കടലോളം കാഴ്ചകൾ കാണാം; കണ്ണൂരിൽ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് മുഴപ്പിലങ്ങാട് ബീച്ചിൽ
text_fieldsകണ്ണൂർ: സാഹസിക ടൂറിസത്തിന്റെ ഭാഗമായി ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ തുടങ്ങി. പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വെഡ്ഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ കുടുംബങ്ങൾ വിവാഹം നടത്താനായി കേരളത്തെയാണ് തിരഞ്ഞെടുക്കുന്നത്. ഇത് കേരളത്തിന് ലഭിക്കുന്ന അംഗീകാരമാണ്. 2022ൽ ഒന്നര കോടിയലധികം ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിലേക്ക് എത്തി. കേരളത്തിലെ ജനങ്ങളുടേത് മതനിരപേക്ഷ മനസാണ്. കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ ജനങ്ങളാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ തീരദേശ-സാഹസിക ടൂറിസ പദ്ധതികൾ നടപ്പാക്കി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്താണ് ടൂറിസം വകുപ്പിന് കീഴിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് അഥവാ പൊങ്ങി ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരിക്ക് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തുടക്കം കുറിച്ചത്.
ഒരാഴ്ച മുന്നേ ബ്രിഡ്ജ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരുന്നെങ്കിലും മന്ത്രിയുടെ വരവിനായി നീട്ടുകയായിരുന്നു. നിരവധിയാളുകൾ ഇതോടെ കയറാനാകാതെ മടങ്ങിയിരുന്നു. കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ ഉതകുന്നരീതിയിൽ പാലം ഒരുക്കിയത് തൂവൽ തീരം അമ്യൂസ്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം.
120 രൂപയാണ് പ്രവേശന ഫീസ്. ഇതിനെതിരെ സഞ്ചാരികളിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, അംഗങ്ങളായ കെ.വി ബിജു, കോങ്കി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. സജിത (മുഴപ്പിലങ്ങാട്), എൻ.കെ രവി (ധർമടം), മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ എന്നിവർ സംസാരിച്ചു.
ഫ്ലോട്ടിങ് ബ്രിഡ്ജിൽ പഴുതടച്ച സുരക്ഷ
പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷബോട്ടുകളും ലൈഫ് ജാക്കറ്റുകളും കൂടാതെ ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവുമുണ്ട്. പാലത്തിനെ, 700 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചു നിർത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. ഫൈബർ എച്ച്.പി.ഡി.ഇ നിർമിത പാലത്തിൽ ഇന്റർലോക്ക് കട്ടകൾ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടൽ പരപ്പിന് മുകളിൽ യാത്ര ചെയ്യാനുതകുന്ന രീതിയിൽ സഞ്ചാരികൾക്കായി ഫ്ലോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത്. മൂന്ന് മീറ്റർ വീതിയിൽ രണ്ടുഭാഗത്തും സ്റ്റീൽ കൈവരികളോടെ നിർമിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിൽ സൈറ്റ് സീയിങ് പ്ലാറ്റ്ഫോമും നിർമിച്ചിട്ടുണ്ട്. ഇതിൽനിന്നും കടലിന്റെ ആവാസ വ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാം.
അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശനം അനുവദിക്കില്ല. ഒരേസമയം 100 പേർക്ക് മാത്രമാണ് പ്രവേശനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.