കുറയാതെ കണ്ണൂർ കരുത്ത്
text_fieldsകണ്ണൂർ: സി.പി.എം പോളിറ്റ് ബ്യൂറോയിലേക്ക് എം.വി. ഗോവിന്ദൻ എത്തുന്നതോടെ 'കണ്ണൂർ ലോബി'യുടെ കരുത്തിന് കുറവില്ല. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടർന്നുവന്ന ഒഴിവിലേക്കാണ് എം.വി. ഗോവിന്ദനെ നിയോഗിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ എന്നിവർക്കൊപ്പം കരുത്ത് ഇരട്ടിപ്പിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെത്തേടി പോളിറ്റ് ബ്യൂറോ സ്ഥാനവുമെത്തുമ്പോൾ പാർട്ടിയിലെയും മുന്നണിയിലെയും ഭരണപക്ഷത്തെയും സുപ്രധാന പദവികളിൽ കണ്ണൂർ ലോബി അരങ്ങുവാഴുകയാണ്.
കേരള ഘടകത്തെ വരുതിയിലാക്കിയ കണ്ണൂർ ലോബി കേന്ദ്രത്തിലും കരുത്തുകാട്ടിയതിന്റെ ഭാഗമായി, കഴിഞ്ഞ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 19 പേരിൽ രണ്ടുപേർ എം.വി. ഗോവിന്ദനും വിജുകൃഷ്ണനുമായിരുന്നു. 95 അംഗ കേന്ദ്ര കമ്മിറ്റിയിൽ കണ്ണൂരുകാരായ നേതാക്കളുടെ എണ്ണം രണ്ടു പി.ബി അംഗങ്ങൾ ഉൾപ്പെടെ എട്ടായിരുന്നു.
കോടിയേരിയുടെ വിയോഗത്തെ തുടർന്നുള്ള ഒഴിവിലേക്ക് ഗോവിന്ദനെത്തുമ്പോൾ കരുത്തിന്റെ കണക്കിൽ കണ്ണൂർ പിന്നാക്കംപോയില്ല. പി.ബി അംഗങ്ങളായ പിണറായി വിജയൻ, എം.വി. ഗോവിന്ദൻ എന്നിവർക്കൊപ്പം എ.കെ. പത്മനാഭൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയിലെ കണ്ണൂരുകാർ.
മകൻ ബിനീഷ് ജയിലിലായതോടെയും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനാലും പടിയിറങ്ങേണ്ടിവന്നപ്പോൾ കണ്ണൂരിന് പുറത്തുള്ള കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനെയാണ് കോടിയേരി താൽക്കാലിക സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചത്.
കോടിയേരി ആരോഗ്യ പ്രശ്നത്തെത്തുടർന്ന് പൂർണമായും മാറിനിൽക്കാൻ തീരുമാനിച്ചപ്പോൾ നാട്ടുകാരനായ എം.വി. ഗോവിന്ദനെ മന്ത്രിസ്ഥാനം രാജിവെപ്പിച്ച് പാർട്ടിയുടെ തലപ്പത്ത് കൊണ്ടുവന്നത്, അംഗബലത്തിലും സംഘടന ശേഷിയിലും രാജ്യത്തുതന്നെ ഒന്നാമതായ കണ്ണൂരിൽനിന്ന് സി.പി.എമ്മിന്റെ അധികാരം പുറത്തുപോകരുതെന്ന് നിർബന്ധമുള്ളതിനാലാണ്.
തോമസ് ഐസക്, എ.കെ. ബാലൻ, എളമരം കരീം, കെ. രാധാകൃഷ്ണൻ അടക്കം കണ്ണൂരിന് പുറത്തുള്ള സീനിയർ കേന്ദ്ര കമ്മിറ്റി അംഗങ്ങളെ മറികടന്നാണ് എം.വി. ഗോവിന്ദൻ പി.ബിയിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.