കണ്ണൂർ സർവകലാശാല കലോത്സവത്തിന് ഇന്ന് തുടക്കം
text_fieldsകാസർകോട്: കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവം ബുധനാഴ്ച മുതൽ 11 വരെ മുന്നാട് പീപ്ൾസ് സഹകരണ ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും. കാസർകോട്, കണ്ണൂർ ജില്ലകളിലെയും വയനാട് ജില്ലയിലെ പകുതി ഭാഗത്തെയും 105 കോളജിൽനിന്നായി 6646 പ്രതിഭകൾ 141 ഇനങ്ങളിൽ മാറ്റുരക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മുന്നാട് പീപ്ൾസ് കോളജ്, മുന്നാട് ഗവ. ഹൈസ്കൂൾ, മുന്നാട് ടൗൺ എന്നിവിടങ്ങളിലാണ് വേദികൾ. തെരുവുനാടകം കുറ്റിക്കോൽ ടൗണിലും പൂരക്കളി മത്സരം പള്ളത്തിങ്കാലിലും നടക്കും.
ബുധനാഴ്ച സ്റ്റേജിതര മത്സരങ്ങൾ സാഹിത്യ അക്കാദമി അംഗവും നിരൂപകനുമായ ഇ.പി. രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് പി.വി. ഷാജികുമാർ മുഖ്യാതിഥിയാകും. ഒമ്പതിന് സ്റ്റേജിനങ്ങൾ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. നടൻ ഉണ്ണിരാജ് ചെറുവത്തൂർ, നടി ചിത്ര നായർ എന്നിവർ മുഖ്യാതിഥികളാകും. 11ന് സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. നടി ഗായത്രി വർഷ, സംവിധായകൻ ആമിർ പള്ളിക്കൽ എന്നിവർ മുഖ്യാതിഥികളാകും.
വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, സിൻഡിക്കേറ്റംഗം ഡോ. എ. അശോകൻ, ജനറൽ കൺവീനർ ബിവിൻ രാജ് പായം, കണ്ണൂർ സർവകലാശാല യൂനിയൻ ചെയർപേഴ്സൻ ടി.പി. അഖില, ജനറൽ സെക്രട്ടറി ടി. പ്രത്വിക്, വൈസ് ചെയർപേഴ്സൻ മുഹമ്മദ് ഫവാസ്, മുന്നാട് പീപ്ൾസ് കോളജ് പ്രിൻസിപ്പൽ ഡോ. സി.കെ. ലൂക്കോസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.