നോക്കി നടന്നില്ലെങ്കിൽ മതിൽ തലയിലാവും
text_fieldsകണ്ണൂർ: നഗരമധ്യത്തിലെ നടപ്പാതയിൽ അപകടക്കെണിയൊരുക്കി സ്കൂൾ മതിൽ. താവക്കരയിലെ കണ്ണൂർ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി (സ്പോർട്സ്) സ്കൂളിന്റെ കരിങ്കൽ മതിലാണ് ഏതുനിമിഷവും നിലംപൊത്താറായി നിൽക്കുന്നത്. ഏഴടിയോളം ഉയരമുള്ള മതിൽ നടപ്പാതയിലേക്ക് ചരിഞ്ഞാണ് നിൽക്കുന്നത്. സ്കൂൾ വളപ്പിലെ തണൽമരം മതിലിലേക്ക് ചരിഞ്ഞതാണ് അപകടഭീഷണി ഉയർത്തുന്നത്. 100 മീറ്റർ അകലെയുള്ള താവക്കര ഗവ. യു.പി സ്കൂളിലെ അടക്കം നിരവധി വിദ്യാർഥികളാണ് ഇതുവഴി പോകുന്നത്. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കണ്ണൂർ റേഞ്ച് കാര്യാലയത്തിന്റെ എതിർവശത്തായി ഇന്റർലോക്ക് വിരിച്ച നടപ്പാത തുടങ്ങുന്നിടത്താണ് മാസങ്ങളായി മതിൽ തകർന്നുകിടക്കുന്നത്. കാൽടെക്സ് ഭാഗത്തുനിന്നും റെയിൽവേ സ്റ്റേഷനിലേക്കടക്കം നിരവധി യാത്രക്കാരാണ് ഈ നടപ്പാത ഉപയോഗിക്കുന്നത്.
പുതിയ സ്റ്റാൻഡിൽനിന്നും ബസുകളും വാഹനങ്ങളും കാൽടെക്സ് ഭാഗത്തേക്ക് വരുന്നതും ഇതുവഴിയാണ്. റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കും മതിൽ ഭീഷണിയാണ്. മരം ചരിഞ്ഞ് മതിൽ അപകട ഭീഷണിയിലായതിനാൽ നേരത്തെ സ്കൂൾ അധികൃതർ മരംമുറിക്കാനായി വനംവകുപ്പിന്റെ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. മരം അപകടഭീഷണി ഉയർത്തുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്.
മതിൽ രണ്ടടിയോളം നടപ്പാതയിലേക്ക് ചരിഞ്ഞതോടെ സ്കൂൾ അധികൃതർ വീണ്ടും വനംവകുപ്പിന്റെ മുന്നിലെത്തി. വനം ഉദ്യോഗസ്ഥർ സ്കൂളിലെത്തി മരത്തിന്റെ അപകടാവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തി. മുറിക്കാനായി ജില്ല പഞ്ചായത്തിന്റെ ട്രീ കമ്മിറ്റിയുടെ അനുമതിക്കായി വെച്ചിരിക്കുകയാണ്. അന്തിമതീരുമാനമാകുന്ന മുറക്ക് എത്രയുംവേഗം മരം മുറിച്ചുമാറ്റുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. അപകടസാധ്യത മുൻനിർത്തി നിലവിൽ നടപ്പാതയിൽ ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്.
താവക്കര യു.പി സ്കൂളിന് മുന്നിൽനിന്ന് തുടങ്ങുന്ന നടപ്പാത ഡി.ഐ.ജി ഓഫിസിന് മുന്നിലാണ് അവസാനിക്കുന്നത്. മഴ ശക്തമാകുന്നതിനുമുമ്പ് മരം മുറിച്ചുമാറ്റിയില്ലെങ്കിൽ വലിയ അപകടമാണ് നടക്കുക. സ്കൂൾ സമയത്ത് താവക്കര യു.പിയിലെയും സ്പോർട്സ് സ്കൂളിലെയും വിദ്യാർഥികൾ ഇതുവഴിയാണ് നടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.