കണ്ണൂർ വി.സി: ഗവർണർ ചോദിച്ച സെർച് കമ്മിറ്റി പ്രതിനിധി ഉടനില്ല
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ തെരഞ്ഞെടുക്കുന്നതിനുള്ള സെർച് കമ്മിറ്റി പ്രതിനിധി ഉടനുണ്ടാവില്ല. സെനറ്റ് തെരഞ്ഞെടുപ്പ് പൂർത്തിയായശേഷം ചാൻസലറുടെ കത്ത് പരിഗണിച്ചാൽ മതിയെന്ന് സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇക്കാര്യം ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കും.
പ്രത്യേക സെനറ്റ് യോഗം ചേർന്നാണ് സെർച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടത്. സെനറ്റ് സംവിധാനം നിലവിലില്ലാത്തതിനാലും ഇതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതിനാലും പ്രതിനിധിയെ തെരഞ്ഞെടുക്കാനാവില്ല. അതിനാൽ, ഗവർണറുടെ കത്തിലെ ആവശ്യം തൽക്കാലം നടപ്പാക്കാൻ കഴിയില്ലെന്നാണ് സിൻഡിക്കേറ്റ് നിലപാട്.
സെർച് കമ്മിറ്റി പ്രതിനിധിയെ ഉടൻ തീരുമാനിച്ച് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകൾക്കു മുമ്പാണ് ചാൻസലർ സർവകലാശാലക്ക് കത്തയച്ചത്. ചാൻസലറുടെ കത്ത് വി.സി സിൻഡിക്കേറ്റിന്റെ പരിഗണനക്ക് വിടുകയും ചെയ്തു. ചൊവ്വാഴ്ച നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിഷയം അജണ്ടായി ചർച്ചക്കു വന്നു. സെനറ്റ് നിലവിൽവരട്ടെയെന്നും ശേഷം കത്ത് പരിഗണിക്കാമെന്നും യോഗം ഐകകണ്ഠ്യേന തീരുമാനമെടുത്തു.
സെനറ്റിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സെനറ്റ് നിലവിൽവരാൻ മാസങ്ങളെടുക്കും. സിൻഡിക്കേറ്റ് തീരുമാനത്തിൽ ഗവർണർ എടുക്കുന്ന തീരുമാനം നിർണായകമാവും.
ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് കണ്ണൂർ സർവകലാശാലയിൽ വി.സിയുടെ ഒഴിവ് വന്നത്. കുസാറ്റിലെ സീനിയർ പ്രഫ. ഡോ. എസ്. ബിജോയ് നന്ദനെയാണ് താൽക്കാലിക വി.സിയായി ചാൻസലർ നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.