കണ്ണൂർ ഒരുങ്ങി; ലൈബ്രറി കോൺഗ്രസിന്
text_fieldsകണ്ണൂർ: ജനുവരി ഒന്നിന് കലക്ടറേറ്റ് മൈതാനിയിൽ ലൈബ്രറി കോൺഗ്രസിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ഡോ. ആർ. ബിന്ദു പുതിയതായി രൂപവത്കരിച്ച ലൈബ്രറികളുടെ ഉദ്ഘാടനപ്രഖ്യാപനം നിർവഹിക്കും.
വൈകീട്ട് സാംസ്കാരിക സമ്മേളനത്തിൽ നൂറുവസന്തത്തിന്റെ പ്രഖ്യാപനം നടക്കും. എൽ. ഹനുമന്തയ്യ എം.പിയും അബ്ദുൽ വഹാബ് എം.പിയും ഇ.പി. ജയരാജനും മുഖ്യാതിഥികളാവും.
ലൈബ്രറി പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന ഏടായിരിക്കും ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ കണ്ണൂർ സെഷനെന്നും ജില്ലയിലെ ലൈബ്രറികൾ പൊതു ഉണർവിനെ വരവേറ്റുകൊണ്ടിരിക്കുന്ന സന്ദർഭമാണെന്നും സംഘാടകസമിതി ചെയർമാൻ ഡോ. വി. ശിവദാസൻ എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഡിസംബർ 29ന് രാവിലെ ഒമ്പതിന് കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന എക്സിബിഷൻ ക്യൂബൻ അംബാസഡർ അലഹാൻത്രോ സിമാൻകാസ് മാറിൻ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, മേയർ, നഗരസഭ ചെയർമാൻമാർ എന്നിവർ പങ്കാളികളാകും. രാജ്യത്തെ അതിപ്രഗത്ഭരായ ചിത്രകാരന്മാരുടെ സൃഷ്ടികൾ എക്സിബിഷനിൽ പ്രദർശിപ്പിക്കും. പ്രധാന പ്രസാധകർ പങ്കാളികളാകുന്ന പുസ്തകോത്സവവും കലക്ടറേറ്റ് മൈതാനിയിൽ തുടങ്ങും.
29ന് രാവിലെ 10.30ന് കണ്ണൂർ സർവകലാശാലയിൽ സംസ്ഥാനതല ക്വിസ് മത്സരം നടക്കും. ഉച്ച രണ്ടിന് ലൈബ്രേറിയന്മാരുടെ സംഗമം പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സദസ്സ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ എം.പി മുഖ്യാതിഥിയാവും. കുടുംബശ്രീ സംഗമം, വിദ്യാർഥി പ്രതിഭസംഗമം, കലാസാഹിത്യകാര കൂട്ടായ്മ എന്നിവ നടക്കും. ജനുവരി മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.