കണ്ണൂർ സർവകലാശാലയുടെ സ്വന്തം ട്രീസ
text_fieldsകണ്ണൂർ: പഠനേതര വിഷയങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച വിദ്യാര്‍ഥികളെ കണ്ടെത്തി പഠനത്തിനും പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കാനായി കണ്ണൂര്‍ സര്‍വകലാശാല ആരംഭിച്ച വിദ്യാർഥി ദത്ത് എടുക്കൽ പദ്ധതിപ്രകാരം അന്തര്‍ദേശീയ ബാഡ്മിൻറൺ താരം ട്രീസ ജോളിക്ക് തലശ്ശേരി ബ്രണ്ണന്‍ കോളജിൽ ബി.ബി.എക്ക് പ്രവേശനം നൽകി. 2021-22 അധ്യയന വര്‍ഷം മുതൽ ആരംഭിക്കുന്ന പദ്ധതി കായികം, സാംസ്കാരികം, മെറിറ്റ്, ഭിന്നശേഷി/ ആദിവാസി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി അര്‍ഹരായ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
ട്യൂഷന്, പരീക്ഷ ഫീസുകൾ ഒഴിവാക്കി നല്‍കുന്നതിനൊപ്പം, പരിശീലനത്തിനടക്കം ആവശ്യമായ ധനസഹായവും സര്‍വകലാശാല ലഭ്യമാക്കും. പരിശീലനം, മത്സരങ്ങൾ തുടങ്ങിയവക്കായി നഷ്ടമാകുന്ന ഹാജർ കാര്യത്തിലും പ്രത്യേക ഇളവ് നല്‍കും. മത്സരങ്ങള്‍ മൂലം പരീക്ഷ സമയത്ത് ഹാജരാകാനായില്ലെങ്കില്‍, പ്രത്യേകം പരീക്ഷ നടത്തും. വിദ്യാര്‍ഥി ദത്തെടുക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കല്‍ സര്‍വകലാശാലാ ആസ്ഥാനത്ത് നടന്നു. വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന് കരാര്‍ ഏറ്റുവാങ്ങി. േപ്രാ വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.എ. സാബു, കായിക വിഭാഗം മേധാവി ഡോ. അനില്‍ രാമചന്ദ്രൻ, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.ടി.പി. അഷ്റഫ്, ഡോ.എ. അശോകൻ തുടങ്ങിയവര്‍ പങ്കെടുത്തു.
പുളിങ്ങോത്തെ തൈക്കല്‍ ജോളിയുടെയും ഡെയ്സിയുടെയും മകളായ ട്രീസ, 14ാം വയസ്സിൽ തന്നെ ഷട്ടിൽ ബാഡ്മിൻറൺ സംസ്ഥാന സീനിയര്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഡിസംബര്‍ നാലിന് അവസാനിച്ച വെല്‍ഷ് ഇൻറര്‍നാഷനൽ ബാഡ്മിൻറൺ ചാമ്പ്യന്‍ഷിപ്പിൽ വനിത ഡബിള്‍സ് വിഭാഗത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ലോക ജൂനിയര്‍ ബാഡ്മിൻറൺ റാങ്കിങ്ങില്‍ സിംഗിള്‍സിലും ഡബിള്‍സിലും എട്ടാംറാങ്കുകാരിയാണ് ട്രീസ. ഈ വര്‍ഷം ഡെന്മാര്ക്കിൽ നടന്ന ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനംചെയ്തു. കണ്ണൂര്‍ സര്‍വകലാശാല കായികവിഭാഗം മേധാവി ഡോ. അനില്‍ രാമചന്ദ്രെൻറ മേല്‍നോട്ടത്തിൽ നാലര വര്‍ഷത്തോളം പരിശീലനം നടത്തിയ ട്രീസ ഇപ്പോൾ ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയുടെ ഭാഗമായി ഗോപീചന്ദ് അക്കാദമിയിലാണ് പരിശീലനം നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.