കണ്ണൂർ ജവഹർ സ്റ്റേഡിയം നവീകരണം പുരോഗമിക്കുന്നു
text_fieldsകണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ പുല്ലുപിടിപ്പിക്കുന്നതിനായി
തൊഴിലാളികൾ നിലമൊരുക്കുന്നു
കണ്ണൂർ: ജവഹർ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന മണ്ണൊരുക്കൽ പ്രവൃത്തി അവസാനഘട്ടത്തിലെത്തി. അടുത്തയാഴ്ച മൈതാനത്ത് പുല്ല് പിടിപ്പിക്കുന്ന പ്രവൃത്തികളും നടക്കും. പ്രഭാതസവാരിക്ക് എത്തുന്നവർക്ക് കൂടി സ്റ്റേഡിയം ഉപയോഗപ്പെടുത്താനായി ചുറ്റിലും മൂന്നുമീറ്റർ വീതിയിൽ നിർമിക്കുന്ന നടപ്പാതയുടെ പ്രവൃത്തിയും അവസാനഘട്ടത്തിലാണ്. അടുത്തയാഴ്ച നടപ്പാത നിർമാണം പൂർത്തിയാവും. നവീകരണം പൂർത്തിയാക്കി മാർച്ച് അവസാനത്തോടെ സ്റ്റേഡിയം തുറന്നുകൊടുക്കാനാണ് കോർപറേഷൻ തീരുമാനം. സ്റ്റേഡിയം നവീകരണ പ്രവൃത്തിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ കുഴൽകിണർ കുഴിക്കും. നിലവിൽ സ്റ്റേഡിയത്തിൽ കുഴൽകിണർ ഉണ്ടെങ്കിലും പുല്ല് പിടിപ്പിക്കുമ്പോൾ നനക്കാനും മറ്റുമായി ധാരാളം വെള്ളം ആവശ്യമായി വരും. കിണർ കുഴിച്ചശേഷമാകും പുല്ല് പിടിപ്പിക്കുക. ശാസ്ത്രീയമായി നിലമൊരുക്കി 18 ലക്ഷം രൂപ ചെലവിലാണ് പുല്ലുപിടിപ്പിക്കൽ. കോഴിക്കോട് സ്റ്റേഡിയം നവീകരിക്കുന്ന കരാറുകാർ തന്നെയാണ് കണ്ണൂരിലും പുല്ലുപിടിപ്പിക്കുന്നത്.
കായിക പ്രേമികളുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ ജനുവരിയിലാണ് കണ്ണൂർ ജവഹർ സ്റ്റേഡിയം നവീകരണം തുടങ്ങിയത്. കോർപറേഷന്റെ നേതൃത്വത്തിൽ 80 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തുന്നത്. 40 ലക്ഷം രൂപ ചെലവിലാണ് നടപ്പാത ഒരുക്കുക. 22 ലക്ഷം രൂപ അനുബന്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.
അഴുക്കുചാൽ ഒരുക്കി അതിന് മുകളിൽ സ്ലാബിട്ട് ഇന്റർലോക്ക് വിരിക്കും. സ്ലാബുകളുടെ നിർമാണം ഏറക്കുറെ പൂർത്തിയായി. 50 വർഷത്തോളം പഴക്കമുള്ള ജവഹർ സ്റ്റേഡിയം നാശത്തിന്റെ വക്കിലായതിൽ കായികപ്രേമികൾക്കടക്കം പ്രതിഷേധമുണ്ടായിരുന്നു. കോൺക്രീറ്റ് ഇളകി ഏറെക്കാലമായി കാടുപിടിച്ച അവസ്ഥയിലായിരുന്നു സ്റ്റേഡിയം.
കോർപറേഷന്റെ മാലിന്യവണ്ടികൾ അടക്കം നിർത്തിയിടുന്നതിനെതിരെ കായികപ്രേമികൾ രംഗത്ത് വന്നിരുന്നു.
വിവാദങ്ങൾക്കൊടുവിൽ സ്റ്റേഡിയം നവീകരിക്കുന്നതിന്റെ സന്തോഷത്തിലാണ് കായികപ്രേമികൾ. ആധുനിക രീതിയിൽ സ്റ്റേഡിയം പുതുക്കിപ്പണിയാൻ കോർപറേഷന് പദ്ധതിയുണ്ട്. അന്താരാഷ്ട്രനിലവാരത്തിൽ ജവഹർ സ്റ്റേഡിയത്തിനെ ഉയർത്തുന്നതിനാവും ശ്രമം. സ്റ്റേഡിയം ആധുനികരീതിയിൽ നവീകരിക്കാനായി ഒന്നാം പിണറായി സർക്കാർ 10.84 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഉടമസ്ഥാവകാശവും ദൈനംദിന നടത്തിപ്പും സംബന്ധിച്ച വ്യവസ്ഥകളിൽ തർക്കമുള്ളതിനാൽ പദ്ധതി നടപ്പാക്കാതെ നീണ്ടുപോയി. ഇതുസംബന്ധിച്ച് മന്ത്രി തലത്തിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. നവീകരണം പൂർത്തിയാകുന്നതോടെ കായിക മത്സരങ്ങൾക്കും പ്രഭാത സവാരിക്കും സ്റ്റേഡിയം ഉപയോഗിക്കാനാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.