കണ്ണൂരിനെ ഇലക്ട്രോണിക് കമ്പോണന്റ് ഹബാക്കും –വ്യവസായ മന്ത്രി
text_fieldsമാങ്ങാട്ടുപറമ്പ്: കണ്ണൂരിനെ ഇലക്ട്രോണിക് കമ്പോണന്റുകളുടെ ഹബ് ആക്കി മാറ്റുമെന്ന് വ്യവസായ-നിയമവകുപ്പ് മന്ത്രി പി. രാജീവ്. ധർമശാലയിൽ കെൽട്രോൺ കമ്പോണന്റ് കോംപ്ലക്സ് ലിമിറ്റഡിന്റെ (കെ.സി.സി.എൽ) എം.പി.പി റെക്ടാംഗുലർ കപ്പാസിറ്റർ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ പാസീവ് കമ്പോണന്റുകളാണ് കെ.സി.സി.എൽ ഉൽപാദിപ്പിക്കുന്നത്. ആക്ടീവ് കമ്പോണന്റുകൾ കൂടി ഉൽപാദിപ്പിച്ച് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹബായി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
2023 ഏപ്രിലോടെ കെ.സി.സി.എൽ ഉൽപാദിപ്പിക്കുന്ന സൂപ്പർ കപ്പാസിറ്ററുകളുടെ നിർമാണം പൂർത്തീകരിക്കും. 1000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമാക്കി കെൽട്രോണിനെ ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഒന്നരവർഷത്തിനുള്ളിൽ 120 പേരെ കെൽട്രോണിൽ റിക്രൂട്ട് ചെയ്തു. കണ്ണൂർ കെൽട്രോണിലെ 60ഓളം ഒഴിവുകൾ മൂന്ന് മാസത്തിനകം നികത്തുമെന്നും മന്ത്രി പറഞ്ഞു.
സിലിണ്ട്രിക്കൽ ആകൃതിയിലുള്ള കപ്പാസിറ്ററുകളിൽനിന്ന് മാറി ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കെ.സി.സി.എൽ പുതുതായി നിർമിച്ച മോട്ടോർ റൺ റെക്ടാംഗുലർ കപ്പാസിറ്ററുകൾ മന്ത്രി പുറത്തിറക്കി.
എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായി. ആന്തൂർ നഗരസഭാധ്യക്ഷൻ പി. മുകുന്ദൻ, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ, കെൽട്രോൺ ചെയർമാൻ എൻ. നാരായണമൂർത്തി, ഡയറക്ടർ ഒ.വി. നാരായണൻ, മാനേജിങ് ഡയറക്ടർ കെ.ജി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.