കിരീടമുറപ്പിച്ച് പയ്യന്നൂർ കോളജ്
text_fieldsധർമടം: കലായൗവനം മഹോത്സവമാക്കിയ കണ്ണൂർ സർവകലാശാല കലോത്സവത്തിൽ കിരീടം ഉറപ്പിച്ച് പയ്യന്നൂർ കോളജ്. 246 പോയന്റോടെയാണ് പയ്യന്നൂർ ആധിപത്യം ഉറപ്പിച്ചത്. ആതിഥേയരായ ബ്രണ്ണൻ കോളജ് 225 പോയന്റോടെ രണ്ടാം സ്ഥാനത്താണ്. 218 പോയന്റുമായി കണ്ണൂർ എസ്.എൻ തൊട്ടുപിന്നിലുണ്ട്. കാസർകോട് ഗവ. കോളജ് 128 പോയന്റുമായി നാലാം സ്ഥാനത്താണ്.
21ാം തവണയാണ് പയ്യന്നൂർ കോളജ് സർവകലാശാല കലോത്സവ കിരീടം ഉറപ്പിക്കുന്നത്. 2003, 2008, 2011 വർഷങ്ങളിൽ മാത്രമാണ് പയ്യന്നൂരിന് കിരീടം നഷ്ടമായത്. ഞായറാഴ്ചയും മത്സരങ്ങൾ തുടങ്ങാൻ വൈകി.
ബ്രണ്ണൻ മൈതാനത്ത് രാവിലെ 11.30ന് തുടങ്ങേണ്ട ഗ്ലാമർ ഇനമായ ഒപ്പന ഉച്ചക്ക് 2.45 ഓടെയാണ് തുടങ്ങിയത്. ഉച്ചക്ക് തുടങ്ങേണ്ട ഓട്ടൻതുള്ളലും സ്കിറ്റും വൈകീട്ടോടെ തുടങ്ങി. ചമയവും ആടയാഭരണങ്ങളും അണിഞ്ഞ് മണിക്കൂറുകളോളമാണ് വിദ്യാർഥികൾക്ക് കാത്തുനിൽക്കേണ്ടി വന്നത്.
ഏറെനേറെ ഒന്നും കഴിക്കാത്തതിനാൽ നിർജലീകരണം കാരണവും കനത്ത ചൂടിലും നിരവധി മത്സരാർഥികൾ കുഴഞ്ഞുവീണു. ഇവരെ ആംബുലൻസിൽ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി. 10 വേദികളിലായി വിവിധ ഇനങ്ങളിൽ മാറ്റുരക്കാൻ 4972 വിദ്യാർഥികളാണ് ബ്രണ്ണനിൽ എത്തിയത്.
അഞ്ച് ദിവസങ്ങളിലായി നടന്ന കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവം സമാപന സമ്മേളനം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ കെ. സാരംഗ് അധ്യക്ഷത വഹിച്ചു.
കണ്ണൂർ സർവകലാശാല പ്രോവൈസ് ചാൻസലർ പ്രഫ. എ. സാബു മുഖ്യാതിഥിയായി. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. രാഖി രാഘവൻ, ഡോ. കെ.ടി. ചന്ദ്രമോഹൻ, സെനറ്റ് അംഗം പി.ജെ. സാജു, എ. അശ്വതി, കെ.വി. മഞ്ജുള, എൻ.കെ. രവി എന്നിവർ സംസാരിച്ചു.വൈഷ്ണവ് മഹേന്ദ്രൻ സ്വാഗതവും കെ.പി. വൈഷ്ണവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.