കുളത്തിൽ ഇല്ലാതായത് പിഞ്ചോമനകൾ; നടുക്കത്തിൽ മാച്ചേരി
text_fieldsഏച്ചൂർ: സുഹൃത്തുക്കളും സഹപാഠികളുമായ പിഞ്ചോമനകൾ മുങ്ങിമരിച്ച ഞെട്ടൽ മാറാതെ മാച്ചേരി ഗ്രാമം. ശനിയാഴ്ച ഉച്ചക്കാണ് നമ്പ്യാർ പീടികക്ക് സമീപത്തെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കാട്ടിൽ പുതിയപുരയിൽ മിസ്ബുൽ ആമിർ (12), മാച്ചേരി അനുഗ്രഹിൽ ആദിൽ ബിൻ മുഹമ്മദ് (12) മുങ്ങി മരിച്ചത്.
മദ്റസയിൽനിന്ന് പഠനത്തിനുശേഷം വീട്ടിലെത്തി ഭക്ഷണവും കഴിച്ച് സുഹൃത്തുക്കളായ ഇരുവരും കുളിക്കാൻ എത്തിയതായിരുന്നു. ഇരുവരുടെയും കൂടെ മറ്റൊരു കൂട്ടുകാരൻ കൂടിയുണ്ടായിരുന്നു.
കുളത്തിൽ ഇറങ്ങിയ ഇവർ മുങ്ങിത്താഴുന്നത് കണ്ട കൂട്ടുകാരൻ അടുത്തുള്ള വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഓടിക്കൂടിയവരാണ് കുട്ടികളെ കരക്കെത്തിച്ചത്. മിസ് ബുൽ ആമിറിനെയാണ് ആദ്യം കരക്കെത്തിച്ചത്. രണ്ടാമത്തെ തിരച്ചിലിലാണ് ആദിൽ ബിൻ മുഹമ്മദിനെ കണ്ടെത്തിയത്.
മിസ്ബുൽ ആമിറിനെ വാരത്തെ ആശുപത്രിയിലും ആദിലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുവരുടെയും വീടിന് 500 മീറ്റർ അകലെയുള്ള കുളത്തിലാണ് കുളിക്കാൻ ഇറങ്ങിയത്. സ്ഥിരമായി നീന്തൽ നടത്താത്ത കുളമായതിനാൽ പൂർണമായി ചളിയും അഴുക്കും നിറഞ്ഞിരുന്നു.
ചളിയിൽ ആഴ്ന്നിറങ്ങിയതിനാൽ വളരെ പണിപ്പെട്ടാണ് ഇരുവരെയും കരക്കെത്തിച്ചത്. കുളത്തിൽ ഇറങ്ങുമ്പോൾ കൂടെയുണ്ടായിരുന്ന കൂട്ടുകാരൻ ആവർത്തിച്ച് ഇറങ്ങരുതെന്ന് പറഞ്ഞിരുന്നു.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം മദ്റസയിലെയും അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികളാണ് ഇരുവരും. സുന്നി ബാലവേദി റേഞ്ച്കൗൺസിലറാണ് ആദിൽ ബിൻ മുഹമ്മദ്. മദ്റസയിലും സ്കൂളിലുമുള്ള പ്രവർത്തനങ്ങളിൽ ഊർജസ്വലരാണ് ഇരുവരും.
വിദ്യാർഥികളുടെ മരണവാർത്തയറിഞ്ഞ് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കുളത്തിനടുത്തെത്തിയിരുന്നു. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഓടിയെത്തി.
ദുരന്തവാർത്ത പ്രദേശത്തിന്റെ വലിയൊരു തേങ്ങലായി മാറുകയായിരുന്നു. ഞായറാഴ്ച രാവിലെ എട്ടിന് പോസ്റ്റ്മോർട്ടത്തിനുശേഷം 11ന് മൗവ്വഞ്ചേരി മദ്റസയിലും തുടർന്ന് 12ന് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനത്തിനുവെക്കും. ഉച്ചക്ക് 1.30ന് പള്ളിക്കണ്ടി ഖബർസ്ഥാനിൽ ഖബറടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.