കാമറക്കണ്ണിൽ കണ്ണൂർ
text_fieldsകണ്ണൂർ: നഗരപരിധിയിൽ മാലിന്യം തള്ളിയാൽ ഇനി പിടിവീഴും. അനധികൃതമായി നഗരത്തിൽ മാലിന്യം തള്ളുന്നത് തടയാനും സുരക്ഷക്കുമായി കോർപറേഷൻ പരിധിയിലെ 90 കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ ഒരുക്കി. മാലിന്യസംസ്കരണത്തിനായി ബോധവത്കരണവും ഹരിതകർമ സേന പ്രവർത്തനങ്ങൾ നടത്തിയിട്ടും തോടുകളിലും പുഴകളിലും റോഡുകളിലുമെല്ലാം മാലിന്യം തള്ളുൽ തുടരുന്ന സാഹചര്യത്തിലാണ് രണ്ട് കോടി രൂപയോളം ചെലവഴിച്ച് പദ്ധതി നടപ്പാക്കിയത്. കണ്ണൂർ ഗവ. എൻജിനിയറിങ് കോളജിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി. കോർപറേഷനിലെ മുഴുവൻ സ്ഥലങ്ങളും ബന്ധപ്പെടുത്തിയാണ് കാമറകൾ സ്ഥാപിച്ചത്.
കുറ്റകൃത്യങ്ങൾ തടയാനും രാത്രിയിലടക്കമുള്ള നഗര ദൃശ്യങ്ങൾ ശേഖരിക്കാനുമാവും. കവലകളിലും പുഴവക്കിലും റോഡുകളിലുമായി വിവിധ സ്ഥലങ്ങളിൽ ഇരുമ്പുതൂണിൽ സോളാർ പാനലും ബാറ്ററിയും കാമറയും സ്ഥാപിച്ചു. നിലവിൽ മാലിന്യം തള്ളൽ രൂക്ഷമായ എല്ലാ ഡിവിഷനുകളിലെയും പ്രധാന കേന്ദ്രങ്ങൾ ഇതോടെ കാമറ നിരീക്ഷണത്തിലായി. നിരീക്ഷണ കാമറകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ അനധികൃത മാലിന്യം തള്ളൽ തടയാനാകുമെന്ന് മേയർ ടി.ഒ. മോഹനൻ പറഞ്ഞു.
കോർപറേഷൻ ഓഫിസിലാണ് കാമറ ശൃംഖലയുടെ നിയന്ത്രണം. മാലിന്യവുമായി വരുന്നവരെ നിരീക്ഷിക്കാനും വാഹനങ്ങളുടെ നമ്പർ കണ്ടെത്താനും സാധ്യമാവും. പലതവണ നടപടി ഉണ്ടായിട്ടും മാലിന്യപ്രശ്നത്തിന് പരിഹാരം കാണാൻ കഴിയാതായതോടെയാണ് കോർപറേഷൻ രണ്ട് കോടി ചെലവിൽ പുതിയ മാർഗം തേടിയത്. ശനിയാഴ്ച രാവിലെ 10ന് കോർപറേഷൻ ഓഫിസിൽ നടക്കുന്ന ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി സി.സി.ടി.വി കാമറ ശൃംഖലയുടെ ഉദ്ഘാടനം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.