കരഞ്ഞു കലങ്ങി കണ്ണൂർ
text_fieldsകണ്ണൂർ: സമീപകാലത്തൊന്നും കണ്ണൂർ ഇത്രയേറെ കരഞ്ഞിട്ടുണ്ടാകില്ല. പ്രിയ സഖാവ് നായനാർക്ക് കണ്ണീർ യാത്രാമൊഴി നൽകിയ അതേ നോവായിരുന്നു കണ്ണൂരിന് ഞായറാഴ്ച. കോടിയേരി എന്ന നേതാവിനെ ഒരുനോക്കു കാണാനും യാത്രാമൊഴി നൽകാനും പതിനായിരങ്ങൾ പാതയോരങ്ങളിൽ തടിച്ചുകൂടി. അണികളുടെ മുഖങ്ങളെല്ലാം ദുഃഖസാന്ദ്രമായിരുന്നു. മിക്ക മുതിർന്ന നേതാക്കളും കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനും മൃതദേഹം ഏറ്റുവാങ്ങാനും കണ്ണൂർ വിമാനത്താവളത്തിലടക്കം എത്തിയിരുന്നു. നേതാക്കളെല്ലാം വികാര നിർഭരരായിരുന്നു.
എയര്‍ ആംബുലന്‍സില്‍ വിമാനത്താവളത്തിലെത്തിച്ച കോടിയേരിയുടെ ഭൗതികശരീരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജില്ല സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ ഏറ്റുവാങ്ങിയത്. കോടിയേരിയുടെ ഭൗതിക ശരീരം വഹിച്ചുള്ള എയർ ആംബുലൻസ് എത്തുന്നതിന് അരമണിക്കൂർ മുമ്പേ മുഖ്യമന്ത്രി പിണറായിയെത്തി. തുടർന്ന് വിമാനത്താവളത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍, മന്ത്രിമാരായ കെ.എൻ. ബാലഗോപാലന്, എ.കെ. ശശീന്ദ്രൻ, വി.എൻ. വാസവൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ വിമാനത്താവളത്തിലെത്തിയിരുന്നു.
ഇതിനു പുറമെ സി.പി.എം നേതാക്കളായ എസ്. രാമചന്ദ്രന് പിള്ള, എം.എ. ബേബി, ഇ.പി. ജയരാജന്, പി.കെ. ശ്രീമതി, എം.പി മാരായ ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസ്, എം.എല്‍.എ മാരായ കെ.കെ. ശൈലജ ടീച്ചര്‍, കെ.വി. സുമേഷ്, എം. വിജിൻ തുടങ്ങിയവരുമെത്തി. തങ്ങളുടെ പ്രിയ നേതാവിന്റെ ഭൗതികശരീരം സഖാക്കൾ ഏറ്റുവാങ്ങിയപ്പോൾ വികാരനിർഭരമായ മുഹൂർത്തങ്ങൾക്ക് മട്ടന്നൂർ സാക്ഷിയായി.
രാഷ്ട്രീയ എതിർചേരിയിലുള്ളരും കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. കെ. മുരളീധരൻ എം.പി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കൃഷ്ണദാസെക്രട്ടറി സമദ് കുന്നക്കാവ് എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍, മകന് ബിനീഷ് കോടിയേരി, കാരായി രാജന് എന്നിവരാണ് വിലാപയാത്രയിൽ ആംബുലന്‍സില്‍ ഭൗതിക ശരീരത്തിനൊപ്പം അനുഗമിച്ചത്.
നേതാക്കളുടെയും അണികളുടെയും നിരവധി വാഹനങ്ങളും വിലാപയാത്രയെ അനുഗമിച്ചു. ഗതാഗതം തടസ്സം ഒഴിവാക്കാന്‍ എല്ലാസ്ഥലത്തും പൊലീസ്, റെഡ് വളന്റിയര്‍മാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.