കണ്ണൂർ രജിസ്ട്രാറെ പ്രഫസറാക്കാൻ വി.സി വഴിവിട്ട് പ്രവർത്തിച്ചതായി രേഖ
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല രജിസ്ട്രാറുടെ ചുമതല വഹിക്കുന്നയാളെ പ്രഫസറാക്കാൻ വൈസ് ചാൻസലർ വഴിവിട്ട് പ്രവർത്തിച്ചതായ രേഖകൾ പുറത്ത്. പ്രഫസറാവാൻ മതിയായ എ.പി.ഐ (അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റേഴ്സ്)സ്കോർ ഇല്ലെന്ന റിപ്പോർട്ട് തള്ളി വി.സി നേരിട്ട് ഇടപെട്ടതിന്റെ വിവരാവകാശ രേഖകളാണ് പുറത്തുവന്നത്. ഇദ്ദേഹത്തെ സ്ഥിരം രജിസ്ട്രാറാക്കി നിയമിക്കാനുള്ള നീക്കം പുരോഗമിക്കുന്നതിനിടെയാണ് പ്രഫസർ നിയമനത്തിലെ ക്രമക്കേടുകൾ പുറത്തായത്.
സർവകലാശാല സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ ഡോ. ജോബി കെ. ജോസാണ് രജിസ്ട്രാർ ഇൻചാർജ്. ഇദ്ദേഹത്തിന്റെ പ്രഫസർ സ്ഥാനക്കയറ്റത്തിനുള്ള രേഖകൾ പരിശോധിച്ച എ.പി.ഐ സ്കോർ സമിതി നിശ്ചിത യോഗ്യതയില്ലെന്ന് കണ്ടെത്തിയാണ് ആദ്യം റിപ്പോർട്ട് നൽകിയത്. 2020 ജൂലൈ ഏഴിന് ചേർന്ന എ.പി.ഐ സ്കോർ വെരിഫിക്കേഷൻ സമിതിയാണ് ഈ തീരുമാനമെടുത്തത്. വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ നിർദേശപ്രകാരം വീണ്ടും കമ്മിറ്റി ചേർന്നെങ്കിലും യോഗ്യതയില്ലെന്ന മുൻ നിലപാട് ആവർത്തിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഇരു റിപ്പോർട്ടും അനുകൂലമല്ലെന്ന് കണ്ടതോടെ പ്രഫസർ സ്ഥാനക്കയറ്റത്തിൽ തീരുമാനമെടുക്കാൻ സിൻഡിക്കേറ്റ് സമിതിക്ക് വി.സി രൂപം നൽകി. സമിതിയുടെ ശിപാർശപ്രകാരം രൂപവത്കരിച്ച മറ്റൊരു സമിതിയുടെ റിപ്പോർട്ടിൽ പ്രഫസർ സ്ഥാനക്കയറ്റം അംഗീകരിച്ച് ഉത്തരവുമിറക്കി. ഈ സമിതിയിലെ സയൻസ് ഡീൻ സ്ഥാനക്കയറ്റത്തിനെതിരെ ശക്തമായി രംഗത്തുവന്നു. യു.ജി.സി നിബന്ധനകൾക്ക് വിരുദ്ധമാണ് സ്ഥാനക്കയറ്റമെന്ന സയൻസ് ഡീനിന്റെ വിയോജനക്കുറിപ്പുള്ള രേഖകളും പുറത്തുവന്നു.
എ.പി.ഐ വെരിഫിക്കേഷൻ കമ്മിറ്റി ഒരിക്കൽ സ്ഥാനക്കയറ്റം തടഞ്ഞാൽ പിന്നീട് ആറുമാസം കഴിഞ്ഞ ശേഷമേ പുതിയ സമിതി രൂപവത്കരിക്കാൻ പാടുള്ളൂവെന്ന ചട്ടവും വി.സി അട്ടിമറിച്ചെന്നാണ് പ്രധാന ആരോപണം. ഒരാളുടെ പ്രമോഷനുവേണ്ടി സർവകലാശാലയിൽ കേട്ടുകേൾവിയില്ലാത്തതാണ് ഇത്തരം ഇടപെടലുകൾ. സർവകലാശാലയിലെ 1999ലെ ഓർഡിനൻസ് ഭേദഗതി ചെയ്യാനുള്ള പ്രപ്പോസൽ ചാൻസലർക്ക് സമർപ്പിച്ച വേളയിൽ രജിസ്ട്രാർ തസ്തിക മനഃപൂർവം ഒഴിവാക്കിയതായി കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ മേഖല കമ്മിറ്റി ആരോപിച്ചു. വൈസ് ചാൻസലറുടെ അടുപ്പക്കാരനായ നിലവിലെ രജിസ്ട്രാർ ഇൻ ചാർജിനെ സ്ഥിരം രജിസ്ട്രാറാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.