ്യാർഥി എന്നിവർക്ക് ഉപകാര പ്രദമായ നിലയിലാണ് സൊസൈറ്റിയുടെ പ്രവർത്തനമെന്നും ഭാരവാഹികൾ പറഞ്ഞു.
കോവിഡ് കാലത്ത് സൊസൈറ്റിയുടെ നേതൃത്വത്തിൽ കമ്യൂണിറ്റി കിച്ചൺ വഴി ജീവനക്കാർക്കും രോഗികൾക്കും സൗജന്യ ഭക്ഷണം വിതരണം നടത്തിയിരുന്നു. കൂടാതെ മെഡിക്കൽ ഡയാലിസിസ് രോഗികൾക്ക് രാവിലെയും വൈകീട്ടും ദയ ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന് ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ആശുപത്രി കാമ്പസിനകത്ത് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന കഫറ്റീരിയകൾ ആശുപത്രി വികസനസമിതിയുടെ അനുമതി തേടി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കൂടി അനുമതി ലഭിച്ച പ്രകാരം നിശ്ചയിച്ച നിരക്കിലുള്ള വാടക നൽകിയാണ് നടത്തിവരുന്നത്.
തികച്ചും ഉപയോഗശൂന്യമായ പഴയ കെട്ടിടത്തിന്റെ ഘടനയിൽ മാറ്റം വരുത്താതെ ആവശ്യമായ അറ്റകുറ്റപ്പണികൾ സൊസൈറ്റിയുടെ തനതു ഫണ്ട് ഉപയോഗിച്ച് നടത്തുന്നതിന് ആശുപത്രി വികസന സമിതി അനുമതി നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമായ അറ്റകുറ്റപ്പണികൾ നിർവഹിച്ചു വന്നിട്ടുള്ളത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഉപയോഗശൂന്യമായ എല്ലാ വസ്തുവകകളും പ്രസ്തുത കെട്ടിടത്തിൽ തന്നെ സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. കൂടാതെ കെട്ടിടത്തിന് പി.ഡ.ബ്ല്യു.ഡി നിരക്കിലുള്ള വാടകയാണ് ഈടാക്കുന്നതിന് തീരുമാനിച്ചിട്ടുമുള്ളത്. സൊസൈറ്റി ഭാരവാഹികൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.