വ്യാജ രേഖകളെ തുരത്താൻ കണ്ണൂർ സർവകലാശാല
text_fieldsകണ്ണൂർ: വ്യാജരേഖകളെ കൈയോടെ പിടികൂടാൻ കണ്ടുപിടിത്തവുമായി കണ്ണൂർ സർവകലാശാല. ഫിസിക്സ് വിഭാഗം ഗവേഷകരാണ് അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച കണ്ടുപിടുത്തത്തിന് പിന്നിൽ. എൽസെവിയർ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ ജേണലായ മെറ്റീരിയൽസ് ടുഡേ കമ്യൂണിക്കേഷനിൽ (എം.ടി.സി) സർവകലാശാലയിലെ ഫിസിക്സ് പഠനവിഭാഗം മേധാവിയും റിസർച് ഗൈഡുമായ ഡോ. കെ.എം. നിസാമുദ്ധീൻ, ഗവേഷകരായ വി.പി. വീണ, സി.കെ. ശില്പ, എസ്.വി. ജാസിറ എന്നിവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചു.
നാനോ പെറോസ്കേറ്റ് ഫോസ്ഫർ (ലന്താനം ഡിസ്പ്രോസിയം മഗ്നീഷ്യം ടൈറ്റാനിയം ഡയോക്സൈഡ്) അടങ്ങിയ മിശ്രിതം എഴുതാനോ അച്ചടിക്കാനോ ഉള്ള മഷിയിൽ ഒരു നിശ്ചിത അളവിൽ കലർത്തുകയാണ് ഇതിനായി ചെയ്യുന്നത്. ഇത്തരത്തിൽ ചെയ്യുമ്പോൾ ഒറ്റനോട്ടത്തിൽ മാറ്റം ഒന്നും ഉണ്ടാകില്ലെങ്കിലും അൾട്രാ വയലറ്റ്, ഇൻഫ്രാ റെഡ് രശ്മികൾ പതിപ്പിക്കുമ്പോൾ അതിലുള്ള നാനോ കണങ്ങൾ വെള്ള, ചുവപ്പ് എന്നീ നിറങ്ങളിൽ തിളങ്ങും.
ഒറിജിനൽ സർട്ടിഫിക്കറ്റുകളും രേഖകളും തിരിച്ചറിയുന്നതിനുള്ള ആന്റി കൗണ്ടർഫീറ്റിങ് പ്രക്രിയകൾക്ക് സഹായകമാണ് ഈ കണ്ടെത്തൽ. കറൻസി പ്രിന്റിങ്ങിനുൾപ്പെടെ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. വ്യാജരേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടുന്നവർ ഇനി പാടുപെടുമെന്നുറപ്പ്. പാസ്പ്പോർട്ട്, സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകളുടെ വ്യാജന്മാരെയും പിടികൂടാനാവും. ഡിജിറ്റൽ കാലഘട്ടത്തിലെ പ്രധാന വെല്ലുവിളികളിലൊന്നായ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും ആധികാരികത ഉറപ്പുവരുത്താൻ ഈ കണ്ടെത്തൽ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.