മാലിന്യമുക്തമാകാനൊരുങ്ങി കണ്ണൂർ
text_fieldsകണ്ണൂർ: മാലിന്യമുക്ത ജില്ലയാവാനൊരുങ്ങി കണ്ണൂർ. മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിനായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തീകരണ ഘട്ടത്തിലാണ്. ഒക്ടോബർ രണ്ട് മുതൽ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 31വരെയുള്ള ആറുമാസത്തിനുള്ളിൽ മാലിന്യ മുക്തമെന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായുള്ള നിർവാഹക സമിതികൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും രൂപവത്കരിച്ചു. മാലിന്യ സംസ്കരണ മേഖലയിലെ വിവിധ പ്രവർത്തനങ്ങളുടെ വ്യത്യസ്ത മാതൃകകളുടെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തിൽ നടക്കും.
എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും മാലിന്യ മുക്തമാവാനുള്ള പദ്ധതികൾ ഒക്ടോബർ രണ്ടിന് തുടങ്ങണമെന്ന് സംസ്ഥാന സർക്കാർ കർശനമായി നിർദേശം നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളും ഈ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ തുടങ്ങി. പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണത്തോടൊപ്പം സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്കും പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ ഏതാണെന്ന് തദ്ദേശ നിർവഹണ സമിതികൾ യോഗം ചേർന്നാണ് തീരുമാനിക്കേണ്ടത്. ഓരോ പ്രദേശത്തും ജൈവ അജൈവ, ദ്രവ മാലിന്യങ്ങളും പ്രത്യേക മാലിന്യങ്ങളും സംസ്കരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ ഒരുക്കണം.
ബഹുജന ഇടപെടലിലൂടെ സമ്പൂർണ മാലിന്യ പരിപാലനം എന്നതാണ് ക്യാമ്പയിന്റെ ഉദ്ദേശ്യം. ജില്ലയിലെ സർക്കാർ കാര്യാലയങ്ങൾ, വിദ്യാലയങ്ങൾ, കോളജുകൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, മാർക്കറ്റുകൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ എന്നിവയെല്ലാം ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾ സംഘടിപ്പിക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സ്വയംസഹായ സംഘങ്ങൾ എന്നിവയെ ഹരിത അയൽകൂട്ടങ്ങളായി മാറ്റുന്ന പ്രവർത്തനങ്ങളും ഏറ്റെടുക്കും. ജില്ലയിൽ ആകെ 20003 കുടുംബശ്രീ അയൽക്കൂട്ടങ്ങളാണുള്ളത്.
ഇതിൽ ഒന്നാംഘട്ടമായി 2001 അയൽകൂട്ടങ്ങളെ നവംബർ ഒന്നിന് ഹരിത അയൽകൂട്ടങ്ങളായി പ്രഖ്യാപിക്കും. എല്ലാ പട്ടണങ്ങളെയും ശുചിത്വവും സുന്ദരവുമായ പട്ടണങ്ങളായി മാറ്റാനുള്ള തീവ്രശ്രമം വ്യാപാരികളുടെ സഹായത്തോടെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഹരിത പെരുമാറ്റ ചട്ടം പാലിച്ച് ചടങ്ങുകളും ആഘോഷങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കാൻ സ്ഥിരം സംവിധാനങ്ങൾ തദ്ദേശസ്ഥാപന തലത്തിൽ വിപുലമായ ശ്രമങ്ങൾ ഈ കാലയളവിൽ ഒരുക്കും.
ജില്ലയിലെ എല്ലാ കോളജുകളിലും ഗ്രീൻ ബ്രിഗേഡ് ഗ്രൂപ്പുകൾ രൂപവത്കരിക്കും. നിലവിൽ 13 കോളജുകളിലാണ് ഗ്രീൻ ബ്രിഗേഡുകൾ പ്രവർത്തിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ള ജയിലുകൾ ഹരിത ജയിലുകളായി മാറ്റാനുള്ള ശ്രമങ്ങൾക്കും ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ല തല സമിതി യോഗം ചേർന്ന് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.