കണ്ണൂർ -തളിപ്പറമ്പ് - പയ്യന്നൂർ റൂട്ടിലെ ബസ് പ്രശ്നം; ആർ.ഡി.ഒ വീണ്ടും യോഗം വിളിച്ചു
text_fieldsതളിപ്പറമ്പ്: കണ്ണൂർ -തളിപ്പറമ്പ് - പയ്യന്നൂർ റൂട്ടിലോടുന്ന ബസുകളിലെ തൊഴിലാളികളുടെയും യാത്രക്കാരായ വിദ്യാർഥികളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ തളിപ്പറമ്പിൽ യോഗം ചേർന്നു. വിദ്യാർഥികൾക്കുനേരെയും ബസ് ജീവനക്കാർക്കുനേരെയും ഉണ്ടാകുന്ന മോശം അനുഭവങ്ങൾക്കും അവയെ തുടർന്നുണ്ടാകുന്ന മിന്നൽ പണിമുടക്കുകൾക്കും മറ്റ് അനിഷ്ട സംഭവങ്ങൾക്കും ശാശ്വത പരിഹാരമുണ്ടാക്കാൻ യോഗത്തിൽ പങ്കെടുത്ത മുഴുവൻ പ്രതിനിധികളും പിന്തുണ അറിയിച്ചു.
പയ്യന്നൂർ ജോ. ആർ.ടി.ഒ, പയ്യന്നൂർ കോളജ് അധികൃതർ, രക്ഷകർത്താക്കൾ, വിദ്യാർഥി സംഘടന പ്രതിനിധികൾ, ബസ് ഉടമ, തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവരുടെ യോഗമാണ് ചേർന്നത്. പരാതികളില്ലാത്ത രീതിയിൽ മുന്നോട്ടുപോകാനുള്ള സംവിധാനമൊരുക്കാൻ തീരുമാനിച്ചു. മറ്റു കോളജുകളിലും യോഗം ചേരാനും അവ നടപ്പാക്കാൻ കൂട്ടായ ശ്രമം നടത്താനും തീരുമാനിച്ചു.
നിയമലംഘനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശന നടപടിയെടുക്കാനും ചില ബസുകൾക്കെതിരെ ഉയർന്ന പരാതികൾ പരിശോധിച്ച് നടപടിയെടുക്കാനും തീരുമാനിച്ചു. ആർ.ഡി.ഒ ഇ.പി. മേഴ്സി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഇൻസ്പെക്ടർ കെ.വി. ബാബു, ജോ. ആർ.ടി.ഒമാരായ ബി. സാജു, ടി.പി. പ്രദീപ്കുമാർ, ആർ.ഡി.ഒയുടെ പി.എ പി. സജീവൻ, ബസുടമ, തൊഴിലാളി സംഘടന പ്രതിനിധികൾ, വിദ്യാർഥി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.