കണ്ണൂർ സർവകലാശാലക്ക് അന്താരാഷ്ട്ര അംഗീകാരം; യു.എസ് പേറ്റൻറ് നേടി ബയോടെക്നോളജി-മൈക്രോബയോളജി വിഭാഗം
text_fieldsകണ്ണൂർ: കാൻസർ ചികിത്സക്ക് സഹായകമായേക്കാവുന്ന കണ്ടുപിടിത്തത്തോടെ കണ്ണൂർ സർവകലാശാലക്ക് അന്താരാഷ്ട്ര അംഗീകാരം. യു.എസ് പേറ്റൻറ് നേടി ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വിഭാഗമാണ് അംഗീകാരത്തിെൻറ നിറവിലെത്തിയത്.
യുനൈറ്റഡ് സ്റ്റേറ്റ്സ് പേറ്റൻറ് ആൻഡ് ട്രേഡ് മാർക്ക് ഓഫിസിൽനിന്ന് ലഭിച്ച പേറ്റൻറിെൻറ പകർപ്പ് ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വിഭാഗം പ്രഫസർ ഡോ. എ. സാബു സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന് കൈമാറി. 10 വർഷത്തെ കഠിനാധ്വാനത്തിെൻറ ഫലമായിട്ടാണ് പ്രഫ. എ. സാബു, പ്രഫ. എം. ഹരിദാസ്, ഡോ. പ്രശാന്ത് ശങ്കർ എന്നിവരടങ്ങുന്ന സംഘം കാൻസർ കോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഫാറ്റി ആസിഡ് സിൻതെയ്സിെൻറ (എഫ്.എ.എസ്) പ്രവർത്തനത്തെ തടയുന്ന എൻസെയിം ഇൻഹിബിറ്ററിനെ (രാസാഗ്നി പ്രതിരോധം) രൂപപ്പെടുത്തിയെടുത്തത്.
കേരളത്തിലെ ഒരു ഗവേഷണ ലബോറട്ടറി കണ്ടെത്തിയ കാൻസർവിരുദ്ധ സാധ്യതയുള്ള ജൈവശാസ്ത്രപരമായ ഏതെങ്കിലും സംയുക്തത്തിന് ഇതിനുമുമ്പ് യു.എസ് പേറ്റൻറ് നൽകിയിട്ടില്ല. എഫ്.എ.എസ് ഇൻഹിബിറ്ററിനെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത മരുന്നുകൾക്ക് നിലവിൽ ഉപയോഗിക്കുന്ന മരുന്നുകളേക്കാൾ മികച്ച ഗുണങ്ങളുണ്ടാകുമെന്നതും കുറച്ച് പാർശ്വഫലങ്ങൾ കുറയുമെന്നതും കാൻസർ ചികിത്സക്ക് പുതിയ പ്രതീക്ഷ നൽകുന്നുവെന്ന് ഗവേഷക സംഘം മേധാവി പ്രഫ. എം. ഹരിദാസ് പറഞ്ഞു. നിലവിലെ കണ്ടുപിടിത്തത്തിന് യു.എസ് പേറ്റൻറ് ലഭിച്ചത് കണ്ണൂർ സർവകലാശാലക്ക് ഗവേഷണ മേഖലയിലെ മുൻനിര പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള മികച്ച അവസരമാണ് നൽകിയിരിക്കുന്നതെന്ന് ഡോ. എ. സാബു പറഞ്ഞു.
കേന്ദ്ര സർക്കാറിെൻറ മിനിസ്ട്രി ഓഫ് എർത്ത് സയൻസിെൻറ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണം പൂർത്തിയാക്കിയത്. കണ്ണൂരിലെ ഏഴര കടപ്പുറത്തുനിന്ന് ശേഖരിച്ച ഫോർമിഡിയം എന്ന സൈനോ ബാക്ടീരിയയിൽനിന്ന് (നീല ഹരിത ആൽഗകൾ) വേർതിരിച്ചെടുക്കുന്ന തന്മാത്രക്ക് ഫോർമിഡിൻ എന്നാണ് പേരിട്ടിരിക്കുന്നത്. കാൻസറിന് പുറമെ ക്ഷയം, അമിതവണ്ണം കുറക്കൽ എന്നിവക്കും സഹായകമാകുന്ന രീതിയിൽ തന്മാത്ര രൂപപ്പെടുത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് ഡോ. പ്രശാന്ത് ശങ്കർ പറഞ്ഞു. മലബാറിെൻറ തീരപ്രദേശങ്ങളിലെ ജൈവസമ്പത്തിന് ഇത്തരം ഗവേഷണ സാധ്യതകൾ ഏറെയാണ്.
വേണ്ടവിധം പ്രയോജനപ്പെടുത്തിയാൽ സമൂഹത്തിന് ഏറെ മുതൽക്കൂട്ടായിമാറുമെന്നും പ്രശാന്ത് പറഞ്ഞു. സിൻഡിക്കേറ്റംഗം ഡോ. വി.പി.പി. മുസ്തഫ, ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ഇ. ജയദേവി വാര്യർ, റിസർച് ഡയറക്ടർ ഡോ. ജോബി കെ. ജോസ്, രജിസ്ട്രാർ ഇൻചാർജ് ഇ.വി.പി. മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.