കണ്ണൂർ റെയിൽവേ സ്റ്റേഷൻ; യാത്രക്കാരെ കുടുക്കാൻ മേൽപാലവും ലിഫ്റ്റും
text_fieldsകണ്ണൂർ: പതിനായിരത്തോളം യാത്രക്കാർ ദിവസേന വന്നുപോകുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മേൽപാലത്തിലും ലിഫ്റ്റിലും കയറിപ്പറ്റാൻ ചില്ലറയൊന്നുമല്ല അധ്വാനം. കുപ്പിക്കഴുത്തുപോലെ സൗകര്യംകുറഞ്ഞ മേൽപാലത്തിൽ കയറാൻ യാത്രക്കാരുടെ തിക്കുംതിരക്കുമാണ്.
ഒന്നിലേറെ വണ്ടികൾ ഒരേസമയത്ത് എത്തുമ്പോൾ സ്റ്റേഷന് പുറത്തുകടക്കാനായി മേൽപാലം കയറാൻ യാത്രക്കാരുടെ തിരക്കാവും. ഏറെനേരം കാത്തുനിന്നാണ് പുറത്തിറങ്ങാനാവുക. ഒന്നാം പ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടറിനു സമീപമുള്ള മേൽപാലം മാത്രമാണ് എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്നത്.
ആറടി മാത്രമാണ് പാലത്തിന്റെ വീതി. രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലേക്ക് ലിഫ്റ്റിൽ ഇറങ്ങാമെങ്കിലും മിക്കപ്പോഴും നീണ്ട നിരയാണ്. തെക്കുഭാഗത്തെ മേൽപാലം സൗകര്യമുള്ളതാണെങ്കിലും രണ്ട്, മൂന്ന് പ്ലാറ്റ്ഫോമിലേക്ക് മാത്രമേ ഇറങ്ങാനാവൂ. കിഴക്കേ കവാടത്തിലേക്ക് ഇതുവഴി പോകാനാവില്ല. ഇവിടെ ഒന്നാം പ്ലാറ്റ്ഫോമിൽ എസ്കലേറ്റർ സൗകര്യമുണ്ടെങ്കിലും രണ്ടിലും മൂന്നിലും ഇറങ്ങണമെങ്കിൽ പടികൾതന്നെ ആശ്രയം.
രാവിലെ മംഗളൂരു-കോഴിക്കോട് എക്സ്പ്രസ്, നേത്രാവതി, ചെന്നൈ എഗ്മോർ, ഏറനാട്, തിരുവനന്തപുരം മംഗളൂരു സെൻട്രൽ എക്സ്പ്രസ്, ചെന്നൈ-മംഗളൂരു മെയിൽ എന്നീ വണ്ടികളും വൈകീട്ട് ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ, കണ്ണൂർ-ബംഗളൂരു എക്സ്പ്രസ്, ചെറുവത്തൂർ സ്‍പെഷൽ, മംഗളൂരു തിരുവനന്തപുരം എക്സ്പ്രസ്, കണ്ണൂർ ഷൊർണൂർ മെമു, കണ്ണൂർ-യശ്വന്തപുരം ട്രെയിനുകളും കണ്ണൂരിലെത്തുന്നതും പോകുന്നതും ഏകദേശം ഒരേസമയത്താണ്.
വണ്ടിയിറങ്ങി പുറത്തുകടക്കാനായി മേൽപാലം കയറുന്നവരുടെ തിരക്കിൽ പ്ലാറ്റ്ഫോമിൽ ഇറങ്ങാനാവാതെ യാത്രക്കാർക്ക് ട്രെയിൻ വിട്ടുപോയ സംഭവങ്ങളും ഏറെയാണ്. പ്രധാന മേൽപാലത്തിൽ സൗകര്യമില്ലാത്തതാണ് യാത്രക്കാരുടെ തിരക്കിന് കാരണം. നാലാം പ്ലാറ്റ്ഫോം നിർമിച്ചാൽ പുതിയ മേൽപാലം കിഴക്കേ കവാടവുമായി ബന്ധിപ്പിക്കാനാവും.
ഏറക്കാലത്തെ കാത്തിരിപ്പിനുശേഷം കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ കിഴക്കേ കവാടത്തിൽ ഒരുക്കിയ പുതിയ എസ്‌കലേറ്റർ അടുത്തയാഴ്ചയോടെ തുറന്നുകൊടുക്കുന്നതോടെ തിരക്കിന് അൽപം ആശ്വാസമാകും.
ഇലക്ട്രിക്കൽ പ്രവൃത്തി പൂർത്തിയായെങ്കിലും മറ്റുള്ളവ പുരോഗമിക്കുകയാണ്. നിലവിൽ ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് കിഴക്കേ കവാടത്തിലേക്കുള്ള റെയിൽവേ മേൽപാലത്തിൽനിന്ന് എസ്കലേറ്ററിനടുത്തേക്കുള്ള ഭാഗത്ത് സുരക്ഷ ഒരുക്കാനായി അലൂമിനിയം ഫാബ്രിക്കേഷൻ പ്രവൃത്തി നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.