കണ്ണൂർ നഗരറോഡുകൾ നന്നാക്കി ‘കുളമാക്കി'
text_fieldsകണ്ണൂർ: കാലവർഷം കനത്തതോടെ തകർന്നടിയുകയാണ് കണ്ണൂർ നഗരത്തിലെ റോഡുകളും. മാസങ്ങൾക്ക് മുമ്പ് റീടാറിങ് നടത്തിയ റോഡുകളിലാണ് ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായി മാറുന്നത്.
താളിക്കാവ് റോഡിന് പിന്നാലെ കണ്ണൂർ ഒണ്ടേൻ റോഡും ബുധനാഴ്ച തകർന്നു. റോഡിൽ ആഴത്തിലുള്ള ഗർത്തങ്ങൾ രൂപപ്പെട്ട് കൂടുതൽ ഭാഗങ്ങളിലേക്ക് വിള്ളൽ വീണ നിലയിലാണ്. ബുധനാഴ്ച രാവിലെ ഇതുവഴി വന്ന രണ്ട് ലോറികളാണ് കുഴികളിലകപ്പെട്ട് നിന്നുപോയത്. ഏറെ നേരം പ്രയത്നിച്ചാണ് കുഴിയിൽ നിന്നു ലോറി മാറ്റിയത്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ വിള്ളൽ വീണ ഭാഗങ്ങൾ തകരുന്ന കാഴ്ചയാണ്. സെന്റ് മൈക്കിൾസ് സ്കൂളിന് സമീപത്ത് നിന്ന് ഒണ്ടേൻ റോഡ് ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നതുവരെ വലുതും ചെറുതുമായ നിരവധി കുഴികളാണ് ഇതിനകം രൂപപ്പെട്ടത്.
കുഴികളിൽ വെള്ളം നിറഞ്ഞാൽ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ ഇരുചക്രവാഹനങ്ങൾ റോഡിലെ കുഴിയിൽപ്പെട്ട് അപകടങ്ങൾ ഉണ്ടാവുന്നുണ്ട്. രാവിലെ മുതൽ ഒണ്ടേൻ റോഡിലൂടെ പോകാനെത്തിയ വാഹനങ്ങളെ സെന്റ് മൈക്കിൾസ് സ്കൂളിന് സമീപത്തുവെച്ച് നാട്ടുകാർ വഴിതിരിച്ചുവിടുകയായിരുന്നു. ചെടികളും മറ്റ് അപായസൂചനയും റോഡിൽ നാട്ടിയാണ് പ്രദേശവാസികൾ റോഡ് അപകടത്തിലാണെന്ന് അപരിചിതരായ യാത്രക്കാർക്ക് സൂചന നൽകുന്നത്.
രാവിലെ ലോറി കുഴിയിലകപ്പെട്ടതിന് പിന്നാലെ കോർപറേഷൻ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി ഏതാനും ഭാഗങ്ങളിൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തി മടങ്ങി.
സീവേജ് പ്ലാന്റിലേക്കുള്ള പൈപ്പ് ലൈന്‍ പണിയാനായി റോഡുകള്‍ കീറിമുറിച്ചതിന് ശേഷം നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ കൃത്യമായ അളവില്‍ ഉപയോഗിക്കാതെയാണ് നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. റോഡ് തകർന്നതോടെ കോർപറേഷനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത് എത്തി.
മഞ്ചപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാൻറിലേക്ക് പൈപ്പിടാൻ കുത്തിപ്പൊളിച്ച നഗരപരിധിയിലെ റോഡുകൾ കോർപറേഷൻ എൻജിനീയറിങ് വിഭാഗം അശാസ്ത്രീയമായാണ് റീടാറിങ് നടത്തിയതെന്ന് കാലവർഷം രൂക്ഷമായതോടെ വ്യക്തമാവുകയാണ്. റോഡ് വിഷയത്തിൽ ജനരോഷം കനക്കുന്നതിനിടയിലും മേയർ ഉൾപ്പെടെയുള്ള കോർപറേഷൻ ഭരണാധികാരികൾ വിഷയത്തിൽ മൗനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.