ഉഗ്രസ്ഫോടനത്തിൽ കൈ അറ്റു തൂങ്ങി, ശരീരമാസകലം ഗുരുതര പരിക്ക്; ബോംബ് രാഷ്ട്രീയത്തിന് ഇരയായ വയോധികന്റെ ദാരുണാന്ത്യത്തിൽ വിറങ്ങലിച്ച് കണ്ണൂർ
text_fieldsതലശ്ശേരി: തേങ്ങ പെറുക്കുന്നതിനിടെ മുറ്റത്ത് കിടന്ന സ്റ്റീൽ പാത്രം എന്താണെന്നറിയാനുള്ള കൗതുകത്തിൽ മുട്ടി തുറന്നതായിരുന്നു 85കാരനായ വേലായുധൻ. ഉടൻ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചു. സ്ഫോടനശബ്ദം കേട്ട് നാട്ടുകാർ എത്തുമ്പോൾ വലതു കൈ അറ്റു തൂങ്ങി ചോരയിൽ കുളിച്ച നിലയിലായിരുന്നു ഇദ്ദേഹം. മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടടുത്താണ് കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് ഇരയായി ഒരുനിരപരാധിക്ക് കൂടി ജീവൻ നഷ്ടമായത്.
എരഞ്ഞോളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു, വാർഡംഗം നിമിഷ, സഹകരണ ആശുപത്രി ജീവനക്കാരൻ രഖിൽ എന്നിവർ ചേർന്നാണ് വേലായുധനെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച കണ്ണോളി വി.എം. മോഹൻദാസും കുടുംബവും താമസിച്ച എരഞ്ഞോളി കുടക്കളം റോഡിൽ പഞ്ചായത്ത് ഓഫിസിന് സമീപമുള്ള വീട്ടിന് മുന്നിലായിരുന്നു സ്ഫോടനം. കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയതിനാൽ നാല് വർഷത്തോളമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഈ വീട്ടിന്റെ ഏതാനും വീടുകൾക്കപ്പുറമാണ് മരിച്ച ആയിനിയാട്ട് മീത്തൽ പറമ്പിൽ വേലായുധന്റെ വീട്. സ്ഫോടനത്തിന്റെ ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചത്.
ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ മുറ്റത്ത് വീണു കിടക്കുന്ന തേങ്ങ പെറുക്കാനെത്തിയതായിരുന്നു വേലായുധൻ. കൂലിപണിക്കാരനായ ഇദ്ദേഹം പ്രായാധിക്യം കാരണം ജോലിക്ക് പോകാറില്ല. പരിസരത്തെ വീട്ടുപറമ്പിൽ വീണുകിടക്കുന്ന തേങ്ങയും അടക്കയും മറ്റും പതിവായി പെറുക്കിയെടുത്ത് കടകളിൽ കൊണ്ടുപോയി വിൽക്കാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു.
കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, കണ്ണൂർ സിറ്റി പൊലീസ് കമീഷണർ എസ്. അജിത്ത് കുമാർ, തലശ്ശേരി എ.എസ്.പി കെ.എസ്. ഷഹൻഷാ, സ്റ്റേഷൻ ഹൗസ് ഓഫിസർ ബിജു ആന്റണി, എസ്.ഐ അഖിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഫോടനം നടന്ന പറമ്പും ചുറ്റുവട്ട പ്രദേശങ്ങളും പൊലീസ് പരിശോധിച്ചു. കണ്ണൂരിൽ നിന്ന് ബോംബ് - ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പരേതയായ ഇന്ദ്രാണിയാണ് വേലായുധന്റെ ഭാര്യ. മക്കൾ: ജ്യോതി, ഹരീഷ്, മല്ലിക. മരുമക്കൾ: പത്മാക്ഷൻ, രാജീവൻ, ഷിൽന. സഹോദരങ്ങൾ: ചന്ദ്രൻ, സുബ്രഹ്മണ്യൻ, രാജൻ, മണിയൻ, കാർത്ത്യായനി. സംസ്കാരം ബുധനാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.