മലയോരത്തും ലോകകപ്പ് ആരവം
text_fieldsഇരിട്ടി: ഖത്തർ ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ലോകകപ്പ് ആവേശത്തിലാണ് മലയോരവും.
മലയോരത്തെ ഫുട്ബാളിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന കോളിക്കടവ് ഗ്രാമത്തിലാണ് ലോകകപ്പ് ആരവം അലയടിക്കുന്നത്. വിവിധ കളിക്കാരുടെ കട്ടൗട്ടുകൾ കൊണ്ടും കൊടിതോരണങ്ങൾകൊണ്ടും നാട് മുഴുവൻ അലങ്കരിച്ചിരിക്കുകയാണ്. ഇവിടത്തെ ആബാലവൃദ്ധരും ഫുട്ബാൾ ലഹരിയിലാണ്.
ബ്രസീൽ, അർജന്റീന, പോർചുഗൽ ആരാധകരാണ് കൂടുതലും. അതുകൊണ്ടു തന്നെ ബ്രസീലിന്റെയും അർജൻറീനയുടെയും പോർചുഗലിന്റെയും പതാകകളും നിറങ്ങളുംകൊണ്ട് അലംകൃതമാണ് കോളിക്കടവും മലയോര ഗ്രാമങ്ങളും. ഇരിട്ടിയിൽനിന്ന് മാടത്തിൽ വഴി എടൂർ ഭാഗത്തേക്ക് പോകുന്ന കോളിക്കടവ് പാലത്തിന്റെ ഇരുവശവുമുള്ള കൈവരിയിൽ ബ്രസീലിന്റെയും അർജൻറീനയുടെയും പതാകകളാണ് നമ്മെ സ്വാഗതം ചെയ്യുക. ബാരാപോൾ പുഴ വളപട്ടണം പുഴയിലേക്ക് ഒഴുകുന്നത് ഈ ഗ്രാമത്തിലൂടെയാണ്. ഈ പുഴക്ക് കുറുകെയുള്ള പാലം ബ്രസീലും അർജൻറീനയും കീഴടക്കി കഴിഞ്ഞു. കോളിക്കടവ് വായനശാല ടൗണിലേക്ക് പ്രവേശിക്കുമ്പോൾ സ്വാഗതമോതുന്നത് കൂറ്റൻ ഫ്ലക്സുകൾ ആണ്.
പിന്നെ മുകളിൽ നീലയും പച്ചയും ഉൾപ്പെടെയുള്ള നിറങ്ങളിൽ ഇഷ്ടരാജ്യങ്ങളുടെ പതാകകൾ പാറിപ്പറക്കുന്നു. ഇതിനിടയിൽ പറങ്കിപ്പടയുടെ ഫ്ലക്സും റൊണാൾഡോയുടെ കട്ടൗട്ടും ഉണ്ട്.
ഈ പ്രദേശത്തെ വൈദ്യുതി തൂണുകളും റോഡുകളും ആരാധകസംഘം ഏറ്റെടുത്തുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.