കണ്ണൂർ റെയിൽവേ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ അടഞ്ഞുതന്നെ
text_fieldsകണ്ണൂര്‍: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പുനരാരംഭിച്ച പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ അടഞ്ഞുതന്നെ. ദൂരപരിധിയടക്കമുളള കാര്യങ്ങളില്‍ തീരുമാനമാവാത്തതോടെ തൊഴിലാളികളും ട്രേഡ് യൂനിയനുകളും പിൻമാറുകയായിരുന്നു. ഓട്ടോനിരക്കും ദൂരപരിധിയും നിശ്ചയിച്ചതിൽ അശാസ്ത്രീയതയുണ്ടെന്ന് ആരോപിച്ച് ഉദ്ഘാടന ദിവസംതന്നെ ഓട്ടോ ഡ്രൈവർമാർ കൗണ്ടറിനോട് മുഖംതിരിച്ചിരുന്നു.
ഓട്ടോ നിരക്ക് നിശ്ചയിച്ചത് ഡ്രൈവർമാരുമായി ആലോചിക്കാതെയാണെന്ന പരാതിയെ തുടർന്നാണ് പ്രീ പെയ്ഡ് കൗണ്ടറിലെ ഓട്ടം ബഹിഷ്കരിച്ചത്. കൗണ്ടർ തുറക്കാനായി മാരത്തൺ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തീരുമാനമായില്ല. പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിൽനിന്നുള്ള യാത്രാക്കൂലി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഏകപക്ഷീയമായാണ് ചാർജ് നിശ്ചയിച്ചതെന്നും നിരക്ക് അംഗീകരിക്കാനാവില്ലെന്നുമാണ് സംയുക്ത തൊഴിലാളി യൂനിയൻ നിലപാട്.
ടൗൺ പരിധി പുനർനിശ്ചയിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നിലവിൽ ഓടുന്ന ചാർജിൽ തന്നെ സർവിസ് നടത്താനും തൊഴിലാളി യൂനിയനുമായുള്ള ചർച്ചക്ക് ശേഷം മറ്റ് കാര്യങ്ങൾ തുരുമാനിക്കാമെന്ന അധികൃതരുടെ ഉറപ്പിൽ കൗണ്ടർ ഉദ്ഘാടനത്തിന് പിന്നാലെ ഓട്ടോറിക്ഷകൾ സർവിസ് നടത്തിയെങ്കിലും വൈകാതെ നിർത്തി. ഇതേ തുടർന്നാണ് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
രാത്രിയും പകലുമെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച തുകയില്‍ യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കിയിരുന്ന റെയിൽവേ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ ഏറെ ആവശ്യങ്ങൾക്കൊടുവിലാണ് തുറന്നത്. കണ്ണൂര്‍ ട്രോമാ കെയറിനായിരുന്നു നടത്തിപ്പു ചുമതല. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ട്രേഡ് യൂനിയന്‍ പ്രതിനിധികളും അടങ്ങിയ സമിതി ദൂരപരിധിയും യാത്രാക്കൂലിയും പരിഷ്കരിച്ച് കൗണ്ടർ തുറക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.