കണ്ണൂർ മേൽപാലം: കെട്ടിട മൂല്യനിർണയം ഒരാഴ്ചക്കകം
text_fieldsകണ്ണൂർ: നഗരത്തിലെ കുരുക്കഴിക്കാനായി തെക്കി ബസാർ മുതൽ ചേംബർ ഹാൾ വരെ നിർമിക്കുന്ന കണ്ണൂർ മേൽപാലവുമായി ബന്ധപ്പെട്ട കെട്ടിട മൂല്യനിർണയം പുരോഗമിക്കുന്നു. ഒരാഴ്ചക്കകം പൂർത്തിയാവുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായുള്ള നടപടികൾ വിദഗ്ധരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കെട്ടിട മൂല്യനിർണയത്തിന് ശേഷം പി.ഡബ്ല്യു.ഡി എൻജിനീയർ പുനഃപരിശോധന നടത്തും. ഇതുസംബന്ധിച്ച് കലക്ടർക്ക് പത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശമുണ്ട്. ലാന്‍ഡ് റവന്യൂ കമീഷണറുടെ അനുമതി ലഭിച്ചശേഷം കെട്ടിടത്തിനും ഭൂമിക്കും ആവശ്യമായ വില സംബന്ധിച്ച് അന്തിമ തീരുമാനമാവും.
അന്തിമ റിപ്പോർട്ട് കിഫ്ബിക്ക് സമർപ്പിക്കും. കിഫ്ബി നടപടികൾക്ക് ശേഷം തുക അനുവദിക്കും. ഭൂവിലയുടെ ഇരട്ടി തുക ഭൂമി നഷ്ടമാകുന്നവർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ലാന്‍ഡ് റവന്യൂ കമീഷണറുടെ പരിഗണനയിലുള്ള പുനരധിവാസ നഷ്പരിഹാര പാക്കേജ് അനുമതിക്കായുള്ള പരിശോധന തുടരുകയാണ്. ഉടൻ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഭൂമിയുടെ മൂല്യനിർണയം അംഗീകരിച്ചിട്ടുണ്ട്. അതേസമയം അശാസ്ത്രീയ മേൽപാലം നിർമാണത്തിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. ഇതുസംബന്ധിച്ച് ആക്ഷൻ കമ്മിറ്റിയും രണ്ട് സ്വകാര്യ വ്യക്തികളും നൽകിയ കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. വ്യാപാരികളുടെ നിര്‍ദേശങ്ങളും ആശങ്കകളും പരിഹരിക്കാതെയാണ് അശാസ്ത്രീയ മേൽപാലം നിർമാണവുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ആക്ഷേപമുണ്ട്.
നേരത്തെ മേൽപാലം സർവേ നടപടികൾ ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തിൽ തടഞ്ഞതോടെ പ്രദേശത്ത് സംഘർഷം നിലനിന്നിരുന്നു. പൊലീസ് ഗുണ്ടായിസത്തിൽ പ്രതിഷേധിച്ചും അശാസ്ത്രീയ മേൽപാല നിർമാണത്തിനെതിരെയും തെക്കി ബസാർ മുതൽ ചേംബർ ഹാൾ വരെ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ഹർത്താലും നടത്തിയിരുന്നു.
വടക്കേ മലബാറിൽ ഏറ്റവും വാഹനത്തിരക്കുള്ള മേഖലകളിലൊന്നായ കണ്ണൂരിന്റെ കുരുക്കഴിക്കാൻ വനിത കോളജ് മുതൽ മേലെചൊവ്വ വരെയായിരുന്നു നേരത്തെ മേൽപാലം നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്. 3.2 കി.മീറ്റർ നീളത്തിൽ നിർമിക്കുന്നതിന് പകരം വെറും 920 മീറ്റർ നീളത്തിൽ മാത്രമാണ് പാലം നിർമിക്കുന്നത്. ഇത്തരത്തിൽ മേൽപാലം നിർമിച്ചാൽ കാൾടെക്സിലെ കുരുക്കു മാത്രമെ അഴിക്കാനാവൂ എന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.