കണ്ണൂർ യൂനി. യൂനിയൻ: 'കാപിറ്റൽ' അക്ഷരം ഉപയോഗിച്ചതിന് പത്രിക തള്ളി!
text_fieldsകണ്ണൂർ: കാപിറ്റൽ അക്ഷരങ്ങൾ ഉപയോഗിച്ചുവെന്ന വിചിത്ര കാരണത്തിന് കണ്ണൂർ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളി. തലശ്ശേരി ഗവ. കോളജിൽ പി.ജി റപ്രസന്റേറ്റിവ് സ്ഥാനത്തേക്ക് എസ്.ബി.എൻ. ഫാത്തിമയുടെ പത്രികയാണ് തള്ളിയത്.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാനാർഥിയാണ് എം.എസ്സി കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിനിയായ ഫാത്തിമ. നാമനിർദേശ പത്രിക പൂരിപ്പിച്ചപ്പോൾ മത്സരിക്കുന്ന പദവി 'ദി പി.ജി റപ്രസന്റേറ്റിവ്' എന്നത് ഇംഗ്ലീഷിൽ കാപിറ്റൽ അക്ഷരത്തിൽ എഴുതിയതിനാൽ പത്രിക തള്ളുന്നുവെന്നാണ് റിട്ടേണിങ് ഓഫിസർ സി.ആർ. രചിതയുടെ ഉത്തരവ്. എസ്.എഫ്.ഐക്ക് എതിരില്ലാതെ ജയിക്കാൻ റിട്ടേണിങ് ഓഫിസറുടെ അട്ടിമറിയാണിതെന്നാണ് ആക്ഷേപം. പ
ത്രിക തള്ളുന്നതിന് കൃത്യമായ നിയമാവലി ഉണ്ടായിരിക്കെ, അതിലൊന്നും പറയാത്ത കാര്യം പറഞ്ഞാണ് പത്രിക തള്ളിയതെന്ന് ഫാത്തിമ പറഞ്ഞു. രാഷ്ട്രീയ താൽപര്യം മുൻനിർത്തി ഇത്തരം തീരുമാനമെടുത്തവർക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. പത്രിക അകാരണമായി തള്ളിയ കോളജ് അധികൃതരുടെ നടപടി ജനാധിപത്യ വിരുദ്ധവും ലിങ്ദോ കമീഷൻ നിബന്ധനകളുടെയും കണ്ണൂർ യൂനിവേഴ്സിറ്റി തെരഞ്ഞെടുപ്പ് മാന്വലിലെ ശിപാർശകളുടെയും ലംഘനമാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി.
മറ്റുള്ളവർക്ക് ഇടം നൽകാത്ത എസ്.എഫ്.ഐയുടെ ജനാധിപത്യ കശാപ്പിനെ പൂർണമായും പിന്തുണക്കുന്നതാണ് റിട്ടേണിങ് ഓഫിസറുടെ നടപടി. മേൽവിഷയത്തിൽ ഫ്രറ്റേണിറ്റി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. ജില്ല പ്രസിഡന്റ് ലുബൈബ് ബഷീർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.