സിറ്റിങ് സീറ്റ് നിലനിർത്തി മുന്നണികൾ; മുഴപ്പിലങ്ങാട് എൽ.ഡി.എഫിന് ആശ്വാസം
text_fieldsകണ്ണൂർ: ജില്ലയിൽ അഞ്ച് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തി മുന്നണികൾ. പയ്യന്നൂർ നഗരസഭയിലും കുറുമാത്തൂർ, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലും എൽ.ഡി.എഫ് സീറ്റ് നിലനിർത്തിയപ്പോൾ കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫും മാങ്ങാട്ടിടം പഞ്ചായത്തിൽ ബി.ജെ.പിയും വീണ്ടും ജയിച്ചു.
ഭരണം നേടാനായി വിജയം മാത്രം പ്രതീക്ഷിച്ചിറങ്ങിയ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ തുല്യബലത്തിലായ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട മുഴപ്പിലങ്ങാട് പഞ്ചായത്തിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തിയതോടെ ഭരണത്തിൽ തുടരാനാവും. തെക്കേ കുന്നുംപുറം വാര്‍ഡില്‍ 37 വോട്ടുകൾക്ക് രമണി ടീച്ചറാണ് ഇവിടെ വിജയിച്ചത്.
എൽ.ഡി.എഫും യു.ഡി.എഫും അഞ്ചുവീതവും എസ്.ഡി.പി.ഐ നാലുമായിരുന്നു നിലവിലെ സീറ്റുനില. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരുന്നു പ്രധാന മത്സരം.
ഉപതെരഞ്ഞെടുപ്പിൽ വിജയം നേടുന്നവർക്ക് പഞ്ചായത്ത് ഭരിക്കാമെന്ന നിലയായിരുന്നു. നേരത്തെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് എസ്.ഡി.പി.ഐ മാറിനിന്നിരുന്നു. ഈ നിലപാട് തുടരുകയാണെങ്കിൽ പഞ്ചായത്ത് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് തുടർന്നുഭരിക്കും.
പയ്യന്നൂർ നഗരസഭ മുതിയലം വാർഡിൽ എൽ.ഡി.എഫിലെ പി. ലത 828 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള നഗരസഭയിൽ നഗരസഭാംഗം പി. വിജയകുമാരി ആരോഗ്യവകുപ്പിൽ ജോലിനേടി രാജിവെച്ചതിനാലാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കുറുമാത്തൂർ പഞ്ചായത്തിലും എൽ.ഡി.എഫ് സീറ്റ് നിലനിർത്തി.
പുല്ലാഞ്ഞിയോട് വാർഡിൽ 645 വോട്ടുകൾക്ക് വി. രമ്യയാണ് ജയിച്ചത്. കഴിഞ്ഞ തവണ 408 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ വാർഡിൽ എൽ.ഡി.എഫ് ജയിച്ചത്. കണ്ണൂർ കോർപറേഷനിലാണ് യു.ഡി.എഫ് ജയം. കക്കാട് വാര്‍ഡില്‍ മുസ്ലിം ലീഗിലെ പി. കൗലത്ത് 555 വോട്ടിന്റെ ഭൂരിപക്ഷം നേടി. കഴിഞ്ഞ തവണത്തേക്കാൾ നൂറോളം വോട്ടുകൾ അധിക ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് ഇക്കുറി വിജയിച്ചത്.
മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി സീറ്റ് ഷിജു ഒറോക്കണ്ടിയിലൂടെ ബി.ജെ.പി നിലനിർത്തി. എസ്.ഡി.പി.ഐയും ബി.ജെ.പിയും തമ്മിൽ ശക്തമായ മത്സരം നടന്ന വാർഡിൽ ഇത്തവണ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഷിജുവിന്റെ ജയം. 19 വാർഡുകളുള്ള മാങ്ങാട്ടിടം പഞ്ചായത്തിൽ 18 വാർഡുകളും എൽ.ഡി.എഫിനൊപ്പമാണ്. ബി.ജെ.പി സീറ്റ് നിലനിർത്തിയതോടെ കക്ഷിനില പഴയത് പോലെ തന്നെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.